ന്യൂസ് ഡെസ്ക് മലയാളം യുകെ
ജൂലൈ 5 ബുധനാഴ്ചയും 7-ാം തീയതി വെള്ളിയാഴ്ചയും ഇംഗ്ലണ്ടിലെ അധ്യാപകർ പണിമുടക്ക് നടത്തും. നാഷണൽ എഡ്യൂക്കേഷൻ യൂണിയന്റെ നേതൃത്വത്തിലാണ് മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾക്കായി യൂണിയൻ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്കിനെ തുടർന്ന് വ്യാപകമായി കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടും. ശമ്പള വർദ്ധനവിനായി ഇംഗ്ലണ്ടിലെ അധ്യാപകർ ഇതുവരെ 5 ദിവസങ്ങൾ നേരത്തെ പണിമുടക്കിയിരുന്നു.
നാഷണൽ എഡ്യൂക്കേഷൻ യൂണിയൻറെ നേതൃത്വത്തിൽ നടക്കുന്ന സമരം മൂലം പല സ്കൂളുകളും പൂർണ്ണമായി അടച്ചിടേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് അറിയാൻ സാധിച്ചത്. അധ്യാപകർ സമരം നടത്തുന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ സാധ്യമെങ്കിൽ സ്കൂളുകൾ തുറക്കണമെന്നാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം . എന്നാൽ എത്ര അധ്യാപകർ പണിമുടക്കിൽ പങ്കെടുക്കും എന്നതിനെ കുറിച്ച് മുൻധാരണകൾ ഇല്ലാത്തത് മൂലം സ്കൂളുകൾ പ്രവർത്തിക്കുമോ ഇല്ലയോ എന്ന് മുൻകൂട്ടി പറയാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്. സ്കൂളുകൾ പ്രവർത്തിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ പ്രധാന അധ്യാപകരാണ് തീരുമാനം കൈക്കൊള്ളേണ്ടത്.
സമരത്തെ നേരിടാൻ ചില സ്കൂളുകൾ എങ്കിലും ഓൺലൈനായി ക്ലാസുകൾ നടത്തും എന്നാണ് അറിയാൻ സാധിച്ചത്. എന്നാൽ പല മാതാപിതാക്കൾക്കും തങ്ങൾ അവധി എടുക്കണോ എന്ന കാര്യത്തിൽ കടുത്ത അനിശ്ചിതത്തിലാണ്. ചെറിയ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ക്ലാസുകൾ ഇല്ലെങ്കിൽ അവരെ വീട്ടിൽ ഒറ്റയ്ക്കാക്കി പോകുന്നതിന്റെ പ്രായോഗിക പ്രശ്നങ്ങൾ ഒട്ടേറെ മാതാപിതാക്കളെയാണ് പ്രശ്നത്തിലാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിൽ അടിയന്തര ശിശുസംരക്ഷണത്തിനായി മാതാപിതാക്കൾക്ക് അവധിയെടുക്കാൻ സാധിക്കും. എന്നാൽ പലപ്പോഴും ഇങ്ങനെ അടിയന്തിര സാഹചര്യത്തിൽ എടുക്കുന്ന അവധി ലോസ് ഓഫ് പേയിൽ ആയിരിക്കും എന്നതും പലരെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
Leave a Reply