അര്‍ജന്റീനയില്‍നിന്ന് മനുഷ്യക്കടത്തുകാർ എൺപതുകളില്‍ കടത്തിക്കൊണ്ടുപോയ പെൺകുട്ടിയെ 32 വർഷത്തിനുശേഷം ബോളീവിയയിൽ നിന്ന് രക്ഷപ്പെടുത്തി. ക്രിസ്മസ് നാളിലാണ് ഇവര്‍ കുടുംബത്തിനൊപ്പം ചേരുന്നത്. ഇപ്പോൾ 45 വയസ് പ്രായമുള്ള ഇവർക്ക് അന്ന് 13 വയസ്മാത്രമായിരുന്നു.

ഇവരുടെ മൂത്ത സഹോദരിയെയും ഒപ്പം തട്ടിക്കൊണ്ട് പോയിരുന്നു. അന്ന് ഇരുവരുമെത്തിപ്പെട്ടത് ഒരുപെൺവാണിഭ സംഘത്തിലായിരുന്നു. മൂന്ന് മാസത്തിനു ശേഷം സഹോദരി രക്ഷപ്പെട്ടു. എന്നാൽ ഇവരെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. അര്‍ജന്റീന, ബൊളീവിയന്‍ പോലീസുകാര്‍ സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഇവരെ മോചിപ്പിക്കാനായത്.

WhatsApp Image 2024-12-09 at 10.15.48 PM

ഇവര്‍ ദക്ഷിണ ബൊളീവിയയിലെ ബെര്‍മെജോയില്‍ ഉണ്ടെന്ന് അടുത്തിടെയാണ് പോലീസിന് സൂചന ലഭിച്ചത്. ഇവിടെ ഒരു ഗ്യാരേജിൽ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു ഈ സ്ത്രീ. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒൻപതു വയസുകാരനായ മകനെയും പോലീസ് രക്ഷപ്പെടുത്തി. ഇരുവരുടേയും പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ദിവസങ്ങൾക്കു മുൻപാണ് പോലീസ് ഇവരെ മോചിപ്പിച്ചതെങ്കിലും കഴിഞ്ഞ ദിവസമാണ് ഇവരെ മാര്‍ ഡെല്‍ പ്ലാറ്റയിലെ വീട്ടില്‍ തിരിച്ചെത്തിച്ചത്. അർജന്റീനയിൽ പത്തുവർഷത്തിനിടെ 12,000 പേരാണ് തട്ടിക്കൊണ്ടുപോയശേഷം ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുള്ളത്.