ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കെ :- ബ്രിട്ടനിൽ നിലവിൽ ഉണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി നികത്തി, സാമ്പത്തിക രംഗം സുസ്ഥിരമായ നിലയിലെത്തിക്കുവാൻ ജനങ്ങളെല്ലാവരും തന്നെ കൂടുതൽ നികുതി നൽകേണ്ടി വരുമെന്ന മുന്നറിയിപ്പ് ട്രഷറി നൽകി കഴിഞ്ഞിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഗവൺമെന്റിന്റെ ചെലവ് ചുരുക്കൽ നയം കൊണ്ട് മാത്രം സ്ഥിതി പൂർവസ്ഥിതിയിൽ എത്തുകയില്ലെന്നാണ് വിദഗ്ധർ നൽകുന്ന നിർദ്ദേശം. നവംബർ 17ന് പ്രഖ്യാപിക്കാനിരിക്കുന്ന ബഡ്ജറ്റിന് മുന്നോടിയായി ചാൻസലർ ജെറെമി ഹണ്ട് പ്രധാനമന്ത്രി റിഷി സുനക്കുമായി തിങ്കളാഴ്ച ചർച്ച നടത്തി. നികുതി വർദ്ധന അനിവാര്യമാണെന്നും കൂടുതൽ കടുത്ത തീരുമാനങ്ങൾ ഇത് സംബന്ധിച്ച് ഉണ്ടാകുമെന്നും ട്രഷറിയുമായി ബന്ധപ്പെട്ട മറ്റൊരു സ്രോതസ്സ് വ്യക്തമാക്കി.
നിലവിൽ ബ്രിട്ടൻ അഭിമുഖീകരിക്കുന്ന ‘ഫിസ്ക്കൽ ബ്ലാക്ക് ഹോൾ ‘ എത്ര തുകയാണെന്നത് സംബന്ധിച്ച് സർക്കാർ ഇതുവരെയും വിശദീകരണം ഒന്നും തന്നെ നൽകിയിട്ടില്ല. എന്നാൽ ഇത് കുറഞ്ഞത് 50 ബില്യൺ പൗണ്ട് തുകയെങ്കിലും ഉണ്ടാകുമെന്നാണ് മുൻപ് ബിബിസി പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. ലിസ് ട്രസ്സിന് ശേഷം റിഷി സുനക് അധികാരം ഏറ്റെടുത്തപ്പോൾ ജനങ്ങൾ എല്ലാവരും തന്നെ പ്രതീക്ഷയോടെ കാത്തിരുന്ന സാമ്പത്തിക പ്രസ്താവന രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നവംബർ 17ന് ഉണ്ടാകും.
ഗവൺമെന്റ് പദ്ധതികളെ സംബന്ധിച്ച് ഇതുവരെയും വ്യക്തമായ റിപ്പോർട്ടുകൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. എന്നാൽ മന്ത്രിമാർക്ക് ആദായനികുതി പരിധികൾ നിയന്ത്രിക്കാനും മരവിപ്പിക്കാനും കഴിയുന്ന തരത്തിലുള്ള നിയമനിർമ്മാണം ഉണ്ടാകുമെന്നാണ് പുറത്തുവന്ന ചില സൂചനകൾ വ്യക്തമാക്കുന്നത്. 50 ശതമാനം നികുതി വർദ്ധനവും, 50% ഗവൺമെന്റിന്റെ ചെലവ് വെട്ടിക്കുറക്കലും ഒരുമിച്ച് നടപ്പിലാക്കി നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് ചാൻസലർ ഹണ്ട് ശ്രമിക്കുന്നതെന്ന് ടെലഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തു. ലിസ് ട്രെസ്സിന്റെ കാലയളവിൽ പ്രഖ്യാപിച്ച സാമ്പത്തിക നയങ്ങളിൽ പലതും ചാൻസലറായി ചുമതലയേറ്റ ഉടൻ തന്നെ ഹണ്ട് തിരുത്തിയിരുന്നു. ഇത് സാമ്പത്തിക രംഗത്തെ കുറച്ചധികം ഉത്തേജിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നവംബർ 17ന് പ്രഖ്യാപിക്കാൻ ഇരിക്കുന്ന സാമ്പത്തിക പ്രസ്താവന വളരെയധികം പ്രാധാന്യമർഹിക്കുന്നുണ്ട്.
Leave a Reply