എലത്തൂരിൽ യാത്രക്കാർക്ക് നേരെ പെട്രോളൊഴിച്ച് തീയിട്ട സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാൾ മറ്റൊരാളുടെ ബൈക്കിന് പിന്നില്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. അക്രമി കൈ കാണിക്കാതെ തന്നെ ബൈക്ക് നിര്‍ത്തുന്നത് ദൃശ്യങ്ങളിൽ കാണാം. നടന്നത് ആസൂത്രിത ആക്രമണമാണെന്നും ദുരൂഹതയുണ്ടെന്നും പൊലീസ് പറഞ്ഞു.

അതേസമയം എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ നിന്ന് ഒരു ബാഗ് പൊലീസിന് കിട്ടിയിട്ടുണ്ട്. ബാഗില്‍ രണ്ട് മൊബൈല്‍ ഫോണുകളും ഹിന്ദിയിലുളള പുസ്തകങ്ങളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഉള്‍പ്പെടെ വിവരശേഖരണം തുടങ്ങി. ഫോറന്‍സിക് സംഘം ഇന്ന് തന്നെ പരിശോധന നടത്തുമെന്നാണ് വിവരം.

ഞായറാഴ്ച രാത്രി 9 മണിക്ക് കണ്ണൂർ ഭാഗത്തേക്ക് പോയ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിന്‍ എലത്തൂർ കോരപ്പുഴ പാലത്തിൽ എത്തിയപ്പോൾ ആയിരുന്നു അക്രമം. ആക്രമണത്തിൽ ഒമ്പത് പേർക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെ പുലർച്ചെ റെയിൽവേ ട്രാക്കിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കണ്ണൂർ മട്ടന്നൂർ സ്വദേശി നൗഫിക്, റഹ്മത്ത് (48), ഇവരുടെ സഹോദരിയുടെ മകൾ സഹറ(2) എന്നിവരുടെ മൃതദേഹമാണ് ട്രാക്കിൽ നിന്ന് ലഭിച്ചത്. ഇവർ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ട്രെയ്നിൽ നിന്ന് ചാടിയതാകാമെന്നാണ് നി​ഗമനം.

ചുവന്ന ഷര്‍ട്ട് ധരിച്ച തൊപ്പി വച്ച മധ്യ വയസ്കനായ സാധാരണ ശാരീരിക പ്രകൃതിയുള്ള അജ്ഞാതന്‍ കയ്യില്‍ കരുതിയ കുപ്പിയിലുണ്ടായിരുന്ന ഇന്ധനം റിസര്‍വ്വ്ഡ് കംപാര്‍ട്ട്മെന്‍റിലെ യാത്രക്കാര്‍ക്ക് നേരെ ഒഴിച്ച ശേഷം തീയിടുകയായിരുന്നു. ജനറല്‍ കംപാര്‍ട്ട്മെന്‍റില്‍ കയറിയ ശേഷം ബോഗികള്‍ക്കുള്ളിലൂടെയാവാം ഇയാള്‍ റിസര്‍വ്വ്ഡ് കംപാര്‍ട്ട്മെന്‍റിലേക്ക് എത്തിയതെന്നാണ് സംശയിക്കുന്നത്.