തുറവൂർ (ആലപ്പുഴ) ∙ എഴുപുന്ന നീണ്ടകരയിൽ നായ്ക്കളെ വെട്ടിക്കൊന്ന കേസിൽ തുമ്പില്ലാതെ വലഞ്ഞ് പൊലീസ്. സംഭവുമായി ബന്ധപ്പെട്ടു ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് അരൂർ പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ വിലയിരുത്തി. വെള്ളിയാഴ്ച അർധരാത്രിയോടെ അക്രമിയായ അജ്ഞാതനെ വീണ്ടും കണ്ടെന്ന നീണ്ടകര സ്വദേശിയായ സ്ത്രീയുടെ മൊഴി പൊലീസിനെ വട്ടം കറക്കുകയാണ്.
സംഭവം ഉണ്ടായതിന് ഒരു കിലോമീറ്റർ മാറിയാണ് ഇത്തവണ അജ്ഞാതനെ കണ്ടത്. പ്രതിയെ പിടികൂടുന്നതിനായി പൊലീസ് പ്രദേശമാകെ വളഞ്ഞുള്ള പരിശോധനയാണ് നടക്കുന്നത്. ശനിയാഴ്ച ജില്ലാപൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് അരൂർ കുത്തിയതോട് പൊലീസ് സ്റ്റേഷനിലെ കൂടുതൽ പൊലീസിനെ ഉൾപ്പെടുത്തിയുള്ള പട്രോളിങ് ശക്തിപ്പെടുത്താൻ തീരുമാനിച്ചു.
പട്രോളിങ് സംഘത്തിന് ചേർത്തല ഡിവൈഎസ്പി കെ.ജി. ലാൽ നേതൃത്വം നൽകും. ഇതിനൊപ്പം നാട്ടുകാരെ ചേർത്ത് സ്ക്വാഡ് പ്രവർത്തനവും നടക്കുന്നുണ്ട്. രണ്ട് ആഴ്ചയായി വളർത്തു നായ്ക്കൾക്കെതിരെയുള്ള അജ്ഞാതന്റെ ആക്രണം തുടങ്ങിയിട്ട്. ആദ്യം നായ്ക്കളെ വിഷം കൊടുത്തായിരുന്ന ഇല്ലാതാക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ 10നും 13നും ഇടയ്ക്കുള്ള ദിവസങ്ങളിലാണ് നായ്ക്കളെ വെട്ടി വികൃതമാക്കിയത്. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
എഴുപുന്ന പഞ്ചായത്തിലെ നീണ്ടകര പ്രദേശത്ത് ആറു നായ്ക്കൾ ചത്തതിൽ മൂന്നു എണ്ണത്തെയാണ് അജ്ഞാതൻ വെട്ടിക്കൊന്നത്. മറ്റുള്ളവ വിഷം ഉള്ളിൽ ചെന്നാകാം ചത്തതെന്നു നാട്ടുകാർ പറയുന്നു. ആദ്യം വീടുകളുടെ ജനാലകളിൽ ഇടിക്കുകയും വീടിനു നേരെ കല്ലെറിയുകയും ചെയ്തതിനു ശേഷമാണ് നായ്ക്കളെ വെട്ടിയത്. സംഭവുമായി ബന്ധപ്പെട്ട് വളർത്തുമൃഗങ്ങളെ കൊല്ലുക, വെട്ടി പരുക്കേൽപ്പിക്കുക എന്നീ കുറ്റങ്ങൾക്കുള്ള സെക്‌ഷൻ 428 വകുപ്പ് പ്രകാരം അജ്ഞാതനെതിരെ അരൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
ഭയപ്പാടുമൂലം രാത്രിയിൽ ജനങ്ങൾ ആരും വീടിനു പുറത്തേക്ക് ഇറങ്ങുന്നില്ല. രാത്രിയിൽ രണ്ടു തവണ അഞ്ജാതനെ നാട്ടുകാർ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. മുഖം മൂടി ധരിച്ച അജ്ഞാതൻ വടിവാളുമായി നടക്കുന്നതാണ് ജനങ്ങളെ ഭയപ്പാടിലാക്കുന്നത്.
Leave a Reply