കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ചതിനു പിന്നാലെ പോപ് താരം റിഹാനയെ പാക്കിസ്ഥാന് അനുകൂലിയാക്കി സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം. റിഹാന പാക് പതാക പിടിച്ചുകൊണ്ടുനില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ഇന്ത്യാ വിരുദ്ധയാണെന്ന് പ്രചരിപ്പിക്കുന്നത്.
ഉത്തര്‍പ്രദേശ് യുവമോര്‍ച്ച നേതാവ് അഭിഷേക് മിശ്രയാണ് ഈ ചിത്രം ട്വീറ്റ് ചെയ്തത്. അവസരവാദികളുടെ രാജ്ഞി എന്ന അടിക്കുറിപ്പോടെയായിരുന്നു ട്വീറ്റ്. ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ റിഹാന പാക് പതാക പിടിച്ചുനില്‍ക്കുന്നതാണ് ചിത്രം. എന്നാല്‍ ഫോട്ടോഷോപ്പിലൂടെ എഡിറ്റ് ചെയ്ത് നിര്‍മിച്ച വ്യാജ ചിത്രമാണ് യഥാര്‍ഥത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഗൂഗിള്‍ റിവേഴ്സ് ഇമേജ് സെര്ച്ചിംഗിലൂടെ യഥാര്‍ഥ ചിത്രം കണ്ടെത്താനാകും.
2019 ക്രിക്കറ്റ് ലോകകപ്പില്‍ റിഹാന വെസ്റ്റ് ഇന്‍ഡീസിന്റെ പതാകയും പിടിച്ചുനില്‍ക്കുന്നതാണ് യഥാര്ഥചിത്രമെന്ന് പരിശോധനയില്‍ കണ്ടെത്തി. വെസ്റ്റ് ഇന്‍ഡീസിന്റെ പതാകയും പിടിച്ചുനില്‍ക്കുന്ന റിഹാനയുടെ ചിത്രമാണ് കേന്ദ്രസര്‍ക്കാര്‍ അനുകൂലികള്‍ വക്രീകരിച്ചത്. വെസ്റ്റ് ഇന്‍ഡീസ്-ശ്രീലങ്ക മത്സരത്തിനിടെ എടുത്ത ചിത്രമായിരുന്നു ഇത്. ഈ ചിത്രം 2019 ജൂലൈ ഒന്നിന് ഐസിസി തന്നെ അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലൂടെ ട്വീറ്റ് ചെയ്തിട്ടുണ്ട്. ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ്-ശ്രീലങ്ക മത്സരം കാണാന്‍ റിഹാന ബ്രിട്ടനില്‍നിന്ന് എത്തിയതിന്റെ വാര്‍ത്തയും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.
വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന്റെ ഔദ്യോഗിക ട്വിറ്ററിലും മത്സരം കാണാനെത്തിയ റിഹാനയുടെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് റിഹാനയാണ് ആദ്യം രംഗത്തെത്തിയത്. ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനെക്കുറിച്ച് സിഎന്‍എന്‍ തയാറാക്കിയ വാര്‍ത്ത പങ്കുവച്ചുകൊണ്ടാണ് റിഹാന ട്വീറ്റ് ചെയ്തത്. എന്തുകൊണ്ടാണ് ഇതേപ്പറ്റി സംസാരിക്കാത്തതെന്നും ട്വീറ്റില്‍ റിഹാന ചോദിച്ചിരുന്നു.
റിഹാനയുടെ ട്വീറ്റിനു പിന്നാലെ ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് നിരവധി പേര് കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തി. പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ്, ബ്രിട്ടീഷ് എംപി ക്ലൗഡിയ വെബ്ബെ, അമേരിക്കയിലെ പാര്‍ലമെന്റ് അംഗമായ ജിം കോസ്റ്റ, യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകളും സാമൂഹ്യപ്രവര്‍ത്തകയുമായ മീന ഹാരിസ് തുടങ്ങി നിരവധി പേര് സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തിരുന്നു.
Leave a Reply