ഷിബു മാത്യൂ. മലയാളം യുകെ ന്യൂസ്

ഹറോഗേറ്റിലെ യോർക്ഷയർ കേരള കമ്മ്യൂണിറ്റിയുടെ പ്രഥമ സംരംഭമായ ഫുഡ് ഫെസ്റ്റും അതിനോടനുബന്ധിച്ചുള്ള നാല് മൈൽ നടത്തവും ജൂൺ 23 ഞായറാഴ്ച്ച വളരെ വിപുലമായ പരിപാടികളോടെ റിപ്പണിൽ നടന്നു. റിപ്പൺ സ്റ്റഡ്ലി റോയൽ ക്രിക്കറ്റ് ക്ലബിൽ ഞായറാഴ്ച്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ആരംഭിച്ച ഫുഡ് ഫെസ്റ്റ് ഡോ. അഞ്ചു ഡാനിയേൽ ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്തു. ഒരു ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഫുഡ് ഫെസ്റ്റിന് ഒരുപാട് പ്രത്യേകതകളുണ്ടായിരുന്നു. വിശാലമായ ക്രിക്കറ്റ് ഗ്രൗണ്ടിൽ യോർക്ഷയർ കേരള കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ പ്രായഭേദമെന്യേ ഓടിക്കളിക്കുന്ന രംഗങ്ങളാണ് ഫുഡ് ഫെസ്റ്റ് തുടങ്ങുന്നതിന് മുമ്പ് കാണാൻ സാധിച്ചത്.

പന്ത്രണ്ട് മണിയോടെ ഫുഡ് ഫെസ്‌റ്റിൻ്റെ ഔദോഗിക പരിപാടികൾ ആരംഭിച്ചു. പ്രസിഡൻ്റ് ബിനോയി അലക്സ്റ്റ് സ്വാഗതമരുളി യോർക്ഷയർ കേരള കമ്മ്യൂണിറ്റിയുടെ ഭാരവാഹികളായ സിനി ജയൻ (സെക്രട്ടറി) ജോഷി ജോർജ്ജ് (ട്രഷറർ), ഗ്ലാഡിസ് പോൾ | (ജോയിൻ്റ് സെക്രട്ടറി) കുരിയൻ പൈലി (ജനറൽ കോർഡിനേറ്റർ) കൂടാതെ ഈവൻ്റ് കോർഡിനേറ്ററുമാരായ സിജിമോൾ കരേടൻ , ബെൻസ് തോമസ്, പ്രീതി ലിജോ, ആഷ്ലിൻ വർഗ്ഗീസ് എന്നിവരെ ഗ്രൗണ്ടിൻ്റെ പ്രധാന പ്ലാറ്റ്ഫോമിലെത്തിച്ചു. തുടർന്ന് വിശിഷ്ടാതിഥികളായ ഡോ. സുധിൻ ഡാനിയേൽ, ഡോ. സിബു മുകുന്ദൻ, ഡോ. അഞ്ചു ഡാനിയേൽ, ഫുഡ് ഫെസ്റ്റിൻ്റെ പ്രധാന സ്പോൺസറായ പീകോക് മാനർ നേഴ്സിംഗ് ഹോമിൻ്റെ മാനേജിംഗ് ഡയറക്ടർ ജെയ്മോൻ ലൂക്കോസ് ഫുഡ് ഫെസ്റ്റിന് വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കിയ കാൽവരി കെറ്റേഴ്സ് ഷെഫീൽഡിൻ്റെ ഷെഫ് ബിജോമോനെയും നിറ കൈയ്യടിയോടെ വേദിയിലേയ്ക്ക് ആനയ്ച്ചു. തുടർന്ന് ഡോ. അഞ്ചു ഡാനിയേൽ ഫുഡ് ഫെസ്റ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനത്തിന്‌ ശേഷം വളരെ ആസ്വാദന പ്രാധാന്യമുള്ള നിരവധി ഫൺ ഗെയിംസ് ജോയിൻ്റ് സെക്രട്ടറി ഗ്ലാഡിസ് പോളിൻ്റെ നേതൃത്വത്തിൽ ഈവൻ്റ് കോർഡിനേറ്റേഴ്സായ സിജിമോൾ കരേടൻ, ബെൻസ് തോമസ്സ്, പ്രീതി ലിജോ, ആഷ്ലിൻ വർഗ്ഗീസ് എന്നിവർ ചേർന്ന് ആരംഭിച്ചു. പ്രായഭേദമെന്യെ യോർക്‌ഷയർ കേരളാ കമ്മ്യൂണിറ്റിയിലെ എല്ലാ അംഗങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ പാകത്തിലുള്ള നിരവധിയായ ഫൺ ഗെയിംസുകളാണ് സംഘാടകർ ഒരുക്കിയിരുന്നത്. കേരളത്തിൻ്റെ ഗ്രാമപ്രദേശങ്ങളിൽ ഇന്നും നിലനില്ക്കുന്ന വാല് പറി മത്‌സരം ഏറ്റവും ജനശ്രദ്ധ നേടിയ ഒരിനമായിരുന്നു. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്കു വരെ പ്രത്യേകമായും കൂട്ടായും സംഘടിപ്പിച്ച ഗെയിംസുകളിൽ യോർക്ഷയർ കേരള കമ്മ്യൂണിറ്റിയിലെ ഒട്ടുമിക്ക അംഗങ്ങളും പങ്കെടുത്തു എന്നത് കമ്മ്യൂണിറ്റിയുടെ കെട്ടുറപ്പിനെ ചൂണ്ടിക്കാണിക്കുന്നു.

