ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെയർ സ്റ്റാർമർ പാർലമെൻ്ററി നിയമങ്ങൾ ലംഘിച്ചു എന്ന് ആരോപണം. ജൂലൈയിൽ സ്റ്റാർമർ പ്രധാനമന്ത്രിയാകുന്നതിന് മുമ്പും ശേഷവും ലോർഡ് അല്ലി സ്റ്റാർമറുടെ ഭാര്യ ലേഡി വിക്ടോറിയ സ്റ്റാർമറിന് വിലകൂടിയ വസ്ത്രങ്ങളും ഒരു സ്വകാര്യ ഷോപ്പറിനെ ഏർപ്പാട് ചെയ്യുകയും ചെയ്‌തെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. എന്നാൽ ഇതിനെ അത്ര കാര്യമായി എടുക്കണ്ട പ്രശ്‌നമില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി രംഗത്ത് വന്നു.

ലോക വേദിയിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന പ്രധാനമന്ത്രിയുടെ വസ്ത്രങ്ങളുടെ ചെലവുകൾക്കായി യുകെ സർക്കാർ പ്രത്യേകമായി ഫണ്ട് നൽകുന്നില്ല. ലോക വേദിയിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ നേതാക്കൾക്ക് ഗണ്യമായ വസ്ത്ര അലവൻസ് ഉള്ള യുഎസ് പോലുള്ള മറ്റ് രാജ്യങ്ങളുമായി ഡേവിഡ് ലാമി ഇതിനെ താരതമ്യം ചെയ്തു. സർ കെയറിനും ലേഡി സ്റ്റാർമറിനും സമ്മാനങ്ങൾ നൽകിയ ലേബർ ദാതാവായ ലോർഡ് അല്ലിയെ ഡേവിഡ് ലാമി ന്യായീകരിച്ചു. ലേബർ പാർട്ടിയുടെ ദീർഘകാല പിന്തുണക്കാരനും ദാതാവും ആയ അദ്ദേഹം വർഷങ്ങളായി വിവിധ നേതാക്കൾക്കും പ്രധാനമന്ത്രിമാർക്കും സംഭാവന നൽകുന്നുണ്ട്.

ദി ടൈംസ് പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് അസോസിൻ്റെ മുൻ ചെയർമാനായിരുന്ന ലോർഡ് അല്ലി ഇതിനോടകം തന്നെ 19,000 പൗണ്ട് വിലമതിക്കുന്ന വസ്ത്രങ്ങളും ഗ്ലാസുകളും സർ കെയർ സ്റ്റാർമറിന് നൽകിയിട്ടുണ്ട്. 200 മില്യൺ പൗണ്ട് ആസ്തിയുള്ള ലോർഡ് അല്ലി തെരഞ്ഞെടുപ്പിൽ സ്റ്റാർമറിനായി 20,000 പൗണ്ട് ചിലവഴിച്ചതായും പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു.