വർഷങ്ങളായി കേരളത്തിൽ നിന്നും യു കെ യുടെ മണ്ണിലേക്ക് കുടിയേറി പാർത്ത പതിനായിരത്തോളം കുടുംബങ്ങളെ ഉൾക്കൊള്ളുന്നതാണ് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത. ജനിച്ചുവളർന്ന നാടിനേയും കുടുംബക്കാരെയും പ്രിയ സുഹൃത്തുക്കളേയും നാട്ടുകാരേയുമൊക്കെ വിട്ടിട്ട് പുതിയ മണ്ണിൽ വേരുറയ്‌ക്കാനുള്ള തത്രപ്പാടിൽ ഈ കുടുംബങ്ങൾ കടന്നുപോകുന്നത് വളരെ ബുദ്ധിമുട്ടേറിയ ജീവിതാനുഭവങ്ങളിലൂടെയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ, ജോലി കണ്ടത്താനുള്ള ബുദ്ധിമുട്ടുകൾ, കണ്ടെത്തിയ ജോലി സ്ഥിരപ്പെടുത്താനുള്ള ബുദ്ധിമുട്ടുകൾ, സഹപ്രവർത്തകരിൽ നിന്നും അധികാരികളിൽ നിന്നും നേരിടേണ്ടി വരുന്ന വംശീയാധിക്ഷേപങ്ങൾ, ബുള്ളിയിങ്, അവഗണനകൾ, ഒറ്റപ്പെടുത്തലുകൾ എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ. വിസ ക്യാൻസലാവുമോ, തിരിച്ചുപോകേണ്ടിവരുമോ, അങ്ങനെ വന്നാലുള്ള സാമ്പത്തിക പ്രശ്നങ്ങൾ തുടങ്ങിയവ വേറെ. പെട്ടെന്നുണ്ടാകുന്ന ഗുരുതരമായ അസുഖങ്ങളും മരണങ്ങളും ഏൽപ്പിക്കുന്ന ആഘാതങ്ങൾ വളരെ വലുതാണ്. കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ ഇതിലും സങ്കീർണമാണ്. കുട്ടികളിലും യുവതലമുറയിലുമുള്ള മാനസിക സംഘർഷങ്ങളും രോഗങ്ങളും മയക്കമരുന്നിലേക്കും ചീത്ത കൂട്ടുകെട്ടുകളിലേയ്ക്കും അക്രമവാസനയിലേയ്ക്കും കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നത് നാം കാണാറുമുണ്ട്.
ഈ സാഹചര്യത്തിലാണ് അനേക വർഷങ്ങളായി മനഃശാസ്ത്രജ്ഞനായി സേവനമനുഷ്ഠിച്ച് ഈ വിഷയങ്ങളിൽ അഗാധമായ അറിവും പ്രവർത്തി പരിചയവും നേടിയിട്ടുള്ള ഡോക്ടർ മാത്യൂ ജോസഫ് പ്രവാസി സമൂഹത്തിൽ കാണപ്പെടുന്ന ഇത്തരം മാനസിക സംഘർഷങ്ങളെ കത്തോലിക്കാ വിശ്വാസത്തിൽ അധിഷ്ഠിതമായി എങ്ങനെ പ്രതിരോധിക്കാം, അതിനായി നമ്മുടെ മനസ്സുകളെ എങ്ങനെ ശക്തിപ്പെടുത്താം, ദുർബലമനസുള്ളവർക്ക് എങ്ങനെ മനോധൈര്യം നേടാം എന്നിങ്ങനെ അനുദിനജീവിതത്തിൽ പ്രവർത്തികമാക്കാവുന്ന ചെറിയ ചെറിയ അറിവുകളും ശീലങ്ങളും പങ്കുവയ്ക്കുന്നു. എപ്പോഴാണ് ഒരു പ്രൊഫഷണൽ സൈക്കോളജിസ്റ്റിനെ അഥവാ സൈക്കാർട്ടിസ്റ്റിനെ സമീപിക്കേണ്ടത്, എങ്ങനെയാണ് ജീവിതപങ്കാളിയിൽ അഥവാ കുട്ടികളിൽ മാനസികബുദ്ധിമുട്ടുകൾ നേരത്തേ കണ്ടെത്താൻ സാധിക്കുക? അങ്ങനെയുള്ള അവസരങ്ങളിൽ അവരെ എങ്ങിനെ സഹായിക്കാം എന്നിങ്ങനെ നാം അറിഞ്ഞിരിക്കേണ്ടതും നമുക്ക് പ്രയോജനപ്പെടുന്നതുമായ പല പ്രധാനവിഷയങ്ങളും ചർച്ച ചെയ്യപ്പെടും.
ക്ലാസ്സുകളുടെ അവസാനം മനഃശാസ്ത്ര വിദഗ്ദ്ധനോടു ചോദ്യങ്ങൾ ചോദിച്ച് സംശയനിവാരണം വരുത്തുന്നതിനും അവസരമുണ്ടായിരിക്കുന്നതാണ്. ഗ്രേറ്റ് ബ്രിട്ടൺ രൂപത എല്ലാ വിശ്വാസികൾക്കുമായി ഒരുക്കിയിരിക്കുന്ന ഈ ക്ലാസ്സിലേക്കും ചോദ്യോത്തരപരിപാടിയിലേക്കും എല്ലാവരേയും സ്വാഗതം ചെയ്യുന്നു.
മെയ് ഇരുപത്തിനാലാം തീയതി രാത്രി എട്ട് മുപ്പതിന് ആരംഭിക്കുന്ന ഓൺലൈൻ ക്ലാസിൽ സൗജന്യമായി പങ്കെടുക്കാവുന്നതാണ്. zoom ലിങ്ക് പ്രോഗ്രാം അറിയിപ്പിൽ ചേർത്തിരിക്കുന്നത് ശ്രദ്ധിക്കുക.
Leave a Reply