ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡെൽറ്റാ വേരിയന്റ് ഏറ്റവും ഗുരുതരമായി ബാധിച്ച ബ്രിട്ടനിൽ ഒമിക്രോൺ വളരെ വേഗത്തിൽ പടർന്നു കൊണ്ടിരിക്കുകയാണ്. ഡെൽറ്റയെക്കാൾ അതിവേഗം ഒമൈക്രോൺ വ്യാപിച്ചിട്ടുണ്ടെന്നും സാമൂഹിക വ്യാപനം സംഭവിച്ചിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. വളരെ തീവ്രത കുറഞ്ഞ രോഗലക്ഷണങ്ങൾ മാത്രമാണ് ഒമൈക്രോൺ ബാധിതർ പ്രകടിപ്പിക്കുന്നത്. അതിനാൽ തന്നെ ഒമൈക്രോൺ ബാധിച്ചതിനെ തുടർന്ന് റിപ്പോർട്ട് ചെയ്‌തിട്ടുള്ള ആശുപത്രിവാസ കണക്കുകൾ താരതമ്യേനെ കുറവാണ്. എന്നാൽ ഈ വകഭേദം എത്രത്തോളം അപകടകാരിയാണെന്ന് സ്‌ഥിരീകരിക്കാൻ ഇപ്പോഴത്തെ ഡേറ്റ മതിയാകില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ബ്രിട്ടനിൽ കോവിഡിൻെറ പുതിയ വകഭേദമായ ഒമൈക്രോണിൻെറ തരംഗം ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതിരുന്നാൽ എന്തു സംഭവിക്കുമെന്നുള്ളതിന് മുൻകാല അനുഭവങ്ങൾ പാഠമാണെന്നും ബോറിസ് ജോൺസൺ കൂട്ടിച്ചേർത്തു. ഒമൈക്രോൺ കേസുകൾ രാജ്യത്ത് ഉയർന്നു വരുന്ന സാഹചര്യത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ ബ്രിട്ടൻ വേഗത്തിലാക്കിയിരുന്നു. ബൂസ്റ്റർ ഡോസുകൾ രോഗതീവ്രത നിയന്ത്രിച്ചു നിർത്തുമെന്നാണ് പ്രതീക്ഷയെങ്കിലും കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കാൻ അദ്ദേഹം നിർദേശം നൽകി.

ഒമൈക്രോൺ തീവ്രത കുറഞ്ഞതാണെന്ന നിഗമനത്തിലേക്ക് എത്തിച്ചേരാൻ സമയമായിട്ടില്ലെന്നും വ്യാപന ശേഷി കൂടുന്നതു മൂലം അണുബാധയുടെ തീവ്രത കുറയുമെന്ന് കരുതുന്നില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. നിയന്ത്രണങ്ങൾ കർശനമാക്കിയില്ലെങ്കിൽ അടുത്ത വർഷം ആദ്യത്തോടെ ബ്രിട്ടനിൽ ഒമൈക്രോൺ തരംഗമുണ്ടായേക്കാമെന്ന് ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീനിൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ (എൽഎസ്എച്ച്ടിഎം) മുന്നറിയിപ്പ് നൽകി. അടുത്ത വർഷം ഏപ്രിലോടെ 25,000 മുതല്‍ 75,000വരെ ആളുകൾ മരിക്കാൻ ഇടയുണ്ടെന്നും എൽഎസ്എച്ച്ടിഎം പ്രവചിച്ചിരുന്നു. ഡെൽറ്റ വകഭേദത്തേക്കാൾ വളരെ വേഗത്തിൽ ഒമൈക്രോൺ വ്യാപിക്കുമെന്നും എൽഎസ്എച്ച്ടിഎം മുന്നറിയിപ്പ് നൽകി. ക്രിസ്മസും പുതുവത്സര ആഘോഷങ്ങളും കഴിയുന്നതോടെ പ്രതിദിനം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.