രാജ്യസഭാധ്യക്ഷൻ എന്നനിലയിൽ ഏകപക്ഷീയമായി പെരുമാറുന്നുവെന്നാരോപിച്ച് ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകറിനെ നീക്കാൻ ഇന്ത്യസഖ്യത്തിന്റെ രാഷ്ട്രീയ നീക്കം.

ഉപരാഷ്ട്രപതിയെ നീക്കാനുള്ള പ്രമേയത്തിന് അവതരണാനുമതി തേടി ചൊവ്വാഴ്ച രാജ്യസഭയിൽ നോട്ടീസ് നൽകി. ഉപരാഷ്ട്രപതിയെ നീക്കാൻ നോട്ടീസ് നൽകുന്നത് ചരിത്രത്തിലാദ്യമായാണ്. പ്രമേയത്തിന് രാജ്യസഭയുടെയും ലോക്‌സഭയുടെയും അനുമതി വേണമെന്നിരിക്കേ നിലവിലെ പ്രതിപക്ഷ അംഗബലമുപയോഗിച്ച് ഉപരാഷ്ട്രപതിയെ നീക്കൽ അസാധ്യമാണ്‌.

ഉപരാഷ്ട്രപതിയെ നീക്കുന്ന പ്രമേയത്തിന് 14 ദിവസംമുൻപ് നോട്ടീസ് നൽകണമെന്നിരിക്കേ ഈമാസം 20-ന് അവസാനിക്കുന്ന ശീതകാല സമ്മേളനത്തിൽ ഇതുവരില്ലെന്നുറപ്പായി. പ്രതിപക്ഷ പാർട്ടികൾക്കിടയിലെ അസ്വാരസ്യങ്ങൾക്കിടെ ‘ഇന്ത്യസഖ്യ’ത്തിന്റെ ഐക്യം ഉറപ്പിക്കാനുള്ള രാഷ്ട്രീയ നീക്കംകൂടിയാണ് നോട്ടീസിലൂടെ ലക്ഷ്യമിട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അറുപതോളം രാജ്യസഭാംഗങ്ങൾ ഒപ്പുവെച്ച നോട്ടീസാണ് കോൺഗ്രസ് നേതാക്കളായ ജയറാം രമേഷും നാസീർ ഹുസൈനും രാജ്യസഭാ സെക്രട്ടറിജനറൽ പി.സി. മോദിക്ക് നൽകിയത്. കോൺഗ്രസിനുപുറമേ തൃണമൂൽ കോൺഗ്രസ്, എ.എ.പി., ഡി.എം.കെ., ആർ.ജെ.ഡി., സി.പി.എം., ജെ.എം.എം., സി.പി.ഐ. അംഗങ്ങളാണ് ഒപ്പുവെച്ചത്. രാജ്യസഭയിലെ പ്രതിപക്ഷനേതാവായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരും പ്രതിപക്ഷ പാർട്ടികളുടെ സഭയിലെ കക്ഷിനേതാക്കളും ഒഴികെയുള്ളവരാണ് ഒപ്പിട്ടത്.

ഉപരാഷ്ട്രപതിയെ നീക്കുന്നതിനെക്കുറിച്ച് ഭരണഘടനയുടെ 67-ബി അനുച്ഛേദത്തിലാണ് പറയുന്നത്. രാജ്യസഭയിലെ ആകെ അംഗങ്ങളിലെ ഭൂരിപക്ഷവും ലോക്‌സഭയിൽ അപ്പോഴുള്ള അംഗങ്ങളിലെ ഭൂരിപക്ഷവും പ്രമേയത്തെ പിന്തുണയ്ക്കണം. പ്രമേയാവതരണത്തിനുള്ള നോട്ടീസ് 14 ദിവസംമുൻപ് നൽകണം. അതേസമയം, എന്തെല്ലാം കാരണത്താൽ ഉപരാഷ്ട്രപതിയെ നീക്കാമെന്ന് ഭരണഘടനയിലില്ല. രാജ്യസഭാധ്യക്ഷൻ എന്നല്ല, ഉപരാഷ്ട്രപതി എന്നാണ് അനുച്ഛേദത്തിൽ പറയുന്നത്. അവിശ്വാസം എന്നോ ഇംപീച്ച്‌മെന്റ് എന്നോ അല്ല, ‘നീക്കംചെയ്യൽ’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്.

പാർലമെന്റിൽ വിവിധ പ്രമേയങ്ങൾക്കുംമറ്റും അനുമതിതേടുന്ന നോട്ടീസുകളുടെ കാലാവധി അതത് സമ്മേളനങ്ങൾ കഴിയുന്നതോടെ ഇല്ലാതാവും. എന്നാൽ, ഉപരാഷ്ട്രപതിയെ നീക്കുന്ന വിഷയത്തിൽ ഇത് ബാധകമാണോ എന്നതിൽ അവ്യക്തതയുണ്ട്. ഉപരാഷ്ട്രപതിയെ നീക്കാനുള്ള നടപടികൾ സഭാചട്ടത്തിലല്ല, ഭരണഘടനയിലാണ് പറയുന്നത് എന്നതിനാൽ സഭാധ്യക്ഷന് ഏതുതരത്തിലും വ്യാഖ്യാനിക്കാനാകുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. അതേസമയം, നോട്ടീസിന് അടുത്ത സമ്മേളനത്തിലും സാധുതയുണ്ടാകുമെന്ന് എം.പി.മാരായ എൻ.കെ. പ്രേമചന്ദ്രൻ, പി. സന്തോഷ് കുമാർ എന്നിവർ അഭിപ്രായപ്പെട്ടു. വേദനയോടെയാണെങ്കിലും ഇന്ത്യസഖ്യത്തിന് ഇതല്ലാതെ മറ്റ് പോംവഴിയില്ലെന്ന് ഉപരാഷ്ട്രപതിയെ നീക്കാനുള്ള പ്രമേയത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് ജയ്‌റാം രമേഷ്‌ പ്രതികരിച്ചു.