ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളും വ്യോമമേഖലയിൽ നിലനിൽക്കുന്ന സുരക്ഷാ നിയന്ത്രണങ്ങളും കാരണം സന്ദർശന വിസയിൽ എത്തിയ മാതാപിതാക്കൾക്ക് തിരിച്ച് പോക്ക് അനശ്ചിതത്വത്തിലായി . മിഡിൽ ഈസ്റ്റിലൂടെ സർവീസ് നടത്തുന്ന പ്രധാന വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കിയതാണ് പ്രതിസന്ധിക്ക് കാരണം . എയർലൈൻ കമ്പനികളിൽ നിന്ന് വ്യക്തമായ മറുപടി ലഭിക്കാത്തതും യാത്രാ ഇൻഷുറൻസ് ക്ലെയിമുകൾ സംബന്ധിച്ച അനിശ്ചിതത്വവും മൂലം കടുത്ത ആശങ്ക ആണ് ഉടലെടുത്തിരിക്കുന്നത് .
നിർബന്ധിത സാഹചര്യത്തിൽ മടങ്ങാനാവാത്തവർ ഉടൻ തന്നെ UK Visas and Immigration (UKVI) വഴി ‘Exceptional Assurance’ അല്ലെങ്കിൽ വിസാ എക്സ്റ്റൻഷൻ അപേക്ഷ സമർപ്പിക്കണമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു. ഓൺലൈൻ അപേക്ഷയിൽ നിലവിലെ വിസയുടെ പകർപ്പ്, പാസ്പോർട്ട് വിവരങ്ങൾ, വിമാന സർവീസ് റദ്ദാക്കിയതായി തെളിയിക്കുന്ന എയർലൈൻ ഇമെയിൽ/മെസേജ്, പുതുക്കിയ ടിക്കറ്റ് വിവരങ്ങൾ, യുകെയിലെ താമസ വിലാസവും ബന്ധപ്പെടാനുള്ള വിവരങ്ങളും ചേർക്കണം. അപേക്ഷ സമർപ്പിച്ചതിന്റെ സ്ഥിരീകരണ ഇമെയിൽ സൂക്ഷിക്കുന്നത് നിർണായകമാണെന്നും നിയമോപദേശകർ പറയുന്നു. പ്രത്യേക സാഹചര്യങ്ങൾ തെളിയിക്കാനായാൽ താൽക്കാലികമായി രാജ്യത്ത് തുടരാൻ അനുമതി നൽകുന്ന രീതിയാണ് നിലവിലുള്ളതെന്ന് അവർ വ്യക്തമാക്കുന്നു.
ഇതിനിടെ ഏറ്റവും വലിയ വെല്ലുവിളിയായി ഉയരുന്നത് മരുന്നുകളുടെ ലഭ്യതയാണ്. പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ ദീർഘകാല അസുഖങ്ങൾക്ക് നിശ്ചിത ദിവസങ്ങൾക്കുള്ള മരുന്നുകൾ മാത്രം കരുതിയെത്തിയ നിരവധി മാതാപിതാക്കളാണ് പ്രശ്നത്തിൽ പെട്ടിരിക്കുന്നത് . സന്ദർശക വിസയിലുള്ളവർക്ക് സാധാരണയായി സൗജന്യ ചികിത്സാ അവകാശമില്ലെങ്കിലും അടിയന്തര ചികിത്സയ്ക്ക് നാഷണൽ ഹെൽത്ത് സർവീസ് (NHS) സേവനം ലഭ്യമാണ്. അടിയന്തിരമല്ലാത്ത സാഹചര്യത്തിൽ സമീപത്തെ ജി പി സർജറിയിൽ താൽക്കാലിക രജിസ്ട്രേഷൻ ആവശ്യപ്പെടാം; ചില ക്ലിനിക്കുകൾ സന്ദർശകർക്കായി ‘ടെമ്പററി പേഷ്യന്റ്’ ആയി രജിസ്റ്റർ ചെയ്യുന്നതായി ആരോഗ്യപ്രവർത്തകർ പറയുന്നു. ഇന്ത്യയിൽ നിന്നുള്ള പഴയ പ്രിസ്ക്രിപ്ഷൻ, മെഡിക്കൽ രേഖകൾ, ഉപയോഗിക്കുന്ന മരുന്നുകളുടെ വിവരങ്ങൾ എന്നിവ കൈവശം ഉണ്ടെങ്കിൽ ഡോക്ടർ നിർദ്ദേശപ്രകാരം സമാന മരുന്നുകൾ നൽകാനാകും. ആവശ്യമെങ്കിൽ സ്വകാര്യ ക്ലിനിക്കുകൾ വഴിയും ഫാർമസികളിലൂടെയും മരുന്നുകൾ ലഭ്യമാക്കാമെങ്കിലും ചെലവ് കൂടുതലാകുമെന്നതും ആശങ്ക ഉയർത്തുന്നുണ്ട് .











Leave a Reply