ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഈ വേനൽക്കാലത്ത് തങ്ങളുടെ അവധിക്കാലം ആഘോഷിക്കുവാൻ ബ്രിട്ടീഷുകാർ ആഗ്രഹിക്കുന്ന യൂറോപ്പിലെ 10 സ്ഥലങ്ങൾ എക്സ്പീഡിയ വെളിപ്പെടുത്തിയിരിക്കുകയാണ്. ജൂൺ മുതൽ ഓഗസ്റ്റ് മാസങ്ങൾ വരെയുള്ള വേനൽക്കാലത്തേയ്ക്ക് എക്സ്പീഡിയ വഴി ആളുകൾ നടത്തിയ ഹോട്ടൽ അന്വേഷണങ്ങളെയും ബുക്കിംങ്ങുകളെയും മുൻനിർത്തിയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. പത്താം സ്ഥാനത്ത് എത്തിയിരിക്കുന്ന നഗരം തുർക്കിയിലെ ഇസ്താംബുൾ നഗരമാണ്. ഏഷ്യയിലും യൂറോപ്പിലുമായി വ്യാപിച്ചുകിടക്കുന്ന ഈ നഗരം, ഭൂമിശാസ്ത്രപരമായി കിഴക്ക് പടിഞ്ഞാറിനോട് ചേരുന്ന ഭാഗമായി പലപ്പോഴും പരാമർശിക്കപ്പെടുന്നുണ്ട്.

ടർക്കിഷ് സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ പ്രകാരം ഏകദേശം 51 മില്യൻ ടൂറിസ്റ്റുകൾ ആണ് ഒരു വർഷം ഈ നഗരം സന്ദർശിക്കുന്നത്. ഹാഗിയ സോഫിയ മസ്ജിദ്, സുൽത്താനഹ്മെത് ജില്ലയിലൂടെയുള്ള പര്യവേഷണം, ബോസ്ഫറസിലൂടെയുള്ള ബോട്ട് യാത്ര, ഗ്രാൻഡ് ബസാറിലെ ഷോപ്പിംഗ് തുടങ്ങിയവയെല്ലാം തന്നെ ഈ നഗരത്തിന്റെ പ്രത്യേകതകളാണ്. ഒമ്പതാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ഗ്രീസിലെ പ്രധാന ആകർഷണമായ സാന്റോരിനി നഗരമാണ്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഒരു വലിയ’ അഗ്നിപർവ്വത സ്ഫോടനത്താൽ സൃഷ്ടിക്കപ്പെട്ട കടലിൽ മുങ്ങിപ്പോയ അഗ്നിപർവ്വത ഗർത്തത്തിന്റെ അരികിലാണ് സാന്റോറിനി സ്ഥിതിചെയ്യുന്നത്. നിരവധി ബീച്ചുകളും, പുരാവസ്തു മ്യൂസിയങ്ങളും എല്ലാം ഈ നഗരത്തിന്റെ പ്രത്യേകതകളാണ്.

എട്ടാം സ്ഥാനത്ത് ടൂറിസ്റ്റുകൾ തിരഞ്ഞെടുക്കുന്നത് പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബൺ നഗരമാണ്. ഈ നഗരത്തിലൂടെ കാണാനും ആഘോഷിക്കാനും ഉള്ളതെല്ലാം ഈ ലോകത്തിലെ മുഴുവൻ സമയമെടുത്താലും തീരാൻ ആവാത്തതെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ലിസ്ബൺ നഗരം മഞ്ഞ നിറത്തിലുള്ള ട്രാമുകൾക്ക് പ്രസിദ്ധമാണ്. ലിസ്ബൺ നഗരം കടൽ വിഭവങ്ങൾക്കും പ്രസിദ്ധമാണ്. ഏഴാം സ്ഥാനത്ത് എത്തിയിരിക്കുന്നത് കാനറി ദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ ടെനെരിഫ് ആണ്. ഒരു വർഷം ഏകദേശം ആറ് മില്യനോളം ടൂറിസ്റ്റുകൾ ആണ് ഇവിടം സന്ദർശിക്കുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവിടെ ടൂറിസ്റ്റുകൾ ഒരിക്കലും വിട്ടുകളയാത്ത നാല് സ്പോട്ടുകൾ ഉണ്ടെന്നാണ് ട്രാവൽ ഗൈഡുകൾ വിശദീകരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തലസ്ഥാനമായ സാന്താക്രൂസ് ഡി ടെനറിഫ്; പ്യൂർട്ടോ ഡി ലാ ക്രൂസ് നഗരം; ലാ ലഗുണ പഴയ പട്ടണം; പ്രകൃതിദത്ത കുളങ്ങളിൽ നീന്താൻ കഴിയുന്ന ഗരാച്ചിക്കോയുമാണ് ആ നാല് സ്ഥലങ്ങൾ. ആറാം സ്ഥാനത്ത് എത്തിയിരിക്കുന്നത് സ്പെയിനിലെ മലാഗ നഗരമാണ്. 1960 കൾ മുതൽ വൻതോതിൽ ഉള്ള ടൂറിസ്റ്റുകൾ ഈ നഗരത്തിൽ എത്തിയിരുന്നെങ്കിലും, ഇത് ഒരു റിസോർട്ട് നഗരമല്ല എന്നാണ് സന്ദർശകർ അഭിപ്രായപ്പെടുന്നത്. ഇവിടെ വിനോദസഞ്ചാരികളെക്കാൾ കൂടുതൽ അവിടുത്തെ പ്രാദേശിക ആളുകളെ തന്നെ കാണാൻ സാധിക്കും എന്നതും ഈ നഗരത്തിന്റെ പ്രത്യേകതയാണ്.

