ന്യൂഡല്‍ഹി: ദക്ഷിണ ഡൽഹിയിലെ അന്ധേരിമോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദേവാലയം പൊളിച്ചു മാറ്റി. ഇന്ന് രാവിലെ പത്തിനാണ് സംഭവം. ദേവാലയത്തിലുണ്ടായിരുന്ന വിശുദ്ധ വസ്തുക്കള്‍ വാരി വലിച്ച് പുറത്തെറിഞ്ഞു.

സംഭവമറിഞ്ഞെത്തിയ മലയാളികള്‍ അടക്കമുള്ള വിശ്വാസികളെ പള്ളിയുടെ കോമ്പൗണ്ടില്‍ പോലും പ്രവേശിപ്പിക്കാതെ തടഞ്ഞിരിക്കുകയാണ്. തങ്ങളുടെ ആരാധനാലയം പെളിച്ചതിലും വിശുദ്ധ വസ്തുക്കള്‍ വാരി പുറത്തെറിഞ്ഞതിലും പ്രതിഷേധിച്ച് ഇടവക വികാരി ഫാ. ജോസ് കന്നുംകുഴിലിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ പള്ളിക്കു സമീപം പ്രാര്‍ത്ഥനാ യജ്ഞം നടത്തി.

ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫിസറുടെ നേതൃത്വത്തിലെത്തിയ സംഘമാണ് പള്ളി പൊളിച്ചത്. മൂന്ന് ജെസിബികളുമായെത്തിയ സംഘത്തിന് സുരക്ഷയൊരുക്കാന്‍ നൂറിലധികം പോലീസുകാരുമുണ്ട്. ദേവാലയം പൂര്‍ണമായും പൊളിച്ചു മാറ്റി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദേവാലയം പൊളിച്ചു മാറ്റണമെന്ന് നോട്ടീസ് ലഭിച്ചത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്. നോട്ടീസിന് മറുപടി കൊടുക്കാന്‍ പോലും സമയം നല്‍കാതെയാണ് പള്ളി പൊളിച്ചു മാറ്റിയതെന്ന് ഇടവകാംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

പത്തു വർഷം മുന്നേ നിർമ്മിച്ച ദേവാലയത്തിനെതിരെ അനധികൃത നിർമ്മാണം ആരോപിച്ചു ഒരു കേസ് കോടതിയിൽ നടന്നു കൊണ്ടിരിക്കുന്നുണ്ട്. ഒരു വിശ്വാസി ദാനം കൊടുത്ത സ്ഥലമാണ് എന്നും അതിനു മതിയായ രേഖകൾ ഉണ്ട് എന്നും പള്ളി അധികാരികൾ പറയുന്നു. അതിനിടയിൽ ആണ് ഈ സംഭവം. സീറോ മലബാര്‍ സഭയുടെ ഡല്‍ഹി-ഫരീദാബാദ് രൂപതയ്ക്ക് കീഴിലുള്ളതാണ് അന്ധേരിമോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയം.