ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- മനുഷ്യർക്കിടയിൽ അൽഷിമേഴ്സ് രോഗം പകരാമെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലാണ് ശാസ്ത്രലോകം പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോൾ നിരോധിക്കപ്പെട്ട, എന്നാൽ മുൻപ് നിലവിലുണ്ടായിരുന്ന ഹോർമോൺ ട്രീറ്റ്മെന്റുകൾ നടത്തിയ വ്യക്തികളിൽ കുറഞ്ഞത് അഞ്ച് പേർക്കെങ്കിലും രോഗമുണ്ടെന്ന തെളിവുകൾ ലഭിച്ചതായാണ് വിദഗ്ധർ വ്യക്തമാക്കിയിരിക്കുന്നത്. അമിലോയിഡ്-ബീറ്റ പ്രോട്ടീൻ എന്ന ഘടകമാണ് അൽഷിമേഴ്സ് രോഗത്തിന് കാരണമാകുന്നത്. കുട്ടികളായിരുന്നപ്പോൾ ലഭിച്ച ഹോർമോൺ ട്രീറ്റ്മെന്റുകളിൽ, കുത്തിവയ്ക്കപ്പെട്ട ഗ്രോത്ത് ഹോർമോണിൽ ഈ അമിലോയിഡ്-ബീറ്റ പ്രോട്ടീൻ ഉണ്ടെന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. പഠനം നടത്തിയ ഗ്രോത്ത് ഹോർമോൺ ട്രീറ്റ്മെന്റ് ലഭിച്ച 1848 പേരിലാണ് രോഗികളെ കണ്ടെത്തിയിരിക്കുന്നത്. ഇതേ ചികിത്സ ലഭിച്ച മറ്റുള്ളവർക്കും രോഗമുണ്ടാകാനുള്ള സാധ്യതയാണ് ഇപ്പോൾ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

1958 നും 1985 നും ഇടയിൽ, യുകെയിലെയും യുഎസിലെയും അസാധാരണമായി ഉയരം കുറഞ്ഞ കുട്ടികൾക്ക് അവരുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതിന് ശവശരീരങ്ങളിൽ നിന്നും എടുത്ത ഹോർമോണുകൾ നൽകി വന്നിരുന്നു. എന്നാൽ പിന്നീട് ഈ രീതി നിരോധിക്കപ്പെട്ടിരുന്നു. ചില ബാച്ചുകളിൽ ക്രൂയ്റ്റ്സ്ഫെൽറ്റ് – ജക്കോബ് ഡിസീസ് എന്ന മാരകവും ഭേദമാക്കാനാവാത്തതുമായ മസ്തിഷ്ക രോഗത്തിന്റെ പ്രിയോണുകൾ കണ്ടെത്തിയതിനെ തുടർന്നാണിത്. പിന്നീട് ഡോക്ടർമാർ സിന്തറ്റിക് ഹോർമോണുകൾ നൽകുക എന്ന രീതിയാണ് പിന്തുടർന്നത്. എന്നാൽ ഇത്തരം ഗ്രോത് ഹോർമോൺ ട്രീറ്റ്മെന്റുകൾ ലഭിച്ചവരിൽ 38 മുതൽ 55 വയസ്സിനുള്ളിൽ തന്നെ അൽഷിമേഴ്സ് രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹോസ്പിറ്റൽ സ്റ്റെറിലൈസേഷൻ രീതികളെ അതിജീവിക്കുന്ന പ്രിയോണുകൾ മറ്റു ചില സർജിക്കൽ പ്രൊസീജറുകളിലൂടെ മനുഷ്യരിലേക്ക് പകരാമെന്ന ഭയമാണ് ഇപ്പോൾ ശാസ്ത്രജ്ഞർ പങ്കുവയ്ക്കുന്നത്. ഇത്തരത്തിൽ പ്രിയോണുകൾ തലച്ചോറിൽ വർദ്ധിക്കുമ്പോഴാണ്, ന്യൂറോണുകൾക്ക് ചുറ്റും പിന്നീട് പ്രോട്ടീൻ ഫലകങ്ങൾ രൂപപ്പെടുന്നത്. ഇത് പിന്നീട് അൽഷിമേഴ്സ് രോഗത്തിലേക്ക് നയിക്കുന്നു. ഭാവിയിൽ ആകസ്മികമായി രോഗം പകരുന്നത് തടയാൻ നടപടിയെടുക്കണമെന്ന് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ പ്രൊഫസർ ജോൺ കോളിംഗ് പറഞ്ഞു.

ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്തിന്റെ ആർക്കൈവുകളിൽ സൂക്ഷിച്ചിരുന്ന ഗ്രോത് ഹോർമോണിന്റെ അവശിഷ്ടങ്ങൾ ശാസ്ത്രജ്ഞർ എലികളിൽ പരീക്ഷിച്ചപ്പോൾ, അവയിൽ അൽഷിമേഴ്‌സിന് കാരണമാകുന്ന പ്രോട്ടീനുകളുടെ ഉത്പാദനത്തിന് ഇവ കാരണമായതായി കണ്ടെത്തി.

ബാക്ടീരിയ, വൈറൽ ഇൻഫെക്ഷനുകൾ പകരുന്നത് പോലെ, ഈ രോഗം ഒരിക്കലും പകരുകയില്ലെന്നും, രോഗബാധിതമായ മനുഷ്യ ടിഷ്യൂ അബദ്ധവശാൽ ശരീരത്തിലേക്ക് എത്തിച്ചേരുമ്പോഴാണ് രോഗം പകരുന്നത് എന്നും പ്രൊഫസർ കോളിംങ്‌ വ്യക്തമാക്കി. ഭാവിയിൽ അൽഷിമേഴ്‌സ് മനസ്സിലാക്കുന്നതിനും ചികിത്സിക്കുന്നതിനുമായി ഗവേഷകരെ ശരിയായ ദിശയിലേക്ക് നയിക്കാൻ പുതിയ കണ്ടെത്തലുകൾ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.