അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
യുകെയുടെ സ്വന്തം വാക്സിനായ ഓക്സ്ഫോർഡ് വാക്‌സിൻെറ വിതരണം ഇന്ന് ആരംഭിക്കും. ഫൈസർ വാക്സിനൊപ്പം ഓക്സ്ഫോർഡ് വാക്സിനും കൂടിച്ചേരുമ്പോൾ രോഗവ്യാപനം കാര്യമാത്രമായി കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യപ്രവർത്തകർ. യുകെയുടെ സ്വന്തം വാക്സിനായ ഓക്സ്ഫോർഡ് വാക്‌സിൻെറ വിതരണം എൻ എച്ച് എസിനും ആരോഗ്യപ്രവർത്തകർക്ക് നൽകിയിരിക്കുന്ന ആവേശം കുറച്ചൊന്നുമല്ല. ഓക്സ്ഫോർഡ് വാക്സിൻ വിതരണം ചെയ്യുന്നത് വളരെ നിർണായകമായ നേട്ടമാണന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വിശേഷിപ്പിച്ചു . എന്നാൽ വാക്സിൻ വിതരണം ആരംഭിച്ചാലും രാജ്യത്തെ കൂടുതൽ കർശനമായ വൈറസ് നിയന്ത്രണ മാർഗങ്ങൾ ഏർപ്പെടുത്തേണ്ടതായി വരുമെന്നുള്ള മുന്നറിയിപ്പ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നൽകി .
ഇതിനിടെ സ്കൂളുകൾ തുറക്കുകയാണെങ്കിൽ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആഹ്വാനംചെയ്തു. കുട്ടികളെ സ്കൂളുകളിൽ അയയ്ക്കുന്നത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളേക്കാൾ വളരെ വലുതാണ് വിദ്യാഭ്യാസത്തിലൂടെ ഉണ്ടാകുന്ന നേട്ടങ്ങൾ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂളുകൾ തുറക്കുന്നതിനെതിരെ വളരെ ശക്തമായ പ്രതിഷേധമാണ് അധ്യാപകരുടെയും മാതാപിതാക്കളുടെയും ഭാഗത്തുനിന്ന് ഉണ്ടായിരുന്നത്. അതിൻറെ ഭാഗമായി ഇംഗ്ലണ്ടിലെ പ്രൈമറി സ്കൂളുകൾ കൂടുതൽ കാലം അടച്ചിടാൻ തീരുമാനം എടുക്കുകയും ചെയ്തിരുന്നു. മേയർ സാദിഖ് ഖാൻ ഉൾപ്പെടെയുള്ളവർ ഈ തീരുമാനത്തെ ശക്തമായി സ്വാഗതം ചെയ്യുകയും ചെയ്തു .
യുകെയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി മുന്നോട്ടുപോകുകയാണ് . രാജ്യത്ത് ഇന്നലെ മാത്രം 54990 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതോടൊപ്പം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 454 പേർ കോവിഡ് ബാധിച്ച് മരണമടഞ്ഞു.
Leave a Reply