 


ഫൺ ഗെയിംസിനോടൊപ്പം ഷെഫ് ജെയ്മോൻ ഒരുക്കിയ കേരള സ്റ്റൈൽ, നോർത്തിന്ത്യൻ സ്റ്റൈൽ തുടങ്ങി ചൈനീസ് രുചികളോടൊപ്പമുള്ള നിരവധിയായ ഭക്ഷണങ്ങൾ സ്റ്റാളുകളിൽ ലഭ്യമായിരുന്നു. ലൈവായി പാചകം ചെയ്തു കൊടുക്കുന്ന ധാരാളം വിഭവങ്ങളും ഫുഡ് ഫെസ്റ്റിലുണ്ടായിരുന്നു. യോർക്ഷയർ കേരള കമ്മ്യൂണിറ്റിക്കകത്തു നിന്നും പുറത്തു നിന്നുമായി നിരവധിയാളുകളാണ് ഫുഡ് ഫെസ്റ്റിൽ പങ്കെടുക്കാനെത്തിയത്.

നാല് മണിയോടെ ഫുഡ് ഫെസ്റ്റ് അവസാനിച്ചു. തുടർന്ന് ഫുഡ് ഫെസ്റ്റിനോട് അനുബന്ധിച്ചു നടക്കുന്ന നാല് മൈൽ നടത്തത്തിൻ്റെ ഉദ്ഘാടനമായിരുന്നു. “സ്ഥിരമായ നടത്തവും മനുഷ്യ ജീവനും” എന്ന വിഷയത്തെ ആസ്പദമാക്കി കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്ക് സന്ദേശം നൽകി ഡോ. സുധിൻ ഡാനിയേൽ നാല് മൈൽ നടത്തം ഉദ്ഘാടനം ചെയ്തു.

തുടർന്ന് ഡീയർ പാർക്കിന് സമീപത്തുകൂടിയുള്ള സെവൻ ബ്രിഡ്ജസ് വാക്കിംഗ് റൂട്ടിലൂടെ നാല് മൈൽ ദൂരമുള്ള സർക്കുലർ വാക്ക് ആരംഭിച്ചു. കടന്നുപോകുന്ന വഴികളിൽ ഏഴ് ബ്രിഡ്ജുകൾ ക്രോസ് ചെയ്യേണ്ടതുണ്ടായിരുന്നു. പ്രകൃതി ദുരന്തത്തിൽ പണ്ടെങ്ങോ വീണു കിടക്കുന്ന ഒരു മരം നിറയെ പുതിയതും പഴയതുമായ ഇംഗ്ലണ്ടിലെ ചെമ്പു നാണയങ്ങൾ അടിച്ചു കയറ്റിയിരിക്കുന്ന അത്യധികം ആകാംഷയുണർത്തുന്ന കാഴ്ച്ച നാല് മൈൽ വാക്കിലെ പ്രധാന ആകർഷണമായിരുന്നു.

കൂടാതെ ചരിത്രങ്ങൾ ഉറങ്ങുന്ന കാലഹരണപ്പെട്ട കെട്ടിടങ്ങളും, മീൻ വളരുന്ന ജലസംഭരിണിയും, തിങ്ങി നിറഞ്ഞ ഉൾക്കാടുകളും, വൻ മരങ്ങളും, താഴ്‌വാരങ്ങളും കൊച്ചു കൊച്ചരുവികളും കൊണ്ട് സമൃദ്ധമായ സെവൻ ബ്രിഡ്ജസ് വാക്കിംഗ് റൂട്ടിലൂടെയുള്ള നടത്തം ഒരു എക്സസൈസിനേക്കാളുപരി ആസ്വാദന സുഖമുള്ളതായിരുന്നു. ഒറ്റയ്ക്കും ചെറു ഗ്രൂപ്പുകളായിട്ടുമാണ് ആളുകൾ നടന്നു നീങ്ങിയത്. ഫോട്ടോഗ്രാഫിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമായതിനാൽ നടത്തത്തിനിടയിൽ ധാരാളം ചിത്രങ്ങളാണ് ആളുകൾ ക്യാമറയിൽ പകർത്തിയത്. നാല് മൈൽ ദൈർഘ്യമുള്ള നടത്തം ഏഴ് മണിയോടെ തുടങ്ങിയടുത്തു തന്നെ എത്തിച്ചേർന്നു. തുടർന്ന് യോർക്ഷയർ കേരളാ കമ്മ്യൂണിറ്റി പ്രസിഡൻ്റ് ബിനോയ് അലക്സ് ഫുഡ് ഫെസ്റ്റിലും നാല് മൈൽ നടത്തത്തിലും പങ്കുചേർന്ന എല്ലാവർക്കും നന്ദിപറഞ്ഞു.

പോഗ്രാമിൻ്റെ ശംബ്ദ നിയന്ത്രണം യോർക്ഷയറിലെ പ്രശസ്ത ഓർക്കസ്ട്ര ഗ്രൂപ്പ് സിംഫണി ഓർക്കസ്ട്ര കീത്തിലി നിർവ്വഹിച്ചു. ഫുഡ് ഫെസ്റ്റിൻ്റെ പ്രധാന സ്പോൺസർ പീകോക് മാനർ നേഴ്‌സിംഗ് ഹോം.