ന്യൂസ് ഡെസ്ക് മലയാളം യുകെ
ശൈത്യകാലത്ത് ഒമിക്രോണിൻെറ വ്യാപനം കുറയ്ക്കാനായി സർക്കാർ നീക്കങ്ങൾ നടത്തിയിട്ടും യുകെയിൽ കോവിഡിൻെറ ഒരു വലിയ തരംഗം ഉണ്ടാകാൻ പോകുന്നുവെന്നും ആശുപത്രികളിൽ രോഗബാധിതരായവരുടെ എണ്ണം കുത്തനെ ഉയരുമെന്നും സേജിൻറെ മുന്നറിയിപ്പ്. ഡിസംബർ 23ന് നടന്ന മീറ്റിംഗിൻെറ മിനിറ്റ്സ് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ മുൻ കാലങ്ങളിലെ അപേക്ഷിച്ച് ആശുപത്രിയിൽ പ്രവേശിക്കുന്ന രോഗികളുടെ എണ്ണം കൂടുതലായിരിക്കും എന്ന് ഗവൺമെൻറിൻറെ സയൻറിഫിക് അഡ്വൈസറി ഗ്രൂപ്പായ സേജ് മുന്നറിയിപ്പ് നൽകി.
ഇംപീരിയൽ കോളേജ് നടത്തിയ പഠനമനുസരിച്ച് ഒമിക്രോൺ വേരിയെന്റ പിടിപെടുന്ന ആളുകൾ ഡെൽറ്റ വേരിയേന്റ് പിടിപെടുന്നവരെക്കാൾ 20% ത്തോളം ആശുപത്രിയിൽ തങ്ങാനുള്ള സാധ്യത കുറവാണ്. പുതിയ കണ്ടെത്തലിനെ തുടർന്ന് കഴിഞ്ഞ വർഷം നമ്മൾ കണ്ടത് പോലെ ആയിരിക്കുകയില്ല ഈ വർഷത്തെ തരംഗമെന്നും ഐസിയുവുകളിൽ രോഗികൾ നിറഞ്ഞു കവിയുന്ന അവസ്ഥ ഉണ്ടാകുമെന്നും “പ്രൊഫസർ ലോക്ക് ഡൗൺ” എന്നറിയപ്പെടുന്ന നീൽ ഫെർഗൂസൻ പോലും പറഞ്ഞു. ക്രിസ്തുമസിനു ശേഷം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാലും ഈ ശൈത്യകാലത്ത് ധാരാളം പേർ ആശുപത്രിയിൽ പ്രവേശിക്കപ്പെടുമെന്ന് ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ നടത്തിയ പുതിയ മോഡലിംഗ് സൂചിപ്പിക്കുന്നു. ലോക്ക്ഡൗൺ തരത്തിലുള്ള നടപടികൾ കൊണ്ട് എന്തെങ്കിലും തരത്തിലുള്ള ഗുണം ഉണ്ടാകണമെങ്കിൽ ഡിസംബർ 28-ന് എങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. മാർച്ച് അവസാനം വരെ അതായത് മൂന്ന് മാസം നീണ്ടുനിൽക്കുന്ന നിയന്ത്രണങ്ങളാണ് പരിഗണിച്ച മോഡലുകളിൽ ഒന്ന്.
ഏറ്റവും പുതിയ എൻഎച്ച്എസിനെ കണക്കുകൾ പ്രകാരം ഡിസംബർ 22-ന് 386 പുതിയ കോവിഡ് ഹോസ്പിറ്റൽ അഡ്മിഷനുകളാണ് ഉണ്ടായിരിക്കുന്നത് . രണ്ടാം തരംഗത്തിൻെറ കാലയളവിൽ ജനുവരിയിൽ ഉണ്ടായ 850 അഡ്മിഷനുകളിൽ നിന്ന് ഇത് വളരെയധികം കുറവ് ആണെങ്കിലും കഴിഞ്ഞ ആഴ്ചയിലെ കണക്കിനേക്കാൾ 92 ശതമാനത്തോളം വർദ്ധനവ് ആണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത് . നേരത്തെ നിയന്ത്രണങ്ങൾ കൊണ്ടു വന്നാൽ അത് ഫലപ്രദം ആകാനുള്ള സാധ്യത കൂടുതലാണെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റിയുടെയും ഡൗണിംഗ് സ്ട്രീറ്റിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസിന്റെയും അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ സേജ് പറഞ്ഞു.
Leave a Reply