അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ആറുവർഷമായി വാൻ ഹൗസിൽ മാത്രം ജീവിച്ച് ലോകം ചുറ്റുന്ന ബ്രിട്ടീഷ് ദമ്പതിമാരുടെ ജീവിതകഥ മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു. ഇവരിൽ എസ്ഥറിനെ പൈറീനീസിൽ ട്രെക്കിങ്ങിനിടെ കാണാതായി എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. പൈറീനീസ് പർവ്വതനിര സ്പെയിനിനും ഫ്രാൻസിനും ഇടയിൽ 430 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്നതും സമുദ്രനിരപ്പിൽ നിന്ന് 3400 മീറ്ററിൽ അധികം ഉയരത്തിലുള്ളതുമാണ്. 37കാരിയായ എസ്ഥർ ഡിംഗ്ലി കഴിഞ്ഞ ഞായറാഴ്ചയാണ് പങ്കാളിയുമായി അവസാനമായി വാട്സ് ആപ്പ് വഴി സംസാരിച്ചത്. ബുധനാഴ്ച ട്രെക്കിങ് അവസാനിപ്പിക്കേണ്ടതായിരുന്നെങ്കിലും എസ്ഥർ തിരിച്ചെത്തിയില്ല.

നവംബർ 22ന് ഏകദേശം ഉച്ചകഴിഞ്ഞ് 4 മണിക്ക് പർവ്വതത്തിൻെറ മുകളിൽ എസ്ഥർ ഉണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്പെയിനിലെ ബെനാസ്‌ക്യുവിൽനിന്ന് ശനിയാഴ്ച ട്രെക്കിങ് തുടങ്ങിയ എസ്ഥർ ഞായറാഴ്ച രാത്രി ഫ്രാൻസിൽ ചെലവഴിക്കാൻ പദ്ധതിയിട്ടിരുന്നു. എസ്ഥറിനു വേണ്ടിയുള്ള തിരച്ചിലിൽ പുരോഗതി ഒന്നുമില്ല എന്നു മാത്രമല്ല നേരിയ മഞ്ഞുവീഴ്ചയോടെ താപനില കുറയുകയും ചെയ്യുകയാണ്. എസ്ഥറിനെ കാണാതായ സ്ഥലത്ത് ഹെലികോപ്റ്ററുകളുടെയും പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളുടെയും സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്.

ജീവിതം അക്ഷരാർഥത്തിൽ പറന്നു നടന്നാസ്വദിക്കുന്ന ഈ ദമ്പതിമാരുടെ കഥ കേൾക്കുമ്പോൾ ഉത്തമഗീതം ഓർമ്മവരും: അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം; അവിടെവച്ച് ഞാന്‍ നിനക്ക് എന്റെ പ്രേമം തരും.