പാര്‍ലമെന്റില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ സംഭവത്തില്‍ ആറുപേര്‍ക്ക് പങ്കുള്ളതായി പോലീസ്. പരസ്പരം അറിയാമായിരുന്ന ഇവര്‍ ഗുരുഗ്രാമിലെ വീട്ടിലാണ് താമസിച്ചിരുന്നതെന്ന് ഡല്‍ഹി പോലീസ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് തൊട്ടുമുമ്പ്‌ പ്രതികള്‍ താമസിച്ചിരുന്ന ഗുരുഗ്രാമിലെ വീട്ടില്‍ ഡല്‍ഹി പോലീസ് പരിശോധന നടത്തി.

‘പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരും പിടികൂടിയ നാലുപ്രതികളും ഗുരുഗ്രാമിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഈ സംഭവം ആസൂത്രിതമാണെന്നാണ് കണ്ടെത്തല്‍. പ്രതികളിലാരുടെയും ഫോണുകള്‍ കണ്ടെത്തിയിട്ടില്ല. പോലീസ് ഫോണിനായി തിരയുകയാണ്’, പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നാലു വര്‍ഷമായി പ്രതികള്‍ തമ്മില്‍ പരിചയമുണ്ട്. കുറച്ചുദിവസം മുന്‍പാണ് പാര്‍ലമെന്റില്‍ പ്രതിഷേധിക്കാനുള്ള പദ്ധതി ഇവര്‍ ആസൂത്രണം ചെയ്തത്. ഇതിനുമുന്നോടിയായി സ്ഥലത്ത് നിരീക്ഷണവും നടത്തിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാഗര്‍ ശര്‍മ, ഡി. മനോരഞ്ജന്‍ എന്നിവരാണ് ബുധനാഴ്ച ഉച്ചയ്ക്കു ശേഷം ലോക്‌സഭയുടെ ശൂന്യവേളയില്‍ അക്രമം നടത്തിയത്. സാഗര്‍, സന്ദര്‍ശക ഗാലറിയില്‍നിന്ന് ലോക്‌സഭാ ചേംബറിനുള്ളിലേക്ക് ചാടി മഞ്ഞനിറമുള്ള പുക സ്‌പ്രേ ചെയ്യുകയായിരുന്നു. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന മനോരഞ്ജന്‍, ഈ സമയം സന്ദര്‍ശക ഗാലറിയില്‍ത്തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാന്‍ തുറക്കുകയും ചെയ്തിരുന്നു. മറ്റു രണ്ടു പ്രതികളായ അമോല്‍, നീലംദേവി എന്നിവരെ പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് പിടികൂടുന്നത്.

അതേസമയം, സംഭവം അന്വേഷിക്കാന്‍ കേന്ദ്രം സമിതിയെ നിയോഗിച്ചു. സി.ആര്‍.പി.എഫ്. ഡി.ജി. ദയാല്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മറ്റ് സുരക്ഷാ ഏജന്‍സികളില്‍നിന്നുള്ള അംഗങ്ങളും വിദഗ്ധരും സമിതിയിലുണ്ടാവും. വീഴ്ചകള്‍ കണ്ടെത്തി തുടര്‍നടപടി ശുപാര്‍ശ ചെയ്യാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ലമെന്റിന്റെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് സമിതി എത്രയും വേഗം സമര്‍പ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.