ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ തുടരുന്നുവെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങൾ ഉൾപ്പെടെ കേന്ദ്ര സർക്കാറിൻെറ ചില നടപടികൾ ജനാധിപത്യ മൂല്യങ്ങളുമായി യോജിക്കുന്നില്ലെന്ന് യു.എസ്.
വിദേശകാര്യ ഉപസമിതിയിൽ ഇന്തോ-പസഫിക്കിലെ ജനാധിപത്യത്തെക്കുറിച്ചുള്ള കോൺഗ്രസ് അംഗങ്ങളുടെ യോഗത്തിനിടെയാണ് ദക്ഷിണ, മധ്യേഷ്യ സ്റ്റേറ്റ് ആക്ടിംഗ് അസിസ്റ്റൻറ് സെക്രട്ടറി ഡീൻ തോംസൺ ഇക്കാര്യം അറിയിച്ചത്.
‘ശക്തമായ നിയമവാഴ്ചയും സ്വതന്ത്ര ജുഡീഷ്യറിയുമുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ തുടരുകയാണ്. അമേരിക്കയുമായി ശക്തവും തന്ത്രപരവുമായ പങ്കാളിത്തമാണ് ഇന്ത്യക്കുള്ളത്. എന്നിരുന്നാലും, സർക്കാറിൻെറ ചില നടപടികൾ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള വിലക്ക്, മനുഷ്യാവകാശ പ്രവർത്തകരെയും പത്രപ്രവർത്തകരെയും തടങ്കലിൽ വെക്കൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങളിൽ യു.എസ് പതിവായി ഇടപെടുന്നുണ്ട്’ -തോംസൺ പറഞ്ഞു.
പാകിസ്താനിലും ബംഗ്ലാദേശിലും മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങളെക്കുറിച്ച് അമേരിക്കക്ക് ആശങ്കയുണ്ടെന്ന് നിയമനിർമാതാക്കളുടെ ചോദ്യത്തിന് മറുപടിയായി തോംസൺ പറഞ്ഞു. ‘അതുപോലെ, ചില സമയങ്ങളിൽ ഇന്ത്യയിലും ഇത് സംഭവിക്കുന്നു. എന്നിരുന്നാലും ഇന്ത്യയിൽ മൊത്തത്തിൽ ഊർജ്ജസ്വലമായ മാധ്യമപ്രവർത്തനവും സർക്കാറിനെക്കുറിച്ച് വിമർശിക്കാനുള്ള സ്വാതന്ത്ര്യവും ലഭിക്കുന്നു’ -തോംസൺ കൂട്ടിച്ചേർത്തു.
പെൻസിൽവാനിയയിൽ നിന്നുള്ള കോൺഗ്രസ്വുമൺ ക്രിസി ഹൗലഹാൻ യോഗത്തിൽ കശ്മീർ വിഷയം ഉന്നയിച്ചു. ‘എൻെറ പ്രദേശത്ത് ഏറെ കശ്മീരികളുണ്ട്. ഇന്ത്യയിൽ കശ്മീരി ജനതയോടുള്ള സമീപനത്തിൽ ആശങ്കയുണ്ട്. ഈ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ അമേരിക്കൻ ഭരണകൂടവും ഇന്ത്യൻ സർക്കാറും തമ്മിൽ നടക്കുന്ന ചർച്ചകൾ എന്താണ്, അവ ഇവിടെ പങ്കുവെക്കാൻ കഴിയമോ’ -ക്രിസി ഹൗലഹാൻ ചോദിച്ചു.
ഇന്ത്യയിലെ ജനാധിപത്യ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ബൈഡൻ ഭരണകൂടം പതിവായി ഉന്നയിക്കുന്നുണ്ടെന്ന് തോംസൺ മറുപടി പറഞ്ഞു. ‘കശ്മീരിൽ കഴിയുന്നത്ര വേഗത്തിൽ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തടവുകാരുടെ മോചനം, 4ജി പുനഃസ്ഥാപിക്കൽ എന്നിവയെല്ലാം നടന്നു’ -തോംസൺ കൂട്ടിച്ചേർത്തു.
Leave a Reply