ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : എൻഎച്ച്‌എസും ഫ്ലോറിഡ ആസ്ഥാനമായുള്ള ജ്വല്ലറി ഡിസൈനറും തമ്മിൽ പിപിഇ ഇടപാട് സ്ഥാപിക്കുന്നതിന് സ്പാനിഷ് ഇടനിലക്കാരന് നൽകിയത് 21 മില്യൺ പൗണ്ട്. മാഡ്രിഡിൽ നിന്നുള്ള ഗബ്രിയേൽ ഗോൺസാലസ് ആൻഡേഴ് സിനാണ് യുകെ നികുതിദായകരുടെ പണമായ 21 മില്യൺ പൗണ്ട് നൽകിയത്. പിപിഇ വിതരണം ചെയ്യുന്ന 31 കാരനായ മൈക്കൽ സൈഗറിന്റെ കീഴിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. ബ്രിട്ടീഷ് മന്ത്രിമാർ സൈഗറിന്റെ സ്ഥാപനത്തിന് നിരവധി ലാഭകരമായ കരാറുകൾ നൽകിയിട്ടുണ്ട്. ദശലക്ഷക്കണക്കിന് പിപിഇ ഇനങ്ങൾ വേഗത്തിൽ നൽകാൻ കഴിയുന്ന നിർമ്മാതാക്കളെ കണ്ടെത്തുകയായിരുന്നു ആൻഡേഴ്സന്റെ ജോലി. ജൂണിൽ സൈഗറുമായി മൂന്ന് കരാറുകൾ ഒപ്പിടുന്നതിന് മുമ്പ് രണ്ട് എൻ എച്ച് എസ് കരാറുകൾക്കായി 21 മില്യൺ പൗണ്ട് ആൻഡേഴ്സണ് നൽകിയിരുന്നു. എന്നാൽ പിന്നീട് അവരുടെ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാവുകയും ഇത് കോടതി പോരാട്ടത്തിലേക്ക് നയിക്കുകയും ചെയ്തു.
കരാർ ലംഘിച്ചതിനും തട്ടിപ്പിനും സൈഗർ ഇപ്പോൾ മിസ്റ്റർ ആൻഡേഴ്സണെതിരെ കേസുകൊടുത്തിട്ടുണ്ട്. അടുത്തിടെ, മൂന്ന് കരാറുകൾ നിർവഹിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്നും സൈഗർ ആരോപിച്ചു. ഈ വർഷം ആദ്യം, കൊറോണ വൈറസ് മഹാമാരി ലോകമെമ്പാടും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുമ്പോൾ, ഫ്ലോറിഡ ആസ്ഥാനമായുള്ള ജ്വല്ലറി ഡിസൈനർ മൈക്കൽ സൈഗർ സർക്കാരുകൾക്ക് പിപിഇ വിതരണം ചെയ്യുന്നതിനായി ഒരു ബിസിനസ്സ് ആരംഭിച്ചു. എൻഎച്ച്‌എസിന് ദശലക്ഷക്കണക്കിന് കയ്യുറകളും ശസ്ത്രക്രിയാ വസ്ത്രങ്ങളും നൽകുന്നതിന് മൂന്ന് കരാറുകൾ കൂടി ജൂണിൽ സൈഗർ ഒപ്പുവച്ചു. എന്നാൽ ഇതിനു മുമ്പ് തന്നെ അൻഡേഴ്സൺ 21 മില്യൺ പൗണ്ട് നേടിയെടുത്തിരുന്നു. ഇതുവരെ യുകെയിലെ ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് (ഡിഎച്ച്എസ്സി) സൈഗറിന്റെ കമ്പനിയായ സൈഗർ എൽഎൽസിയുമായി 200 മില്യൺ പൗണ്ടിലധികം വരുന്ന കരാറുകൾ പ്രസിദ്ധീകരിച്ചു. എല്ലാ കരാറുകൾക്കും ശരിയായ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
കൊറോണ വൈറസ് പകർച്ചവ്യാധിയുടെ ആദ്യ തരംഗത്തിൽ ഡിഎച്ച്എസ് സി ഒപ്പിട്ട പിപിഇ കരാറുകളെക്കുറിച്ച് ആശങ്കകൾ ഉന്നയിക്കുന്നത് ഇതാദ്യമല്ല. സുരക്ഷാ കാരണങ്ങളാൽ സർക്കാർ വാങ്ങിയ 50 ദശലക്ഷം ഫെയ്‌സ് മാസ്കുകൾ എൻഎച്ച്‌എസിൽ ഉപയോഗിക്കാൻ കഴിയില്ലെന്ന് ഈ വർഷം ആദ്യം ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. പിപിഇ വിതരണം ചെയ്യുന്നതിനായി വകുപ്പ് അശ്രാന്തമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഡിഎച്ച്‌എസ്‌സി വക്താവ് പറഞ്ഞു. ഇതുവരെ 4.9 ബില്യണിലധികം സാധനങ്ങൾ മുൻനിര ആരോഗ്യ പ്രവർത്തകർക്ക് കൈമാറിയിട്ടുണ്ട്. എല്ലാ സർക്കാർ കരാറുകളിലും ഉചിതമായ ജാഗ്രത പുലർത്തുന്നുണ്ടെന്നും ഈ പരിശോധനകൾ വളരെ ഗൗരവമായി കാണുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Reply