ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ആറുവർഷമായി നിരത്തുകളിലെ ‘വാൻഹൗസിൽ ‘ മാത്രം ജീവിച്ചു വരുന്ന ഡ്യൂർഹാം ദമ്പതിമാരുടെ ജീവിതം ഒരു ഫെയറികഥ പോലെയാണ്. ജീവിതം നോവിച്ച് നോവിച്ച് ഒടുവിൽ ഒരാൾ മരണത്തിലൂടെ വേർപിരിയും എന്ന പ്രതിസന്ധിഘട്ടത്തിൽ എത്തിയപ്പോൾ വർഷങ്ങളോളം സ്വപ്നം മാത്രം കണ്ടിരുന്ന ജീവിതം ജീവിച്ച് തീർക്കാൻ തയ്യാറെടുക്കുകയായിരുന്നു ഇരുവരും. 38 കാരനായ ഡാൻ കോൾഗേറ്റ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ ആയിരുന്നു, 37 കാരിയായ എസ്തർ സ്വന്തമായി പേഴ്സണൽ ട്രെയിനിങ് കമ്പനി നടത്തി വരികയും ചെയ്തിരുന്നു. അതിമനോഹരമായ നഗരത്തിന്റെ കണ്ണായ പ്രദേശത്ത് സുന്ദരമായ വീട് ഓക്സ്ഫോർഡ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റികളിൽ നിന്ന് ബിരുദങ്ങൾ. മികച്ച ജോലി.
പക്ഷേ പങ്കാളികളുടെ വിവാഹത്തിന് ആഴ്ചകൾക്കു മുൻപാണ് ദുരന്തം അവരുടെ ജീവിതത്തെ തകിടം മറിച്ചത്. ജന്മനാ ദഹനത്തിന് പ്രശ്നം ഉണ്ടായിരുന്ന ഡാൻ ഓപ്പറേഷന് വിധേയനായ ശേഷം ശരീരത്തിനുള്ളിൽ മാംസം ദ്രവിപ്പിക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. ഇരുവരും ഡിപ്രഷന് ചികിത്സയിൽ ആവുകയും ചെയ്തു. ഡാനിന് ജീവിതത്തിൽ ഇനി എണ്ണപ്പെട്ട ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് തിരിച്ചറിഞ്ഞ നിമിഷം ഇരുവരും യാത്ര പുറപ്പെടാൻ തീരുമാനിച്ചു. വർഷങ്ങളായി ജോലി തിരക്കുകൾ കാരണം നീട്ടിവെച്ചിരുന്ന ആ വലിയ യാത്രക്കായി ഇരുവരും ഒരു കാരവാൻ വാങ്ങി. കാർ വിറ്റു, വീട് വാടകയ്ക്ക് കൊടുത്തു.
ആദ്യം വീട്ടുസാധനങ്ങൾ സുഹൃത്തിന്റെ വീട്ടിലേക്ക് മാറ്റിയെങ്കിലും, പിന്നീട് തങ്ങൾക്ക് ആവശ്യമില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ സുഹൃത്തുക്കൾക്കും ആവശ്യക്കാർക്കും ഡൊണേറ്റ് ചെയ്തു. വർഷങ്ങളായി റോഡിലെ വാനിൽ മാത്രം കഴിഞ്ഞു വന്ന, ഇഷ്ടമുള്ള ഇടത്തേക്കെല്ലാം യാത്ര പോകുന്ന, ഹിപ്പി ജീവിതം നയിക്കുന്ന പലരോടും സംസാരിച്ചു. ഉണ്ടായേക്കാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകളെ പറ്റി പഠിച്ച് മനസ്സിലാക്കി.
ഇരുവരും യാത്ര തുടങ്ങി, ഫ്രാൻസ്, സ്വിസർലാൻഡ്,ഓസ്ട്രേലിയ,ഇറ്റലി തുടങ്ങി ആൽപ്സ് താഴ്വരപോലെയുള്ള മനോഹരമായ സ്ഥലങ്ങളിൽ അവർ അന്തിയുറങ്ങി. വർഷത്തിൽ മിക്കസമയത്തും യാത്ര ചെയ്തു. വിശ്രമം വേണമെന്ന് തോന്നുമ്പോൾ മാത്രം എവിടെയെങ്കിലും വാഹനം നിർത്തി കുറച്ചു നാൾ ജീവിക്കും. ആറുവർഷമായി ഈ ചര്യ തുടരുന്നു. വീടിന്റെ വാടക കൊണ്ടാണ് കഴിയുന്നത്. മറ്റു ചിലവുകൾക്കായി ഫാമിംഗ്, വീടുകളിൽ സഹായിക്കൽ പോലെയുള്ള ചെറിയ ചെറിയ ജോലികൾ ചെയ്തു. തങ്ങൾ ഈ ജീവിതം അങ്ങേയറ്റം ആസ്വദിക്കുന്നുണ്ടെന്ന് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നുണ്ട്. പക്ഷേ സാമ്പത്തിക സുസ്ഥിരതയുടെ കാര്യത്തിൽ തങ്ങൾ ഭാഗ്യം ചെയ്തവരാണ് എന്നും അവർ സമ്മതിക്കുന്നു. എല്ലാവരാലും കഴിയുന്ന ഒരു ജീവിതം അല്ല ഇത്. ഒരു വാനിൽ കൊള്ളാവുന്നത്ര സാധനങ്ങൾ മാത്രമാണ് സ്വന്തമായുള്ളത്. ഫിറ്റ്നസിൻെറ കാര്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന ഇരുവരും സൈക്കിളിങ്ങും കാൽനടയാത്രയും ഒരുപോലെ ഇഷ്ടപ്പെടുന്നവരാണ്.
2017ൽ ഇരുവരും ലീല എന്ന വളർത്തുനായയെ ദത്തെടുത്തു. അവളുടെ 4 പട്ടികുട്ടികളേയും ഇരുവരും യാത്രയിൽ കൂടെ കൂട്ടി. ഇരുവരും ചേർന്ന് കുട്ടികൾക്കായി യാത്രാ വിവരണ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
എന്നാൽ കൊറോണ കാലം തുടങ്ങിയതിൽ പിന്നെ ഇരുവരും ഒരു ചെറിയ ഇടവേള എടുക്കാൻ തീരുമാനിച്ചു. ഡാൻ ഒരിടത്തുതന്നെ തങ്ങുമ്പോൾ എസ്തർ യാത്ര തുടരുകയാണ്. ഇരുവരും താമസംവിനാ ഒരുമിക്കാൻ തന്നെയാണ് തീരുമാനം. പ്ലാനുകൾ ഒന്നുമില്ല എന്നതാണ് ഈ പ്രണയിതാക്കളുടെ ജീവിതത്തെ തീർത്തും വ്യത്യസ്തമാക്കുന്നത്.
Leave a Reply