ചരിത്രം നായകനായി വാഴ്ത്തുന്നതിന് മുമ്പ് നടൻ സിദ്ദിഖിന്റെ കള്ളി വെളിച്ചത് കൊണ്ട് വരേണ്ടത് ആവശ്യമാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. അല്ലെങ്കിൽ വരുംതലമുറ സിദ്ദിഖിനെ സർവ്വാദരണീയനായി വാഴ്ത്തുന്ന സാഹചര്യം ഉണ്ടാകും. സിദ്ദിഖിന്റെ യഥാർഥ സ്വഭാവം വെളിച്ചത്ത് കൊണ്ട് വരേണ്ടതാണെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ബലാത്സംഗ കേസിൽ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോർട്ടിലാണ് സർക്കാർ ഈ ആവശ്യം ഉന്നയിച്ചത്.
ബലാത്സംഗ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷ്ണർ അജി ചന്ദ്രൻ നായരാണ് സുപ്രീം കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്തത്. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ച ശേഷം സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്വേഷണം പ്രാഥമികഘട്ടത്തിലാണെങ്കിലും നിരവധി തെളിവുകൾ പ്രതിക്കെതിരെ ലഭിച്ചിട്ടുണ്ട്. സുപ്രീം കോടതി സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ചാൽ പരാതിക്കാരി കേസിൽ നിന്ന് പിന്മാറാൻ സാധ്യതയുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ബലാത്സംഗത്തെ കുറിച്ച് പരാതി നൽകാൻ എട്ട് വർഷം വൈകിയത് എന്ത് കൊണ്ടാണ് എന്ന് നേരത്തെ കേസ് പരിഗണിച്ചിരുന്ന വേളയിൽ സുപ്രീം കോടതി ആരാഞ്ഞിരുന്നു. സംഭവം നടക്കുമ്പോൾ പരാതിക്കാരിക്ക് 21 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും, സിദ്ദിഖ് അക്കാലത്ത് സിനിമ മേഖലയിലെ ശക്തനായിരുന്നുവെന്നുമാണ് റിപ്പോർട്ടിൽ സർക്കാർ വിശദീകരിച്ചത്. മീ ടൂ വിവാദം ഉണ്ടായ കാലയളവിൽ തന്റെ അനുഭവത്തിന്റെ ഒരു ചെറിയ ഭാഗം സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയെന്നും എന്നാൽ സൈബർ ആക്രമണം കാരണം പിന്നീട് നിശബ്ദയായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ പരാതി നൽകാൻ വൈകിയത് അനുഭാവപൂർവ്വം പരിഗണിക്കണമെന്നും സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
കേസിന്റെ അന്വേഷണം പൂർത്തിയാകുന്നതുവരേയും സമൂഹമാധ്യമങ്ങളിൽ നിന്ന് തെളിവുകൾ ശേഖരിക്കുന്നത് വരേയും സിദ്ദിഖിനെ കസ്റ്റഡിയിൽ വേണമെന്നാണ് സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ടിൽ പറയുന്നത്. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി 22-ന് പരിഗണിക്കും.
Leave a Reply