ഷൈമോൻ തോട്ടുങ്കൽ
പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഉത്‌ഘാടനം പ്രെസ്റ്റൻ കത്തീഡ്രൽ ദേവാലയത്തിൽ വച്ച് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു .ആരാധനക്രമവും ഭക്താഭ്യാസങ്ങളും തമ്മിലുള്ള വ്യത്യാസം വേണ്ട രീതിയിൽ മനസ്സിലാക്കി ആരാധനക്രമത്തെ ഹൃദയപൂർവ്വം ആശ്ലേഷിക്കുന്ന ഒരു സമൂഹമായി മാറുവാൻ വിശ്വാസ സമൂഹം ജാഗ്രത പുലർത്തണമെന്ന് മാർ സ്രാമ്പിക്കൽ വചന സന്ദേശത്തിൽ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. ആരാധനക്രമം ദൈവത്തിൻറെ പ്രവർത്തിയാണ് ; ഭക്ത കൃത്യങ്ങളാകട്ടെ മനുഷ്യരുടെ പ്രവർത്തിയും . ദൈവത്തിൻറെ പ്രവർത്തികൾ നമ്മിൽ പൂർണ്ണമാകുന്നതിനാണ് നമ്മൾ ഏറെ താല്പര്യമുള്ളവർ ആകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത അഞ്ച് വർഷങ്ങൾ പൗരസ്ത്യ സുറിയാനി സഭയുടെ ആരാധനക്രമം , ദൈവശാസ്ത്രം ,ആധ്യാത്മികത , ശിക്ഷണ ക്രമം , സംസ്കാരം എന്നീ കാര്യങ്ങളെ മുൻ നിർത്തി വിഭാവനം ചെയ്തിട്ടുള്ള അജപാലന പദ്ധതിയെ അടിസ്ഥാനമാക്കിയാവും രൂപത മുൻപോട്ടു നീങ്ങുക . ഈ വർഷം നവംബർ 27 മുതൽ അടുത്ത വർഷം ഡിസംബർ 2 വരെയുള്ള ആദ്യ ഘട്ടത്തിൽ വിശ്വാസ സമൂഹത്തെ ആരാധന ക്രമത്തിന്റെ അന്ത സത്തയിലേക്ക് നയിക്കാൻ ഉതകുന്ന വിവിധ പരിശീലന പദ്ധതികളും വിശുദ്ധ കുർബാനയോടും മറ്റു കൂദാശകളോടും ആഭിമുഖ്യമുള്ള ഒരു സമൂഹമായി നിലനിർത്തുന്നതിനും പര്യാപ്‌തമായ കാര്യങ്ങളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത് . പുതിയ ആരാധനക്രമ വത്സര കലണ്ടർ കത്തീഡ്രൽ വികാരി റവ.ഡോ. ബാബു പുത്തൻപുരയ്ക്കലിന് നൽകിക്കൊണ്ട് അഭിവന്ദ പിതാവ് പ്രകാശനം ചെയ്തു. റവ.ഫാ മാത്യു പാലരക്കരോട്ട് , റവ.ഫാ. മാത്യൂസ് കുരിശുംമൂട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.
Leave a Reply