അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

യുകെയിൽ മൂന്നാം ലോക്ക്ഡൗൺ മാർച്ച് ആദ്യവാരം വരെ നീണ്ടുനിൽക്കും. ഇതോടെ യുകെയിലെ എല്ലാ പ്രദേശങ്ങളും രോഗവ്യാപനം തടയാനായി കർശന നിയന്ത്രണത്തിൻെറ കീഴിലായി . രോഗവ്യാപനം തടയാനായി ഏർപ്പെടുത്തിയിരിക്കുന്ന പല നിയന്ത്രണങ്ങളും മാർച്ച് അവസാനം വരെ തുടരുമെന്നാണ് കരുതപ്പെടുന്നത്. സ്കൂളുകൾ മാർച്ചിനു മുൻപ് തുറക്കാൻ സാധ്യതയില്ല എന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. യൂകെയിലേയ്ക്ക് യാത്രചെയ്യുന്നവർക്ക് കോവിഡ് ടെസ്റ്റ് കർശനമാക്കി ഡിപ്പാർട്ട്മെൻറ് ഓഫ് ട്രാൻസ്പോർട്ട് നേരത്തെ ഉത്തരവിറക്കിയിരുന്നു . ആളുകൾ കഴിയുന്നത്ര വീടുകളിൽ തുടരണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭ്യർത്ഥിച്ചു . കഴിഞ്ഞവർഷം കോവിഡ് ഏറ്റവും കൂടിനിന്ന കാലത്ത് ചികിത്സ തേടിയവരുടെ മൂന്നിരട്ടിയാണ് ഇപ്പോൾ ആശുപത്രികളിൽ എത്തുന്നതെന്നത് രോഗവ്യാപനത്തിൻെറ തീവ്രതയുടെ നേർക്കാഴ്ചയായി ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിൽ ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിക്കുന്നവർക്ക് വൻ പിഴ ശിക്ഷ നേരിടേണ്ടി വരും. ഇന്നുമുതൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ യാത്രചെയ്യുക, വീടിനുപുറത്ത് മാസ്ക് ധരിക്കാതിരിക്കുക തുടങ്ങിയ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ പോലീസിനോ പോലീസ് കമ്മ്യൂണിറ്റി സപ്പോർട്ട് ഓഫീസേഴ്‌സിനോ പിഴ ചുമത്താൻ സാധിക്കും . മാർച്ചിലെ ലോക്ക്ഡൗണിന് സമാനമായി ജനങ്ങളോട് വീടുകളിൽ തന്നെ തുടരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രം പുറത്ത് ജോലിക്ക് പോകുവാൻ അനുവാദം ഉണ്ട് . എങ്കിലും ഭക്ഷണം ,മരുന്ന് ,വൈദ്യസഹായം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി വീടിനു പുറത്തുപോകാൻ നിയന്ത്രണങ്ങളിൽ ഇളവുണ്ട്.

ഇതിനിടയിൽ ലോക്ക്ഡൗൺ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിൽ പരിമിതികളുണ്ടെന്ന അഭിപ്രായവും ഉയർന്നുവന്നിട്ടുണ്ട് . ജനങ്ങൾ പുറത്തിറങ്ങുന്നതിനായി പറയുന്ന കാരണങ്ങളുടെ സത്യാവസ്ഥ കണ്ടെത്താനുള്ള പ്രയാസമാണ് ഇതിൽ പ്രധാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . പക്ഷെ ജനങ്ങൾ ലോക്ക്ഡൗൺ നിയമങ്ങൾ കർശനമായി പാലിച്ചെങ്കിൽ മാത്രമേ കോവിഡിനെ പിടിച്ചു കെട്ടുവാൻ സാധിക്കുകയുള്ളൂ എന്ന അഭിപ്രായമാണ് ആരോഗ്യപ്രവർത്തകർക്കുള്ളത്. രോഗവ്യാപനം തടയാനായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളോടെ നേരത്തെ തന്നെ സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാരിൽ നിന്നും എംപി മാരിൽ നിന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിമർശനം നേരിട്ടിരുന്നു . എന്നാൽ കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടതിന് ശേഷം ആദ്യമായി യുകെയിലെ പ്രതിദിന രോഗവ്യാപനം 60,000 കടന്നെന്ന വാർത്ത അതീവ ഗുരുതരമാണെന്ന് വിലയിരുത്തപ്പെടുന്നു . അതുകൊണ്ടുതന്നെ ഗവൺമെൻറ് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളോടുള്ള എതിർപ്പുകൾ ദുർബലമാകാനാണ് സാധ്യത.