ന്യൂസ് ഡെസ്ക്. മലയാളം യുകെ
യുകെയിലെ മലയാളി അസ്സോസിയേഷനുകളിൽ മുൻനിരയിൽ നിൽക്കുന്ന കീത്തിലി മലയാളി അസ്സോസിയേഷൻ്റെ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും ഓണാഘോഷവും സംയുക്തമായി ആഘോഷിച്ചു. സെപ്റ്റംബർ 13 ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് കീത്തിലി വിക്ടോറിയാ ഹാളിൽ അസ്സോസിയേഷൻ വൈസ് പ്രസിഡൻ്റ് ഡോ. അഞ്ചു ഡാനിയേലിൻ്റെ പ്രാർത്ഥനാ ഗാനത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. കീത്തിലി മലയാളി അസ്സോസിയേഷൻ്റെ ചുറ്റുപാടുമുള്ള യോർക്ഷയറിലെ മിക്ക അസ്സോസിയേഷനുകളുടെ പ്രസിഡൻ്റുമാർ ആഘോഷ പരിപാടിയിൽ അതിഥികളായെത്തിയത് ശ്രദ്ധേയമായി.യുക്മ നാഷണൽ വൈസ് പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയേൽ, യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റീജിയണൽ പ്രസിഡൻ്റ് അമ്പിളി സെബാസ്റ്റ്യൻ, ലീഡ്സ് മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് വിനീത എബി, കമ്മറ്റിയംഗം രെഞ്ചിൻ പ്രകാശ്, യോർക്ഷയർ കേരള കമ്മ്യൂണിറ്റി പ്രസിഡൻ്റ് ബിനോയ് അലക്സ്, വെസ്റ്റ് യോർക്ഷയർ മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് സിബി മാത്യൂ എന്നിവരുടെ മഹനീയ സാന്നിധ്യം ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി.
കീത്തിലി മലയാളി അസ്സോസ്സിയേഷൻ പ്രസിഡൻ്റ് ഷിബു മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ ആഘോഷ പരിപാടികൾക്ക് ഔദ്യോഗിക തുടക്കമായി. യുക്മ നാഷണൽ വൈസ് പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയേൽ, കീത്തിലി മലയാളി അസ്സോസിയേഷൻ്റെ പ്രഥമ പ്രസിഡൻ്റ് ഡോ. സുധിൻ ഡാനിയേൽ, യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റീജിയണൽ പ്രസിഡൻ്റ് അമ്പിളി സെബാസ്റ്റ്യൻ, കീത്തിലി മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് ഷിബു മാത്യൂ, സെക്രട്ടറി ടോം ജോസഫ് എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി കീത്തിലി മലയാളി അസ്സോസിയേഷൻ്റെ ഓണാഘോഷവും പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും നിർവ്വഹിച്ചു. കീത്തിലി മലയാളി അസ്സോസിയേഷനിലെ മുൻകാല പ്രസിഡൻ്റുമാരും നിലവിലെ കമ്മറ്റിയംഗങ്ങളും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു.
