ഇംഗ്ലണ്ടിലെ ലിവർപൂളിനടുത്തുള്ള കിർക്കിബി എന്ന സ്ഥലത്താണ് ബെക്ക് എഡ്മണ്ട് എന്ന സ്ത്രീ താമസിക്കുന്നത്. ഭർത്താവ് മരിച്ച ഇവർ തനിച്ചാണ് താമസിക്കുന്നത്. അർധരാത്രി കഴിഞ്ഞപ്പോൾ ആരോ ഇവരുടെ വാതിലിൽ മുട്ടിവിളിച്ചു. തനിച്ചായിരുന്നതുകൊണ്ട് വാതിൽ തുറക്കാൻ ബെക്ക മടിച്ചു. അപ്പോൾ കത്തുകൾ ഇടാൻ വാതിലിൽ ഉണ്ടാക്കിയിരിക്കുന്ന വിടവിലൂടെ ആരോ തന്നോട് സംസാരിക്കുന്നതുപോലെ ബെക്കയ്ക്കു തോന്നി. ഒരു സ്ത്രീയുടെ ശബ്ദമാണ് കേൾക്കുന്നത്.
എനിക്ക് പോകാൻ ഒരിടമില്ല, വാതിൽ തുറന്നു തരണം എന്ന് അഭ്യർഥിക്കുകയാണ്. എന്നാൽ ബെക്ക വാതിൽ തുറന്നില്ല. ഏകദേശം ഒരു മണിക്കൂറോളം ഈ മുട്ടലും അഭ്യർഥനയും തുടങ്ങി. ഇടയ്ക്ക് ഭീഷണി കലർന്ന സ്വരത്തിലും സംസാരിച്ചു. ഭയന്നു വിറച്ച ബെക്ക മുറിക്കുള്ളിൽ കയറി കതകടച്ചിരുന്നു. പിറ്റേദിവസം അയൽക്കാരിയുമായി ഇക്കാര്യം സംസാരിച്ചപ്പോൾ അവർക്ക് മറ്റൊരു ദിവസം സമാനമായ അനുഭവമുണ്ടായതായി പറഞ്ഞു. അവിടെയും എഴുത്തിടാൻ വാതിലിൽ ഉണ്ടാക്കിയ ചെറിയ വിടവിലൂടെയാണ് സ്ത്രീയുടെ ശബ്ദം കേട്ടത്. കള്ളൻമാരായിരിക്കും എന്നു കരുതി അവരും വാതിൽ തുറന്നില്ല. പിന്നീട് ബെക്കും അയൽക്കാരിയും ചേർന്നു നടത്തിയ അന്വേഷണത്തിൽ സമാനമായ നിരവധി സംഭവങ്ങൾ ആ ചെറിയ പ്രദേശത്ത് ഉണ്ടായതായി മനസിലാക്കി. എല്ലായിടത്തും സ്ത്രീയുടെ ശബ്ദം കേൾക്കുന്നത് വാതിലിലുള്ള എഴുത്തിടാനുള്ള പെട്ടിയിലൂടെ.
പുലർച്ചെ രണ്ടിനും അഞ്ചിനുമിടയിലാണ് സംഭവം നടക്കുന്നത്.മിക്കവരും തന്നെ മോഷണം ഭയന്ന് വാതിൽ തുറന്നില്ല. തുറന്നവർക്ക് ആരേയും കാണാനും കഴിഞ്ഞില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് പോലീസ് സ്റ്റേഷനിൽ ലഭിച്ചിരിക്കുന്നത്. പക്ഷെ പോലീസ് അരിച്ചുപെറുക്കിയിട്ടും നാട്ടുകാർ പറയുന്ന സ്ത്രീയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഏതായാലും വാതിലിന്റെ വിടവിലൂടെ സംസാരിക്കുന്ന സ്ത്രീയെ പേടിച്ചാണ് ഇവിടത്തുകാർ ഓരോ ദിവസവും ചെലവഴിക്കുന്നത്.
Leave a Reply