നഗരത്തിന്റെ ചരിത്ര കേന്ദ്രം സന്ദർശിക്കാനും, മെർക്കാഡോ സെൻട്രലിൽ ഭക്ഷണം കഴിക്കാനും,എട്ട് മൈൽ ദൂരമുള്ള ബീച്ചുകൾ പ്രദാനം ചെയ്യുന്ന അതിമനോഹരമായ തീരപ്രദേശത്തുകൂടെ നടക്കാനും ഇവിടെ അവസരമുണ്ട്. അഞ്ചാം സ്ഥാനത്ത് ജനങ്ങൾ തിരഞ്ഞെടുക്കുന്നത് ഗ്രീസിലെ റോഡ്സ് ദ്വീപാണ്. കണ്ണുകൾക്ക് ആനന്ദം നൽകുന്ന നിരവധി ദൃശ്യങ്ങൾ പ്രദാനം ചെയ്യുന്നതാണ് ഈ ദ്വീപിലെ സന്ദർശനം. നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത് നെതർലൻസിലെ നഗരമായ ആംസ്റ്റർഡാം ആണ്. നിധി നിറഞ്ഞ മ്യൂസിയങ്ങൾ, വിന്റേജ് നിറച്ച കടകൾ, ഹൈപ്പർ ക്രിയേറ്റീവ് ഡ്രിങ്കുകൾ, ഡൈനിങ്ങ് അനുഭവങ്ങൾ, എന്നിവയെല്ലാം ഈ നഗരത്തിന്റെ പ്രത്യേകതകളാണ്. ഈ നഗരം ചുറ്റപ്പെട്ടിരിക്കുന്ന നിരവധി കനാലുകളും സന്ദർശകരെ ആകർഷിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ശേഖരങ്ങൾ ഉള്ള വാൻഗോഗ് മ്യൂസിയവും ഈ നഗരത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്.


മൂന്നാംസ്ഥാനത്തെത്തിയിരിക്കുന്നത് സ്പെയിനിലെ ബാഴ്സിലോണ നഗരമാണ്. അതിരുകളില്ലാത്ത സംസ്കാരവും, ലോകോത്തരമായ ഡൈനിങ്- ഡ്രിങ്കിങ് അനുഭവങ്ങളും ഈ നഗരം ടൂറിസ്റ്റുകൾക്ക് പ്രദാനം ചെയ്യുന്നു. രണ്ടാം സ്ഥാനത്ത് പോർച്ചുഗലിലെ അൽഗാർവെ നഗരമാണ്. രണ്ടുവശവും അറ്റ്ലാന്റിംഗ് സമുദ്ര ചുറ്റപ്പെട്ടു കിടക്കുന്ന ഈ സ്ഥലം, സർഫ് ചെയ്യുവാൻ ആഗ്രഹിക്കുന്നവരുടെ ഇഷ്ട കേന്ദ്രമാണ്. നിരവധി ക്ലിഫുകൾ, മണൽ നിറഞ്ഞ ബീച്ചുകൾ, എന്നിവയെല്ലാം തന്നെ വർഷം നാല് മില്യനോളം ടൂറിസ്റ്റുകളെയാണ് ആകർഷിക്കുന്നത്.

ഒന്നാം സ്ഥാനത്ത് സ്പെയിനിലെ മല്ലോർക്ക നഗരമാണ്. വേനൽക്കാലം ഏറ്റവും കൂടുതൽ ആഘോഷിക്കുവാൻ സാധിക്കുന്ന ബീച്ചുകൾ ആണ് ഈ നഗരത്തിന്റെ മുഖച്ഛായ. അതിനാൽ തന്നെ ബ്രിട്ടീഷുകാർ വേനൽക്കാലം ഏറ്റവും കൂടുതൽ ആഘോഷിക്കാൻ ആഗ്രഹിക്കുന്നതും ഈ നഗരത്തിൽ തന്നെയാണ്.