കൊല്ലം തേവലക്കരയിലെ വിദ്യാർഥിയുടെ മരണം ക്ഷതംമൂലം തലച്ചോറിലുണ്ടായ അമിത രക്തസ്രാവമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പെൺകുട്ടിയെ ശല്യം ചെയ്തെന്ന് ആരോപിച്ച് വിദ്യാർഥിയെ വീടുകയറി മർദിച്ചതിൽ സി പി എം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരുടെ പങ്കിനെക്കുറിച്ച് പൊലീസ് പരിശോധിക്കും. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ജയിൽ വാർഡർ വിനീതിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി .
പെൺകുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് ചന്ദനത്തോപ്പ് ഐടിഐ വിദ്യാർഥിയായ രഞ്ജിത്തിനെ സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മാസം പതിനാലാം തീയതി രാത്രിയാണ് വീട്ടിൽ കയറി മർദിച്ചത്. പെൺകുട്ടിയുടെ ബന്ധുവായ ജയിൽ വാർഡർ വിനീതിന്റെ ആദ്യ അടിയിൽ തന്നെ ജൻമനാ രോഗിയായ രഞ്ജിത്ത് ബോധരഹിതനായി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കേ വ്യാഴാഴ്ച്ച ഉച്ചയോടെ മരണപ്പെട്ടു.
പിന്നാലെ ഇന്നലെ അർധരാത്രിയോടെ കേസിലെ ഏക പ്രതിയായ വിനീതിനെ പിടികൂടിയിരുന്നു. നരഹത്യ അടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. നാലംഗസംഘമാണ് രഞ്ജിത്തിനെ മർദിച്ചതെന്ന മാതാപിതാക്കളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൊലപാതകത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ പങ്കിനെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചു. അതേസമയം യഥാർത്ഥ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം ആരോപിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊലപാതകത്തെ കോൺഗ്രസ് രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നാണ് സി പി എമ്മിന്റെ വിശദീകരണം. പ്രശ്നങ്ങൾ വ്യക്തിപരമാണെന്നും കൊലപാതകത്തിൽ പങ്കുള്ള ആരെയും സംരക്ഷിക്കില്ലെന്നും സിപിഎം ജില്ലാനേതൃത്വം വ്യക്തമാക്കി
Leave a Reply