തോളില്‍ ബാഗുമിട്ട് അര്‍ധരാത്രി നോയ്ഡയിലെ റോഡിലൂടെ ഓടുന്ന ഒരു കൗമാരക്കാരന്‍. പേര് പ്രദീപ് മെഹ്‌റ. ഉത്തരാഖണ്ഡിലെ അല്‍മോഡ സ്വദേശി. തന്റെ കാറില്‍ കയറിക്കോളൂ താമസസ്ഥലത്ത് ആക്കിത്തരാമെന്ന സംവിധായകനും എഴുത്തുകാരനുമായ വിനോദ് കാപ്രിയുടെ വാഗ്ദാനം നിരസിച്ച് വിയര്‍ത്തു കുളിച്ച് മുന്നോട്ടോടുകയാണ് ഈ 19-കാരന്‍.

എന്തിനാണ് ഈ രാത്രി നീയിങ്ങനെ ഓടുന്നതെന്ന വിനോദിന്റെ ചോദ്യത്തിന് പ്രദീപ് നല്‍കുന്ന ഒരു കിടിലന്‍ മറുപടിയുണ്ട്. പട്ടാളത്തില്‍ ചേരാനാണ് താന്‍ ഓടി പരിശീലിക്കുന്നത് എന്നാണ് പ്രദീപ് നല്‍കുന്ന ആ മറുപടി. വിനോദ് കാറിലിരുന്ന് ചിത്രീകരിച്ച ഈ വീഡിയോ, സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. ഒന്നും രണ്ടും കിലോമീറ്ററല്ല, തന്റെ ലക്ഷ്യസാക്ഷാത്കരണത്തിന് 10 കിലോമീറ്ററാണ് പ്രദീപ് ദിവസവും രാത്രി ഓടുന്നത്.

എന്തെങ്കിലും അത്യാവശ്യം കൊണ്ടാവും ഓടുന്നത് ലിഫ്റ്റ് കൊടുക്കാം എന്ന് കരുതിയാണ് വിനോദ് പ്രദീപുമായി സംസാരത്തിന് തുടക്കം കുറിച്ചത്. ലിഫ്റ്റ് നല്‍കാമെന്ന വാഗ്ദാനം വീണ്ടും വീണ്ടും നിരസിക്കുകയും പ്രദീപ് ഓടിക്കൊണ്ടും വിനോദ് കാറിലിരുന്നുമുള്ള സംഭാഷണം പുരോഗമിക്കുമ്പോഴാണ് ഓട്ടത്തിനു പിന്നിലെ കാരണത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന മറുപടി പ്രദീപില്‍നിന്ന് ലഭിക്കുന്നത്.

വരൂ നിന്നെ വീട്ടിലാക്കിത്തരാമെന്ന് വിനോദ് പറയുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. വേണ്ട, ഞാന്‍ ഓടിപ്പൊയ്‌ക്കോളാം എന്നാണ് പ്രദീപിന്റെ മറുപടി. എന്താ ഓടുന്നത് എന്ന ചോദ്യത്തിന്, താനെന്നും വീട്ടിലേക്ക് ഇങ്ങനെ ഓടിയാണ് പോകുന്നതെന്ന് പ്രദീപ് പറയുന്നു. സെക്ടര്‍ 16-ലെ മക്‌ഡൊണാള്‍ഡ്‌സിലെ ജീവനക്കാരനാണ് പ്രദീപ്. കാറില്‍ വീട്ടിലാക്കി തരാമെന്ന് വിനോദ് വീണ്ടും പറയുമ്പോള്‍, എനിക്ക് ഇപ്പോഴാണ് ഓടാന്‍ സമയം കിട്ടുക എന്നാണ് പ്രദീപ് മറുപടി നല്‍കുന്നത്. പിന്നീട് വിനോദ് ചോദിക്കുന്നുണ്ട്, എന്തിനാണ് ഈ ഓട്ടമെന്ന്- അപ്പോഴാണ് സൈന്യത്തില്‍ ചേരാനെന്ന ആ മില്യന്‍ ഡോളര്‍ മറുപടി പ്രദീപ് പറയുന്നത്. തുടര്‍ന്നാണ് വിനോദ് പേരും മറ്റു വിവരങ്ങളും പ്രദീപിനോട് ചോദിക്കുന്നത്.

രാവിലെ ഓടിക്കൂടെ എന്ന വിനോദിന്റെ ചോദ്യത്തിനും പ്രദീപിന് മറുപടിയുണ്ട്. രാവിലെ ഭക്ഷണം പാകംചെയ്യലും ജോലിക്കു പോകലും ഒക്കെയാവുമ്പോള്‍ ഓടാന്‍ നേരം കിട്ടില്ലെന്ന് പ്രദീപ് പറയുന്നു. അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂത്തസഹോദരനൊപ്പമാണ് പ്രദീപിന്റെ താമസം. പ്രദീപും താനുമായുള്ള സംഭാഷണത്തിന്റെ വീഡിയോ വൈറലാകുമെന്ന് വിനോദ് പറയുന്നുണ്ട്. അതിന് എന്നെ ആരാണ് തിരിച്ചറിയാന്‍ പോകുന്നത് എന്നാണ് പ്രദീപിന്റെ മറുപടി. ഇനി വൈറലായാലോ എന്ന ചോദ്യത്തിന്-സാരമില്ല, താന്‍ തെറ്റൊന്നുമല്ലല്ലോ ചെയ്യുന്നത് എന്നാണ് ഈ മിടുക്കന്‍ നല്‍കുന്ന മറുപടി. എത്ര കിലോമീറ്റര്‍ ഓടുമെന്ന ചോദ്യത്തിന് സെക്ടര്‍ 16 മുതര്‍ ബറോല വരെ 10 കിലോമീറ്റര്‍ ഓടുമെന്ന് പ്രദീപ് വ്യക്തമാക്കുന്നു.

ഭക്ഷണം എപ്പോ കഴിക്കുമെന്ന് ചോദിക്കുമ്പോള്‍, വീട്ടിലെത്തിയ ശേഷം ഉണ്ടാക്കി കഴിക്കുമെന്ന് പ്രദീപ് പറയുന്നു. തനിക്കൊപ്പം അത്താഴം കഴിക്കാനുള്ള വിനോദിന്റെ ക്ഷണം പ്രദീപ് നിരസിക്കുന്നുമുണ്ട്. അങ്ങനെ ചെയ്താല്‍ മൂത്തസഹോദരന്‍ പട്ടിണിയായിപ്പോകുമെന്നാണ് പ്രദീപിന്റെ മറുപടി. അതെന്താ സഹോദരന്‍ ഭക്ഷണം തയ്യാറാക്കില്ലേ എന്ന ചോദ്യത്തിന് ആള്‍ക്ക് രാത്രി ഷിഫ്റ്റ് ആണെന്നും പ്രദീപ് പറയുന്നു. ലിഫ്റ്റ് നല്‍കാമെന്ന് വിനോദ് വീണ്ടും പറയുന്നുണ്ടെങ്കിലും തന്റെ പതിവാണിതെന്നും ലിഫ്റ്റ് സ്വീകരിച്ചാല്‍ പരിശീലനം മുടങ്ങുമെന്നും പ്രദീപ് വ്യക്തമാക്കുന്നു. ആശംസകള്‍ നേര്‍ന്നാണ് വിനോദ് വീഡിയോ റെക്കോഡിങ് അവസാനിപ്പിച്ചിരിക്കുന്നത്.