ന്യൂസ് ഡെസ്ക്, മലയാളം യുകെ
കൊൽചെസ്റ്റർ: എൻഎച്ച്എസിന്റെ നിർണായക ഇടപെടലിലൂടെ ലോകത്തിലെ ഏറ്റവും ചെലവേറിയ ജീൻ തെറാപ്പി മരുന്ന് ലഭിച്ച അഞ്ച് വയസുകാരന്‍ ഇന്ന് തനിയെ നടക്കാൻ കഴിയുന്ന നിലയിലേക്ക് എത്തിയിരിക്കുന്നത് മെഡിക്കൽ ലോകത്തിന് വലിയ പ്രതീക്ഷയാണ്. ഇംഗ്ലണ്ടിലെ കൊൽചെസ്റ്റർ സ്വദേശിയായ എഡ്വേഡാണ് അപൂർവ രോഗമായ സ്പൈനൽ മസ്‌കുലാർ അട്രോഫി (SMA) ബാധിച്ചിരുന്നുവെങ്കിലും ചികിത്സയ്ക്ക് ശേഷം അത്ഭുതകരമായ പുരോഗതി കൈവരിച്ചത്. കുഞ്ഞിന് ലഭിച്ച ചികിത്സയെ തുടർന്ന് അവിശ്വസനീയമായ മാറ്റങ്ങളാണ് ഉണ്ടായതെന്ന് അമ്മ മേഗൻ പറഞ്ഞു.

മസിലുകളുടെ വളർച്ചയ്ക്ക് അനിവാര്യമായ പ്രോട്ടീൻ ശരീരത്തിൽ ഇല്ലാതാകുന്ന ജനിതക രോഗമാണ് എസ് എം എ . ഇതിനെതിരെയുള്ള ജീൻ തെറാപ്പിയായ ‘സോൾജൻസ്മ’ (Zolgensma) എഡ്വേഡിന് ശൈശവ കാലത്തുതന്നെ കുഞ്ഞിന് നൽകുകയായിരുന്നു. ഒരുതവണ മാത്രം നൽകുന്ന ഈ ചികിത്സയ്ക്ക് 17.9 ലക്ഷം പൗണ്ട് (ഏകദേശം ₹19 കോടി) ചെലവുണ്ട്. 2021-ൽ എൻഎച്ച്എസിലൂടെ ഈ മരുന്ന് ലഭിച്ച ഇംഗ്ലണ്ടിലെ ആദ്യ കുട്ടികളിൽ ഒരാളായിരുന്നു എഡ്വേഡ്.

ചികിത്സയ്ക്കുശേഷം സാധ്യമാവുമെന്ന് ഒരിക്കലും കരുതാത്ത നിരവധി മാറ്റങ്ങളാണ് എഡ്വേഡ് കൈവരിച്ചതെന്ന് അമ്മ മേഗൻ പറഞ്ഞു. ഇന്ന് സ്വതന്ത്രമായി നടക്കാൻ കഴിയുന്ന നിലയിലേക്കെത്തിയ മകൻ തന്റെ എല്ലാ സന്തോഷവും ആണെന്നും അവർ കൂട്ടിച്ചേർത്തു. അപൂർവ ജനിതക രോഗങ്ങൾക്കുള്ള നവീന ചികിത്സകൾ മനുഷ്യജീവിതം മാറ്റിമറിക്കാനാകുമെന്നതിന് എൻഎച്ച്എസിന്റെ പിന്തുണയോടെ നേടിയ ഈ വിജയം ശക്തമായ ഉദാഹരണമായി മാറുകയാണ്.











Leave a Reply