യുക്മ നാഷണൽ വൈസ് പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയേൽ ഉൾപ്പെടെ മറ്റ് അസ്സോസിയേഷനിലെ പ്രസിഡൻ്റുമാരും കീത്തിലി മലയാളി അസ്സോസിയേഷൻ ട്രസ്റ്റിമാർക്ക് വേണ്ടി അലക്സ് എബ്രാഹവും ആശംസാപ്രസംഗങ്ങൾ നടത്തി. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം അസ്സോസിയേഷൻ സ്ഥാപക പ്രസിഡൻ്റ് ഡോ. സുധിൻ ഡാനിയേൽ സന്ദേശം നൽകി. തുടർന്ന് കീത്തിലി മലയാളി അസ്സോസിയേഷൻ്റെ പതിനഞ്ച് വർഷത്തെ ഓർമ്മൾ പുതുക്കുന്ന ചിത്രങ്ങൾ സ്ക്രീനിൽ തെളിഞ്ഞു. അസ്സോസിയേഷനിലെ ഓരോ വ്യക്തികളുടെയും രൂപത്തിലും ഭാവത്തിലും വന്ന മാറ്റങ്ങൾ നിറ കൈയ്യടിയോടെയാണ് കാണികൾ സ്വീകരിച്ചത്. തുടർന്ന് അസ്സോസിയേഷനിൽ പുതുതായി അംഗമായവരെ പരിചയപ്പെടുത്തുന്ന ചടങ്ങായിരുന്നു. അമ്പതിൽപ്പരം കുടുംബങ്ങളാണ് അസ്സോസിയേഷനിൽ പുതുതായി എത്തിയത്. എല്ലാവരുടെയും ചിത്രങ്ങൾ മെഗാ സ്ക്രീനിൽ പ്രദർശിപ്പിച്ച് അസ്സോസിയേഷനിലെ എല്ലാ മെമ്പേഴ്സിനേയും പരസ്പരം പരിചയപ്പെടുത്തി. പുതിയതെന്നോ പഴയതെന്നോ യാതൊരു വ്യത്യാസവുമില്ലാതെ എല്ലാവരെയും ഒരു കുടക്കീഴിൽ അണിനിരത്തിയ ആഘോഷമാണ് കാണാൻ കഴിഞ്ഞത്. ഡോ. അഞ്ചു ഡാനിയേൽ, ഷിജു പൂണോലി, സോജൻ മാത്യൂ എന്നിവർ ചേർന്ന ടീം സ്റ്റേജ് കോംബിയറിംഗിലൂടെ കാണികളെ ആവേശത്തിമിർപ്പിലാക്കി.
ഔദ്യോഗീക പരിപാടികൾക്ക് ശേഷം ഡോ. അഞ്ചു ഡാനിയേലിൻ്റെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ മെഗാ തിരുവാതിര നടന്നു. അസ്സോസിയേഷനിലെ ഇരുപതിൽപ്പരം പേർ ശ്രുതിയും താളവും തെറ്റാതെ നൃത്തച്ചുവടുവെച്ചപ്പോൾ കാണികൾ ഒന്നടങ്കം നിറ കൈയ്യടിയോടെയാണ് മെഗാ തിരുവാതിരയെ വരവേറ്റത്. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യ നടന്നു. 24 കൂട്ടം കറികളും രണ്ടുതരം പായസവുമടങ്ങിയ ഓണസദ്യ ആസ്വദിച്ചത് മുന്നൂറോളം ആളുകളാണ്. ഓണസദ്യയ്ക്കു ശേഷം അസ്സോസിയേഷനിലെ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ സ്‌റ്റേജിൽ അരങ്ങേറി. ബോളിവുഡ് ഡാൻസുകൾ, കോമഡി സ്കിറ്റുകൾ അങ്ങനെ നീളുന്ന കലാപരിപാടികൾ ഓണാഘോഷ പരിപാടികൾക്ക് മാറ്റ് കൂട്ടി.2010ൽ നാൽപ്പതോളം കുടുംബങ്ങളുടെ ബലത്തിൽ രൂപം കൊണ്ട കീത്തിലി മലയാളി അസ്സോസിയേഷൻ്റെ അംഗബലം നൂറ് കുടുംബങ്ങൾക്ക് മുകളിലായി. കഴിഞ്ഞ കാല കമ്മറ്റികളുടെ നിസ്വാർത്ഥമായ കൂട്ടായ പ്രവർത്തനത്തിൻ്റെ ഫലമാണിതെന്ന് വ്യക്തമാണ്. അസ്സോസിയേഷനിലെ എല്ലാ മെമ്പേഴ്സിനും തുല്യ പ്രാതിനിധ്യവും പരിഗണനയും കൊടുത്തു കൊണ്ട് അരങ്ങേറിയ ഓണോത്സവത്തിന് വൈകിട്ട് അറ് മണിയോടെ തിരശ്ശീല വീണു.
Leave a Reply