സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ബ്രിട്ടണിൽ കൊറോണ ബാധമൂലം 739 മരണം കൂടി പുതുതായി സ്ഥിരീകരിച്ചതോടെ, മൊത്തം മരണനിരക്ക് 27, 510 ആയി ഉയർന്നു. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. ഇതുവരെ ആശുപത്രികളിലെയും, കെയർഹോമുകളിലെയും ദിനംപ്രതിയുള്ള മരണനിരക്ക് അധികാരികൾ പുറത്തുവിട്ടിട്ടില്ല. മുൻപ് കെയർ ഹോമുകളിൽ കൊറോണ ബാധ മൂലം നടക്കുന്ന മരണങ്ങൾ കണക്കുകളിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ ഈ മരണങ്ങളും കൂടി ഉൾപ്പെടുത്തുവാൻ അധിക സമ്മർദം മന്ത്രിമാർക്കു മേൽ ഉണ്ടായതിനാൽ ഇപ്പോൾ ഇവയും കണക്കുകളിൽ ഉൾപ്പെടുത്തുന്നുണ്ട്. എൻ എച്ച് എസ് ഇംഗ്ലണ്ട് മാത്രമാണ് ഹോസ്പിറ്റലുകളിൽ നടക്കുന്ന മരണങ്ങൾ രേഖപ്പെടുത്തുന്നത്. ഇതോടൊപ്പം തന്നെ കൊറോണ ബാധമൂലം ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം 14 ശതമാനത്തോളം കുറഞ്ഞുവെന്നും ആരോഗ്യ സെക്രട്ടറി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബ്രിട്ടനിലെ സാഹചര്യം മെച്ചപ്പെടുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഇതിനിടയിൽ വൈറ്റമിൻ ഡിയുടെ അഭാവം ഉള്ളവരിൽ കൊറോണ ബാധ മൂലം മരണം കൂടുതൽ ഉണ്ടാകുന്നു എന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. ഈ പഠനങ്ങൾ ഇതുവരെ ശാസ്ത്രജ്ഞന്മാർ എല്ലാവരും അംഗീകരിച്ചിട്ടില്ല. എന്നാൽ ക്വീൻ എലിസബത്ത് ഫൗണ്ടേഷൻ ട്രസ്റ്റ് ഹോസ്പിറ്റലും മറ്റും രോഗബാധ തടയുന്നതിനായി വൈറ്റമിൻ ഡി സപ്ലിമെന്റുകൾ നൽകുവാൻ തീരുമാനിച്ചിരിക്കുകയാണ്. യൂറോപ്പിൽനിന്നും മിഡിൽ ഈസ്റ്റിൽ നിന്നും ഉള്ള ആളുകളുടെ വിറ്റാമിൻ ഡി ലെവലുകൾ ആണ് ഈ പഠനങ്ങൾക്കായി എടുത്തിരിക്കുന്നത്.
ഇതിനിടയിൽ വ്യാഴാഴ്ചയോടുകൂടി പ്രധാനമന്ത്രി ബോറിസ് ജോൺസൻ ലോക്ഡൗണിൽ നിന്നുള്ള ഇളവുകൾ അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ജനങ്ങൾക്കിടയിൽ ഇപ്പോഴും ഭീതി നിലനിൽക്കുന്നുണ്ട്. ലോക്ഡൗൺ നീട്ടണമെന്നാണ് ജനങ്ങളിൽ പലരുടെയും ആവശ്യം.
Leave a Reply