ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ചരക്ക് കപ്പലുകൾക്ക് സുഗമമായി കടന്നു പോകുന്നതിനായി ചെങ്കടലിലെ പാത സുരക്ഷിതമാക്കുവാൻ യുഎസിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ പ്രോസ്പിരിറ്റി ഗാർഡിയനിൽ ബ്രിട്ടീഷ് യുദ്ധക്കപ്പലായ എച്ച് എം എസ് ഡയമണ്ടും പങ്കുചേർന്നിരിക്കുകയാണ്. ചെങ്കടലിൽ ഇറാൻ പിന്തുണയുള്ള ഹൂത്തികൾ നടത്തിയ ഏറ്റവും വലിയ ആക്രമണത്തെ കപ്പൽ വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് പറഞ്ഞു. സീ വൈപ്പർ ആന്റി-എയർ മിസൈൽ സിസ്റ്റം ഉപയോഗിച്ച് മറ്റ് കപ്പലുകളെ വ്യോമ പ്രതിരോധത്തോടെ സംരക്ഷിക്കുക എന്നതാണ് കപ്പലിന്റെ പ്രധാന നിയോഗമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ശത്രു ഭീഷണികൾ ദൂരെ നിന്നുതന്നെ അറിയുവാൻ ഇതിലൂടെ സാധിക്കുമെന്നും, ചരക്ക് കപ്പലുകൾ തടയാനുള്ള ഹൂതികളുടെ നീക്കത്തെ ഏതു വിധേനയും തടയുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹൂതി സംഘം ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ, യെമനിലെ ഇറാൻ ആസ്ഥാനമായുള്ള വിമത ഗ്രൂപ്പായ ഹൂതികൾക്കെതിരെ പ്രതികാര ആക്രമണം നടത്താൻ അമേരിക്കയും യുണൈറ്റഡ് കിംഗ്ഡവും ഒന്നിക്കും എന്ന മുന്നറിയിപ്പ് നേരത്തെ തന്നെ നൽകി കഴിഞ്ഞിരുന്നു. എച്ച് എം എസ് ഡയമണ്ടിന് പുറമെ, എച്ച് എം എസ് റിച്ച്മെണ്ട് എന്ന കപ്പലും ബ്രിട്ടൻ ചെങ്കടലിൽ വിന്യസിച്ചിട്ടുണ്ട്. ചെങ്കടലിലൂടെയുള്ള പെട്രോളിങ്ങിനാണ് ഈ കപ്പൽ കൂടുതലായും ഉപയോഗിക്കുക എന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതിനിടെ യെമനിലെ ഹൂതി താവളങ്ങൾ തകർക്കാൻ ലക്ഷ്യമിട്ട് യുഎസും യുകെയും നടത്തിയ വ്യോമാക്രമണം, ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ പ്രദേശത്തെ സംഘർഷങ്ങൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്. യുഎസ് ഭരണകൂടം ആഹ്വാനം ചെയ്ത വ്യോമാക്രമണത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അനുമതി നൽകിയതായും ബ്ലൂംബര്‍ഗ് റിപ്പോർട്ട് ചെയ്തു. പാലസ്തീനിലെ തങ്ങളുടെ സഖ്യകക്ഷിയായ ഹമാസിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്, ഗാസയിൽ നടക്കുന്ന യുദ്ധത്തിൽ പ്രതിഷേധിച്ചാണ് ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ എല്ലാം തന്നെ ഹൂതികൾ ആക്രമിക്കുവാൻ ശ്രമിച്ചത്. എന്നാൽ ആക്രമണത്തിൽപ്പെട്ട കപ്പലുകൾക്ക് ഇസ്രായേലുമായി യാതൊരു ബന്ധവും ഇല്ല. തുടർന്ന് ചെങ്കടലിലൂടെയുള്ള ചരക്ക് ഗതാഗതം താറുമാറാകുന്ന സാഹചര്യത്തിലാണ് യുഎസ്, യുകെ പോലെയുള്ള വൻ ശക്തികൾ പ്രശ്നത്തിൽ ഇടപെട്ടത്. ചെങ്കടലിലെ ആക്രമണങ്ങൾ പല രാജ്യങ്ങളുടെയും വിതരണ ശൃംഖലയെയും എണ്ണവിലയെയും സാരമായി ബാധിച്ചു. ഇത്തരം ഒരു സാഹചര്യത്തിൽ കാര്യങ്ങൾ എങ്ങനെയാകുമെന്ന് വിലയിരുത്തുകയാണ് ലോകരാജ്യങ്ങൾ.
Leave a Reply