ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഫിലിപ്പ് രാജകുമാരന്റെ സംസ്കാരം ഇന്ന് വിൻഡ്‌സർ കാസിലിലെ സെന്റ് സെന്റ് ജോർജ്ജ് ചാപ്പലിൽ നടക്കും. ഉച്ചയ്ക്ക് 3 മണിക്കാണ് സംസ്‌കാര ചടങ്ങുകൾ ആരംഭിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ 30 പേർ മാത്രമാണ് പങ്കെടുക്കുക. ഫിലിപ്പ് രാജകുമാരന്റെ മക്കൾ, കൊച്ചുമക്കൾ, ഏറ്റവുമടുത്ത ബന്ധുക്കൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. സംസ്‌കാരത്തിന് ശേഷം രണ്ടാഴ്‌ചത്തേക്ക് രാജ്യത്ത് ദുഃഖാചാരണം നടത്തും. 15 വർഷങ്ങൾക്ക് മുമ്പ് ഫിലിപ്പ് രാജകുമാരന്റെ നിർദ്ദേശപ്രകാരം രൂപകൽപ്പന ചെയ്ത ലാൻഡ് റോവർ ഡിഫെൻഡറിലാണ് അദ്ദേഹത്തിന്റെ അന്ത്യയാത്ര. ശവസംസ്കാര ഘോഷയാത്രയ്ക്കായി ഈ വാഹനം അലങ്കരിച്ച് തയ്യാറാക്കിയിട്ടുണ്ട്.
സംസ്‌കാരത്തിന് മുന്നോടിയായി വിൻഡ്‌സർ കാസിലിന്റെ മുന്നിലൂടെ വാഹനം പ്രദക്ഷിണം ചെയ്യും. മറ്റൊരു വാഹനത്തിൽ രാജകുടുംബാംഗങ്ങൾ മൃതദേഹം വഹിക്കുന്ന വാഹനത്തെ അനുഗമിക്കും. രാജകുമാരൻമാരായ ചാൾസ്, വില്യം, ഹാരി, ആൻഡ്രൂ, രാജകുമാരി ആനി, എഡ്വേർഡ് എന്നിവർക്കൊപ്പം അടുത്ത രാജകുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും. തന്റെ പ്രിയഭർത്താവിനെ പിരിയുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തങ്ങൾ ഒരുമിച്ച് ആസ്വദിച്ച സന്തോഷ നിമിഷങ്ങളുടെ ഫോട്ടോ രാജ്ഞി പുറത്തുവിട്ടു. സ്കോട്ടിഷ് ഹൈലാൻഡിലെ ആബർഡീൻഷെയറിലെ ബാലേറ്റർ പട്ടണത്തിനടുത്തുള്ള വിനോദ കേന്ദ്രമായ കൊയ്‌ൽസ് ഓഫ് മ്യൂക്കിൽ വെച്ചെടുത്ത ഫോട്ടോ ആണത്. പൊതുവേദികളിൽ നിന്നെല്ലാം മാറി നിൽക്കുന്ന ഈ സമയം ഫിലിപ്പ് രാജകുമാരന്റെ മുഖത്ത് മനോഹരമായ പുഞ്ചിരി വിടർന്നിട്ടുണ്ട്.
ഫിലിപ്പുമൊത്തുള്ള ഫോട്ടോകളിൽ തന്റെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് രാജ്ഞി പുറത്തുവിട്ടത്. 2003ൽ എടുത്ത ഫോട്ടോയിൽ ഫിലിപ്പും രാജ്ഞിയും പുല്ലിൽ വിശ്രമിക്കുന്നതായി കാണാം. ഈ പ്രദേശം രാജ്ഞിയുടെ പ്രിയപ്പെട്ട സ്ഥലമാണ്. 73 വർഷത്തെ ദാമ്പത്യ ജീവിതത്തിന് തിരശീല വീഴുമ്പോൾ രാജ്ഞി ഓർത്തെടുക്കുന്നത് ഈ മധുരസ്മരണകളാണ്.
Leave a Reply