ന്യൂസ് ഡെസ്ക് , മലയാളം യുകെ
കോവിഡ് മഹാമാരിയെ നേരിടുന്ന യു.കെയിൽ നിന്ന് വ്യത്യസ്തമായ ന്യൂസുകളാണ് പല സമയവും ലഭിക്കുന്നത്. ചൈനയേക്കാളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം കൊറോണാ വൈറസ് ശക്തമായി ആഞ്ഞടിച്ചിരിക്കുന്ന യുകെയിലെ പ്രമുഖ നഗരമായ ലെസ്‌റ്ററിൽ കർശനമായ ലോക്ക്ഡൗൺ നിയമങ്ങൾ നിലവിൽ വന്നു. ഓഗസ്റ്റോടു കൂടി കോവിഡ് വീണ്ടും രാജ്യത്ത് പിടിമുറുക്കും എന്ന റിപ്പോർട്ടുകൾക്കിടയിലാണ് ലെസ്റ്ററും സ്റ്റോക്ക് ഓൺ ട്രെന്റും ഉൾപ്പെടെ മലയാളികൾ തിങ്ങി പാർക്കുന്ന നഗരങ്ങളിൽ വീണ്ടും കോവിഡിന്റെ ആക്രമണം ശക്തമായത് . ലെസ്റ്ററിലും സ്‌റ്റോക്ക് ഓൺ ട്രെന്റിലും കോവിഡ് ആഞ്ഞടിച്ചത് യു.കെ യിലെ മലയാളികളുടെ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ലെസ്റ്ററും സ്റ്റോക്ക് ഓൺ ട്രെന്റും ഉൾപ്പെടുന്ന നഗരങ്ങളും അതിന്റെ പരിസര പ്രദേശങ്ങളിലുമായിട്ട് ഏതാണ്ട് 2000 ത്തോളം മലയാളി കുടുംബങ്ങളാണ് ഉള്ളത്. ലെസ്റ്ററിൽ കൊറോണവൈറസ് മഹാമാരിയെ പിടിച്ചുകെട്ടാൻ വളരെ കർശനമായ നടപടികളുമായി ഭരണകൂടം മുന്നോട്ടു പോകുകയാണ്. ആവശ്യ സർവ്വീസുകൾ അല്ലാത്ത കടകൾ തുറക്കില്ല എന്ന് മാത്രമല്ല വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കാൻ ആണ് തീരുമാനം. ഇംഗ്ലണ്ടിലെ മറ്റ് സ്ഥലങ്ങളിൽ നടപ്പാക്കിയ റസ്റ്റോറന്റുകളും പബ്ബുകളും തുറക്കാനുള്ള തീരുമാനം ഉടനെയൊന്നും ലെസ്റ്ററിൽ നടപ്പാക്കില്ല.
ഇതിനിടയിൽ യുകെയിലെ മരണനിരക്ക് കുറയുന്നത് നേരിയ ആശ്വാസം പ്രദാനം ചെയ്യുന്നുണ്ട്.
മരണ നിരക്ക് കുറയുന്നത് കൊറോണ വൈറസ് വ്യാപനം പൊതുവെ കുറയുന്നതിന്റെ ലക്ഷണം ആയിട്ടാണ് വിലയിരുത്തുന്നത്. ജൂൺ 19 വരെയുള്ള ആഴ്ചയിൽ രജിസ്റ്റർ ചെയ്ത 10,681 മരണങ്ങളിൽ 849 (8%) പേർ മാത്രമാണ് കോവിഡ് -19 മൂലം മരണപ്പെട്ടത് .ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായിട്ടാണ് ഇത്രയും കുറഞ്ഞ കോവിഡ് -19 മൂലമുള്ള മരണനിരക്ക് രേഖപ്പെടുത്തുന്നത്.
Leave a Reply