തീര്‍ത്ഥാടനം
……………………
അജ്ഞാതമായ വീഥികളിലൂടെ വിധിലിഖിതമെന്നോണം
കാലമെന്നെ കൈ പിടിച്ചു നയിക്കുന്നു.
നാമകരണം ചെയ്യാത്തൊരു ഗ്രഹമെന്നപോലെ
ഞാനൊരു നക്ഷത്രത്തെ പ്രദക്ഷിണം ചെയ്യുന്നു.
അംഗുലീയങ്ങളൊഴിഞ്ഞ കരദ്വയങ്ങളാല്‍
സൂര്യബിംബത്തെ ഞാന്‍ സ്പര്‍ശിക്കുന്നു.
ദിഗ്വലയത്തില്‍ തിരോഭവിക്കുന്ന സൂര്യന്റെ മടിത്തട്ടില്‍
ശിരസ്സുചേര്‍ത്ത് ഞാന്‍ വിശ്രമിക്കുന്നു.
അസ്തമയത്തിനും ഉദയത്തിനും ഇടയിലുള്ള
ദൂരത്തെ ഒരു ദീര്‍ഘനിദ്രയാല്‍ തരണം ചെയ്യുന്നു.
പ്രകാശമേറ്റുണരുന്ന തളിരിലയെന്നപോലെ
സ്‌നേഹത്തെ ഞാന്‍ ആഗിരണംചെയ്യുന്നു.
വസന്തം ചുംബിച്ച ഭൂമിയിലെന്നവണ്ണം
കവിതകളെന്നില്‍
പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു.
പിറന്നു മരിക്കുന്ന ദിവസങ്ങളുടെ ദലസൂചികളില്‍
പദങ്ങളൂന്നി ഞാന്‍ നടക്കുന്നു.
കൊടുങ്കാറ്റ് നിര്‍മ്മിച്ച കടല്‍ച്ചുഴികളിലൂടെ
മത്സ്യകന്യകയെപ്പോലെ നൃത്തംചെയ്യുന്നു.
സ്വപ്നമോ സത്യമോ എന്ന് വേര്‍തിരിച്ചറിയാത്തൊരു
നിറവില്‍ എന്നിലൊരു കിളിക്കുഞ്ഞ് ചിറക് വിടര്‍ത്തുന്നു.
ഹൃദയത്തിന്റെ വിശുദ്ധസ്ഥലികളിലൂടെ സുതാര്യമായൊരു
തൂവല്‍പോലെ ഞാന്‍ തീര്‍ത്ഥാടനം തുടരുന്നു.
Leave a Reply