ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഖത്തറിലെ ലോകകപ്പ് നടക്കുന്ന എല്ലാ സ്റ്റേഡിയങ്ങളിലും മദ്യ വിൽപന നിരോധിച്ചു. ലോകകപ്പ് തുടങ്ങുന്നതിന് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ഖത്തറിലെ 8 സ്റ്റേഡിയങ്ങളിലും ലോകകപ്പ് കാണാനെത്തുന്ന ആരാധകർക്ക് മദ്യം വിൽക്കില്ലെന്ന നയം ഫിഫ വ്യക്തമാക്കിയത്. എന്നാൽ സ്റ്റേഡിയത്തിനുള്ളിലെ കോർപ്പറേറ്റ് ഏരിയകളിലുള്ളവർക്ക് മദ്യം ലഭ്യമാകും.
ഫിഫയും ഖത്തറിന്റെ ഭരണകൂടവുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് ലഹരി പാനീയങ്ങളുടെ വിൽപ്പനയെ കുറിച്ചുള്ള നയം രൂപീകരിക്കപ്പെട്ടത്. ഫിഫ ഫാൻ ഫെസ്റ്റിവലിലും മറ്റ് ആരാധക കേന്ദ്രങ്ങളിലും ലൈസൻസുള്ള വേദികളിലും ലഹരി പാനീയങ്ങളുടെ വിൽപ്പന ഉണ്ടാവും.
നാളെ ഞായറാഴ്ച ഖത്തർ ഇക്വാഡോറുമായി ഏറ്റുമുട്ടുന്നതോടെയാണ് ലോകകപ്പ് ആരംഭിക്കുന്നത്. അവസാന നിമിഷം മദ്യ വില്പന നിരോധിച്ചതിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. ഖത്തറിലെ ലോകകപ്പിന്റെ കാര്യത്തിൽ ഫിഫയ്ക്ക് പല മുൻ തീരുമാനങ്ങളിൽ നിന്നും പിന്നോട്ട് പോകേണ്ടതായി വന്നിരുന്നു. ഓഗസ്റ്റിൽ ഫിഫ ലോകകപ്പിന്റെ ആരംഭ തീയതി മാറ്റിയത് വിമർശനത്തിന് കാരണമായിരുന്നു. അതുകൊണ്ടാണ് താരതമ്യേന പ്രാമുഖ്യം കുറഞ്ഞ ടീമുകളായ ഖത്തറും ഇക്വാഡോറുമായി ഉദ്ഘാടന മത്സരം നടത്തേണ്ടതായി വന്നത് . ഒരു വിശദീകരണവുമില്ലാതെ അവസാന നിമിഷം മദ്യനയത്തിൽ മാറ്റം വരുത്തിയെങ്കിൽ താമസം, ഗതാഗതം തുടങ്ങിയ മറ്റു കാര്യങ്ങളിൽ ഇനി എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്നാണ് ഒരു ഫുട്ബോൾ ആരാധകൻ പ്രതികരിച്ചത്. ഒരു മുസ്ലിം രാജ്യമായ ഖത്തറിലെ ഭരണനേതൃത്വത്തിന്റെ താളത്തിനൊപ്പം ഫിഫ തുള്ളുകയാണെന്നുള്ള അഭിപ്രായം ഫുട്ബോൾ ആരാധകർക്കിടയിൽ ശക്തമായി ഉണ്ട് .
Leave a Reply