ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ : – ബ്രെക് സിറ്റ് മൂലവും കോവിഡ് പ്രതിസന്ധി മൂലവും ഉണ്ടായിരിക്കുന്ന ട്രക്ക് ഡ്രൈവർമാരുടെ ക്ഷാമം ഈ വേനൽക്കാലത്ത്‌ സൂപ്പർ മാർക്കറ്റുകളിലും മറ്റും സാധനങ്ങൾക്ക് കുറവുകൾ ഉണ്ടാക്കുമെന്ന് റിപ്പോർട്ട്. ഏകദേശം ഒരു ലക്ഷത്തോളം ഡ്രൈവറുമാരുടെ കുറവുമൂലം, കടകളിലേക്കുള്ള സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിൽ വൻ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത് എന്ന് വ്യവസായ ഉടമസ്ഥർ ആരോപിക്കുന്നു. ഇതുമൂലം സൂപ്പർ മാർക്കറ്റുകളിലെ ഷെൽഫുകളും മറ്റും കാലിയായി കിടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനെ തുടർന്ന് വ്യവസായികളും മറ്റും പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ശ്രദ്ധ ഈ വിഷയത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ജൂൺ 23ന് കത്തയച്ചു. യൂറോപ്യൻ യൂണിയന്റെ മറ്റ് രാജ്യങ്ങളിൽ നിന്നും ട്രക്ക് ഡ്രൈവർമാരെ ബ്രിട്ടണിലേക്ക് കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനായി ഗവൺമെന്റ് ടെമ്പററി വർക്ക്‌ വിസകൾ നടപ്പിലാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രിട്ടന്റെ പുതിയ പോസ്റ്റ് – ബ്രെക്സിറ്റ് ഇമിഗ്രേഷൻ സിസ്റ്റം അനുസരിച്ച്, വ്യവസായികൾ ബ്രിട്ടണിൽ നിന്ന് തന്നെയുള്ള ലോക്കൽ ഡ്രൈവർമാരെ തന്നെ ജോലിക്കായി എടുക്കണമെന്നാണ് ഗവൺമെന്റ് വക്താവ് വ്യക്തമാക്കിയിരിക്കുന്നത്. സൂപ്പർ മാർക്കറ്റുകളിൽ നിലവിൽ തന്നെ സാധനങ്ങൾക്ക് ക്ഷാമം ഉണ്ടെന്ന് പ്രധാനമന്ത്രിക്കുള്ള കത്തിനു നേതൃത്വം നൽകിയ റോഡ് ഹോളേജ് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് റോബർട്ട് ബർനെറ്റ് ആരോപിച്ചു.

എന്നാൽ രാജ്യമെമ്പാടുമുള്ള സൂപ്പർമാർക്കറ്റുകളിലേക്കും, മറ്റു കടകളിലേക്കും സാധനങ്ങൾ എത്തിക്കാൻ ആവാത്തത് മൂലം സാധനങ്ങൾ പാഴായി പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമായും ബ്രെക്സിറ്റ് മൂലമാണ് ഇത്തരം ലോറി ഡ്രൈവർമാരുടെ ക്ഷാമം ബ്രിട്ടണിൽ ഉണ്ടായിരിക്കുന്നത്. കൊറോണ ബാധ ഈ പ്രശ്നത്തെ കൂടുതൽ വഷളാക്കുകയാണ് ചെയ്തത്. കൊറോണ മൂലം നിലവിലുള്ള ഡ്രൈവർമാരും തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങി പോവുകയാണ് ചെയ്തത്. ഗവൺമെന്റ് ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നുവന്നിട്ടുണ്ട്.