ന്യൂസ് ഡെസ്ക് മലയാളം യുകെ
പ്രീ വെഡിങ് ഷൂട്ടും പോസ്റ്റ് വെഡിങ് ഷൂട്ടും സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്ന ഈ കാലത്ത് ചില വിവാഹ പരസ്യങ്ങളും ഫ്ലെക്സുകളും ജനശ്രദ്ധ നേടാറുണ്ട്. കൗതുകമുണർത്തുന്ന ഉള്ളടക്കങ്ങളാണ് ഇവയിലെല്ലാം. വധു വരന് നൽകുന്ന ‘പത്തു കല്പനകളും’, സ്വന്തം സ്ഥാപനത്തിൽ യുവാവ് സ്ഥാപിച്ച വിവാഹ പരസ്യവും, കല്യാണ മുടക്കികൾക്ക് മുന്നറിയിപ്പ് നൽകി യുവാക്കൾ സ്ഥാപിച്ച ഫ്ലക്സും സമൂഹമാധ്യമങ്ങളിൽ തരംഗമായവയാണ്.
മറിയാമ്മയുടെ പത്തു കല്പനകൾ
വിവാഹദിവസങ്ങളില്‍ വധൂവരന്മാര്‍ക്ക് കൂട്ടുകാരുടെ വക അപ്രതീക്ഷിത സമ്മാനങ്ങളുമുണ്ടാകും. അത്തരത്തില്‍ സമൂഹമാധ്യമങ്ങളിൽ ഹിറ്റായതാണ് വരൻ ജിൻസ് തോമസിന് കൂട്ടുകാര്‍ അര്‍പ്പിച്ചിരിക്കുന്ന ആശംസ. വധു മറിയാമ്മയുടെ കല്‍പ്പനകള്‍ എന്നു പറഞ്ഞാണ് തുടങ്ങുന്നത്.
1. നിന്റെ ഭാര്യ ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ഭാര്യ നിനക്കുണ്ടാകരുത്.
2. ഇടക്കിടക്ക് എന്റെ പേര് വിളിച്ച് എന്നെ ശല്യപ്പെടുത്തരുത്.
3. എന്റെ ബർത്ത്ഡെയും മറ്റു പ്രധാന ദിവസങ്ങളും അടിപൊളിയായി ആചരിക്കണം.
4. എന്നെയും എന്റെ വീട്ടുകാരേയും ബഹുമാനിക്കണം.
5. തല്ലരുത്.
6. വായിനോക്കരുത്.
7. സ്വർണ്ണം കട്ടോണ്ടുപോയി പണയം വയ്ക്കരുത്.
8. എന്നോട് കള്ളം പറയരുത്.
9. കല്യാണം കഴിഞ്ഞുവെന്നുള്ള ഓർമ്മ എപ്പോഴും ഉണ്ടാവണം.
10. ജോലി കഴിഞ്ഞാലും ഇല്ലെങ്കിലും 6 മണിക്കുള്ളിൽ വീട്ടിൽ കയറണം.
മേൽപ്പറഞ്ഞ കല്പനകൾ രണ്ടായി സംഗ്രഹിച്ച് എഴുതിയിട്ടുണ്ട്.
1 എതിനും ഉപരിയായി എന്നെ സ്നേഹിക്കണം.
2. നിന്റെ വീട്ടുകാരെപ്പോലെ എന്റെ വീട്ടുകാരേയും സ്നേഹിക്കണം.
വളരെ രസകരമായ ഈ ആശംസയ്ക്ക് സോഷ്യല്‍മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
വധുവിനെ ആവശ്യമുണ്ട് – ഫ്ലക്സ് വെച്ച് യുവാവ്
കോട്ടയം കാണക്കാരി സ്വദേശിയായ അനീഷ് സെബാസ്റ്റ്യന്റെ വിവാഹ പരസ്യമാണ് അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. സ്വന്തം സ്ഥാപനമായ കണക്കാരിയിലെ തടിമില്ലിന് മുൻപിലാണ് അനീഷ് തന്റെ വിവാഹ പരസ്യം സ്ഥാപിച്ചത്. ‘വധുവിനെ തേടുന്നു. ഡിമാന്റുകൾ ഇല്ലാതെ, മൂല്യങ്ങൾ മുറുകെപിടിച്ചു കൊണ്ട്, സ്നേഹമാണ് വലുതെന്ന ചിന്താഗതിയിൽ വിവാഹജീവിതത്തിലേക്ക് കടക്കാന്‍ വധുവിനെ ആവശ്യമുണ്ട്’ എന്നതാണ് വിവാഹ പരസ്യത്തിലെ വരികൾ. എട്ട് വര്‍ഷമായി വിവാഹാലോചനകള്‍ നടത്തിയിട്ടും ഒന്നും ശരിയാവാതെ വന്നതോടെയാണ് ബോർഡ് സ്ഥാപിക്കാൻ അനീഷ് തീരുമാനം എടുത്തത്. ഇത് തമാശയ്ക്ക് വേണ്ടി ചെയ്തതല്ലെന്നും അനീഷ് പറഞ്ഞു.
കല്യാണം മുടക്കികൾ ജാഗ്രതൈ!
ആനപ്പടിയിലെ അവിവാഹിതരായ ചെറുപ്പക്കാർ നാട്ടിൽ സ്ഥാപിച്ച ഫ്ലക്സ് ഒരു മുന്നറിയിപ്പാണ്. ഇല്ലാത്ത കാരണം പറഞ്ഞ് കല്യാണം മുടക്കുന്നവർക്കുള്ള മുന്നറിയിപ്പ്. സൂക്ഷിച്ചാൽ ദുഃഖിക്കണ്ട എന്ന കുറിപ്പോടെ ഫേസ്ബുക്കിൽ ഷെയർ ചെയ്ത ഫോട്ടോ അതിവേഗം വൈറലായി.
ഫ്ലക്‌സിലെ വരികൾ –
‘കല്യാണ മുടക്കികളായ നാറികളുടെ ശ്രദ്ധയ്ക്ക് നാട്ടിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്നവർ ശ്രദ്ധിക്കുക. ആളെ തിരിച്ചറിഞ്ഞാൽ ആളിന്റെ പ്രായം, ജാതി, രാഷ്ട്രീയം. ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടിൽ കയറി അടിക്കുന്നതാണ്. അത് ഏത് സുഹൃത്തിന്റെ പിതാവായാലും. തല്ലും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇവിടെ ഫോട്ടോ വരാതെ സൂക്ഷിക്കുക. നിങ്ങൾക്കും വളർന്നു വരുന്ന മക്കളും കൊച്ചു മക്കളുമുണ്ടെന്ന് ഓർക്കുക. ആനപ്പടി യുവാക്കൾ.’
Leave a Reply