ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- തന്റെ ചാരിറ്റി പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയനായ ക്യാപ്റ്റൻ ടോം മൂറിന്റെ മകൾക്ക് തന്റെ പിതാവിന്റെ ചാരിറ്റി ചടങ്ങുകളുമായി ബന്ധപ്പെട്ട് പങ്കെടുക്കുന്നതിന് ആയിരക്കണക്കിന് പൗണ്ട് തുക പ്രതിഫലം ലഭിച്ചതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ക്യാപ്റ്റൻ ടോം ഫൗണ്ടേഷന്റെ ഇടക്കാല ചീഫ് എക്‌സിക്യൂട്ടീവായി 2021-ലും 2022-ലും അവാർഡ് ദാന ചടങ്ങുകളിൽ മകളായ ഹാനാ ഇൻഗ്രാം-മൂർ പങ്കെടുക്കുകയും വിധികർത്താവ് ആവുകയും ചെയ്തിരുന്നു. എന്നാൽ അവരുടെ സ്വന്തം കമ്പനിയായ മെയ്‌ട്രിക്‌സ് ഗ്രൂപ്പിനാണ് ഇതിനുള്ള പെയ്മെന്റുകൾ ലഭിച്ചിരിക്കുന്നത് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിർജിൻ മീഡിയ ഒ 2 ക്യാപ്റ്റൻ ടോം ഫൗണ്ടേഷൻ കണക്ടർ അവാർഡ്സിൽ അദ്ദേഹത്തിന്റെ ചാരിറ്റി സംഘടനയെ പ്രതിനിധീകരിച്ചാണ് മകൾ പങ്കെടുത്തതെങ്കിലും, ഇതിന് ലഭിച്ച പ്രതിഫലം ചാരിറ്റി സംഘടനയുടെ അക്കൗണ്ടിലേക്ക് എല്ലാം മറിച്ച് ഹാനായുടെ സ്വന്തം കമ്പനിയായ മെയ്ട്രിക്സ് ഗ്രൂപ്പിന്റെ അക്കൗണ്ടിലേക്കാണ് പോയിരിക്കുന്നതെന്ന് വ്യക്തമായ തെളിവുകൾ പുറത്തുവന്നിരിക്കുകയാണ്. ഈ അവാർഡിന് ചാരിറ്റി സംഘടനയുടെ ലോഗോയും പേരും എല്ലാം തന്നെ ഉപയോഗിച്ചിരുന്നു. ആ സമയത്ത് ചാരിറ്റി സംഘടനയുടെ താൽക്കാലിക ചീഫ് എക്സിക്യൂട്ടീവ് ആയി പ്രവർത്തിക്കുന്നതിന് ഹാനായ്കക്ക് 85000 പൗണ്ട് പ്രതിഫലവും ലഭിച്ചിരുന്നു. ഭർത്താവ് കോളിനോടൊപ്പം മെയ്ട്രിക്സിന്റെ ഉടമയായ ഹാനാ തനിക്കെതിരെയുള്ള ആരോപണങ്ങളിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ക്യാപ്റ്റൻ ടോം ഫൗണ്ടേഷൻ പ്രവർത്തനങ്ങളെ സംബന്ധിച്ച് ചാരിറ്റി കമ്മീഷൻ അന്വേഷണം നടത്തിവരികയാണ്.
ഹാനായുടെ പിതാവായ ക്യാപ്റ്റൻ ടോം മൂർ കോവിഡ് സമയത്ത് ചാരിറ്റി പ്രവർത്തനങ്ങളുടെ വാർദ്ധക്യത്തിലും തന്റെ ഗാർഡനിലൂടെ നിരവധി തവണ നടന്ന് എൻ എച്ച് എസിനായി 38 മില്യൻ സമാഹരിച്ച് നൽകിയിരുന്നു. വിർജിൻ മീഡിയ O2-വുമായി സ്വന്തം വാണിജ്യ ഉടമ്പടി ഉണ്ടാക്കുന്നതിന് മുമ്പ് ഹാനാ ഇൻഗ്രാം-മൂർ ഫൗണ്ടേഷന്റെ ബോർഡിൽ നിന്ന് അനുമതി വാങ്ങിയിരുന്നില്ലെന്നും പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഇത്തരത്തിൽ പണത്തിന്റെ ദുരുപയോഗം നടന്നതിനെ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Leave a Reply