ന്യൂസ് ഡെസ്ക്, മലയാളം യുകെ
ട്രെയിൻ ഡ്രൈവർമാരുടെ പണിമുടക്ക് ആരംഭിച്ചു. 6 പ്രധാന ലൈനുകളിൽ ഒട്ടുമിക്ക ട്രെയിൻ യാത്രക്കാരെയും പണിമുടക്ക് ബാധിച്ചതായാണ് റിപ്പോർട്ടുകൾ . ബ്രിട്ടനിൽ ഉടനീളമുള്ള യാത്രക്കാരോട് യാത്ര ചെയ്യുന്നതിന് മുമ്പ് അവരുടെ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചിൽട്ടേൺ റെയിൽവേ, ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേ, ഹീത്രൂ എക്സ്പ്രസ്, എൽഎൻഇആർ, നോർത്തേൺ, ട്രാൻസ്പെനൈൻ എക്സ്പ്രസ് (ടിപിഇ) എന്നിവയിൽ ജോലി ചെയ്യുന്ന ജീവനക്കാർ ആണ് പണിമുടക്കുന്നത്. ഗ്രേറ്റ് വെസ്റ്റേൺ, എൽഎൻഇആർ, ഹീത്രൂ എക്സ്പ്രസ് എന്നിവയിൽനിന്നുള്ള ചില സർവീസുകൾ പ്രവർത്തിക്കും എന്നാണ് കരുതുന്നത് . ഇന്നത്തെ പണിമുടക്ക് കാരണം നാളെ ഞായറാഴ്ചത്തെ സേവനങ്ങളെയും ബാധിക്കുമെന്ന് ആറ് കമ്പനികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിലവിൽ സ്കോട്ട് ലൻഡിലെയും വെയിൽസിലെയും ട്രെയിൻ ഡ്രൈവർമാർ പണിമുടക്കിൽ പങ്കെടുക്കുന്നില്ല. എന്നിരുന്നാലും പല അതിർത്തി പ്രദേശങ്ങളിലെയും ട്രെയിൻ സേവനങ്ങൾ വ്യാപകമായി തടസ്സപ്പെടുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പണിമുടക്ക് മൂലം ഉണ്ടാകുന്ന ജനങ്ങളുടെ ദുരിതം കുറയ്ക്കുന്നതിനായി ഈസ്റ്റ് കോസ്റ്റ് മെയിൻലൈനിൽ ട്രെയിനുകൾ ഓടിക്കുന്ന LNER ശനിയാഴ്ച ലണ്ടൻ, എഡിൻബർഗ്, വെസ്റ്റ് യോർക്ക്ഷയർ എന്നിവിടങ്ങളിൽ 35 സർവീസുകൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട് . ഇത് അവർ സാധാരണ നടത്തുന്ന സർവീസുകളുടെ 25% ആണ്.
ശമ്പള വർദ്ധനവിനും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കുമായാണ് ട്രെയിൻ ഡ്രൈവർമാർ പണിമുടക്കുന്നത്. ഏപ്രിൽ 5 വെള്ളിയാഴ്ചയ്ക്കും ഏപ്രിൽ 8 തിങ്കളാഴ്ചയ്ക്കും ഇടയിൽ 16 ട്രെയിൻ കമ്പനികളിലെ ജീവനക്കാരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. നേരത്തെ ലണ്ടൻ ഭൂഗർ ഡ്രൈവർമാരുടെ പണിമുടക്ക് ഏപ്രിൽ 8 തിങ്കളാഴ്ചയിലും മെയ് 4 ശനിയാഴ്ചയിലും പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു.
Leave a Reply