സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ നരേന്ദ്രമോദിയെ ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തതിനു പിന്നാലെയാണിത്. മോദി രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുര്‍മുവിനെ കണ്ട് സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് അവകാശവാദം ഉന്നയിച്ചതിനു പിന്നാലെയാണ് മോദിയെ സര്‍ക്കാര്‍ രൂപവത്കരണത്തിന് രാഷ്ട്രപതി ക്ഷണിച്ചത്. ജൂൺ 09 ന് വൈകിട്ട് 7.15 ന് രാഷ്ട്രപതി ഭവനിൽ വെച്ച് രാഷ്ട്രപതി പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിസഭയിലെ മറ്റ് അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.

ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു, ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍, ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡേ തുടങ്ങിയവരും മോദിക്കൊപ്പം രാഷ്ട്രപതി ഭവനിലെത്തിയിരുന്നു. സഖ്യകക്ഷികളുടെ പിന്തുണ വ്യക്തമാക്കുന്ന കത്തും മോദി രാഷ്ട്രപതിക്ക് കൈമാറി. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ എന്‍ഡിഎയിലെ മറ്റു ഘടകകക്ഷികളുടെ പിന്തുണയോടെ മാത്രമേ ബിജെപിക്ക് സര്‍ക്കാര്‍ രൂപവത്കരണം സാധ്യമാകൂ. മോദിയെ പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനത്തെ ചന്ദ്ര ബാബു നായിഡുവും നിതീഷ് കുമാറും പിന്തുണച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന എന്‍.ഡി.എ. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോദിയെ നേതാവായി തിരഞ്ഞെടുത്തത്. ഐകകണ്‌ഠ്യേന നേതാവായി തിരഞ്ഞെടുക്കപ്പെട്ടതില്‍ താന്‍ ഏറെ ഭാഗ്യവാനാണെന്ന് മോദി പറഞ്ഞു. രാജ്യം ഭരിക്കാന്‍ സമവായം ആവശ്യമാണെന്നും യോഗത്തില്‍ സംസാരിക്കവെ മോദി പറഞ്ഞു.

എന്‍ഡിഎ എന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സഖ്യമാണെന്നും പത്തുവര്‍ഷക്കാലം മികച്ച ഭരണം എങ്ങിനെയെന്ന് രാജ്യം കണ്ടെന്നും ഇന്ത്യയെ ഇനിയും കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുക ലക്ഷ്യമെന്നും നരേന്ദ്രമോദി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ശേഷം മന്ത്രിസഭയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ക്കായി വിളിച്ചു ചേര്‍ത്ത എന്‍ഡിഎ യോഗത്തില്‍ നയം വ്യക്തമാക്കി.