കോഴിക്കോട്: ശരീരത്തിന് പരിക്കുപറ്റിയാല്‍ നമ്മള്‍ പ്രഥമശുശ്രൂഷ നല്‍കും. ഇതുപോലെ മനസ്സിനുണ്ടാവുന്ന ചെറിയ പരിക്കുകള്‍ക്കും പ്രഥമശുശ്രൂഷ നല്‍കാന്‍ സംവിധാനം ഒരുക്കിയിയിക്കുകയാണ് മാനസികാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന റോള്‍ഡന്റ്‌സ് ഗ്രൂപ്പ്. കൊറോണാഭീതിയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ഫോണ്‍ വിളിച്ച് ഉപദേശം തേടാനുള്ള സൗകര്യമാണ് സജ്ജീകരിച്ചിരിക്കുന്നത്. മാനസികാരോഗ്യപരിപാലനരംഗത്ത് പ്രവര്‍ത്തന പരിചയമുള്ള വോളന്റിയര്‍മാരുടെ സേവനമാണ് ആദ്യഘട്ടത്തില്‍ ലഭിക്കുക. വിളിക്കുന്നവരുടെ മാനസികാവസ്ഥ മനസ്സിലാക്കി ആവശ്യമങ്കില്‍ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സേവനം ലഭ്യമാക്കും. മാനസിക സമ്മര്‍ദ്ദം, ആകുലത, പിരിമുറുക്കം, വിഷാദം, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങും നല്‍കും. ഈ സേവനങ്ങള്‍ തികച്ചും സൗജന്യമായിരിക്കുമെന്ന് കൊച്ചിയിലെ റോള്‍ഡന്റ്‌ റെജുവിനേഷന്‍ മൈൻഡ് ബിഹേവിയർ സ്റ്റുഡിയോ മേധാവി സൈക്കോളജിസ്റ്റ് വിപിന്‍ റോള്‍ഡന്റ് അറിയിച്ചു. വിളിക്കേണ്ട നമ്പര്‍ 7025917700