പാലക്കാട്ടുനിന്ന് കൊച്ചിയിലെ ലുലു മാള്‍ കാണാനായാണ് മങ്കര സ്വദേശി ചെമ്മുക കളരിക്കല്‍ വിഷ്ണുവും (22) പത്തിരിപ്പാല പള്ളത്തുപടി സുമിന്‍ കൃഷ്ണനും (20) പുറപ്പെട്ടത്. ട്രെയിനില്‍ ഷൊര്‍ണൂരില്‍ എത്തുമ്ബോഴാണ് പതിനെട്ടുകാരി വാതിലിനരികില്‍ കരഞ്ഞുനില്‍ക്കുന്നത് കണ്ടത്. വിഷ്ണുവും സുമിനും കാര്യം അന്വേഷിച്ചപ്പോള്‍ ഒന്നുമില്ലെന്നു പറഞ്ഞു. എന്നാല്‍, പന്തികേട് തോന്നിയ യുവാക്കള്‍ സൗമ്യമായി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ പ്രണയം തകര്‍ന്നതിന്റെ സങ്കടത്തില്‍ വീടുവിട്ട് ഇറങ്ങിയതാണെന്നു പറഞ്ഞ് പെണ്‍കുട്ടി പൊട്ടിക്കരയുകയായിരുന്നു.
കുട്ടി എറണാകുളത്തേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. യുവാക്കള്‍ പെണ്‍കുട്ടിയെ സമാധാനിപ്പിച്ച് ഭക്ഷണവും വാങ്ങിനല്‍കി. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ മൂവരും ലുലു മാളിലെത്തി, പെണ്‍കുട്ടിയുടെ ഫോണ്‍ ചോദിച്ചുവാങ്ങി. ഫോണ്‍ ഫ്‌ലൈറ്റ് മോഡിലായിരുന്നു. യുവാക്കള്‍ അമ്മയെ വിളിപ്പിച്ചപ്പോള്‍ മകളെ കാണാനില്ലെന്ന പരാതിയുമായി അച്ഛനും അമ്മയും പാലക്കാട് പൊലീസ് സ്റ്റേഷനിലാണെന്ന് പറഞ്ഞു.
യുവാക്കള്‍ നടന്ന സംഭവം പൊലീസിനോട് പറഞ്ഞു. പൊലീസ് പറഞ്ഞതനുസരിച്ച് ഇവര്‍ കുട്ടിയുമായി കളമശേരി പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് രാത്രി എട്ടോടെ ഇവിടെയെത്തിയ മാതാപിതാക്കളോടൊപ്പം കുട്ടിയെ പറഞ്ഞയച്ചു. ലുലു മാള്‍ കാണാന്‍ പറ്റിയില്ലെന്ന വിഷമമുണ്ടെങ്കിലും നല്ലൊരു കാര്യം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് വിഷ്ണുവും സുമിനും പറഞ്ഞു.
പാലക്കാട്ടെ ഹോട്ടല്‍ ജീവനക്കാരായ യുവാക്കള്‍ ലീവ് കിട്ടില്ലെന്നും തിരിച്ചുപോകുകയാണെന്നും പറഞ്ഞപ്പോള്‍ കളമശേരിയിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ അജിത് കുട്ടപ്പന്‍ ഹോട്ടല്‍ ഉടമയെ വിളിച്ച് നടന്നത് അറിയിക്കുകയും ഒരുദിവസംകൂടി ലീവ് നല്‍കണമെന്നും പറഞ്ഞു. ലീവ് അനുവദിച്ചതിനാല്‍ കളമശേരിയില്‍ രാത്രി തങ്ങാനുള്ള സൗകര്യവും ഭക്ഷണത്തിനുള്ള പണവും എഎസ്‌ഐ നല്‍കി. വ്യാഴാഴ്ച ലുലു മാള്‍ സന്ദര്‍ശിച്ചശേഷം യുവാക്കള്‍ നാട്ടിലേക്ക് മടങ്ങും. സമയോചിത ഇടപെടലും സത്യസന്ധതയും കൊണ്ട് പെണ്‍കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കളെ ഏല്‍പ്പിച്ച യുവാക്കളെ സ്റ്റേഷന്‍ എസ്‌എച്ച്‌ഒ പിആര്‍ സന്തോഷ് അഭിനന്ദിച്ചു.
Leave a Reply