സ്പീക്കർ സ്ഥാനാർഥിത്വത്തെച്ചൊല്ലി ഇന്ത്യ സഖ്യത്തിൽ അതൃപ്തിയെന്ന് റിപ്പോർട്ടുകൾ. കൂടിയാലോചന നടത്തിയില്ലെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസും എൻ.സി.പിയും രംഗത്തെത്തിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷിനെ നാമനിർദേശം ചെയ്തത് കോൺഗ്രസിന്റെ ഏകപക്ഷീയമായ തീരുമാനമാണെന്നാണ് വിമർശനം.
തൃണമൂലുമായി വിഷയം ചർച്ച ചെയ്തിട്ടില്ലെന്ന് പാർട്ടിയുടെ നേതാവ് സുദീപ് ബന്ദോപാധ്യായ പറഞ്ഞു. ഇക്കാര്യം കോൺഗ്രസ് വിശദീകരിക്കണം. കൊടിക്കുന്നിലിനെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് പാർട്ടിയുമായി ചർച്ച നടത്തി തീരുമാനിക്കുമെന്നും എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
എന്നാൽ, അവസാനനിമിഷം ധൃതിയിലെടുത്ത തീരുമാനമായിരുന്നുവെന്നാണ് വിഷയത്തിൽ കോൺഗ്രസ് നൽകുന്ന വിശദീകരണം. ഉച്ചയ്ക്ക് സഭ പിരിയുന്നതിന് മുമ്പ് പത്ത് മിനിറ്റ് സമയം മാത്രമാണ് ലഭിച്ചത്. അതിനിടയിൽ കൂടിയാലോചനയ്ക്ക് സമയം ലഭിച്ചില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.
എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഓം ബിര്‍ളയും ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷും തമ്മിലാണ് ലോക്സഭാ സ്പീക്കര്‍ പദവിയിലേക്കുള്ള മത്സരം. മുഖ്യ പ്രതിപക്ഷകക്ഷിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമെന്നതാണ് ലോക്സഭയില്‍ കീഴ്വഴക്കമെങ്കിലും കഴിഞ്ഞ രണ്ടുതവണയും ഇത് നിഷേധിക്കപ്പെട്ടിരുന്നു. ഇത്തവണ പ്രതിപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും അംഗബലം ഉയര്‍ന്നതോടെ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ലഭിച്ചേതീരൂ എന്ന നിലപാടിലായിരുന്നു ഇന്ത്യ സഖ്യം.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ചനടത്തിയിരുന്നു. ഓം ബിര്‍ളയെ സ്പീക്കര്‍ പദവിയിലേക്ക് പിന്തുണയ്ക്കണമെന്ന് രാജ്‌നാഥ് ആവശ്യപ്പെട്ടു. എന്നാല്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവി വേണമെന്ന് ഖാര്‍ഗെ അടക്കമുള്ള ഇന്ത്യസഖ്യ നേതാക്കള്‍ നിലപാടെടുത്തു. എന്നാല്‍, അക്കാര്യം പിന്നീട് ചര്‍ച്ചചെയ്യാമെന്നായിരുന്നു രാജ്‌നാഥ് സ്വീകരിച്ച നിലപാട്. തുടര്‍ന്ന്, കെ.സി.വേണുഗോപാലടക്കമുള്ള ഇന്ത്യ നേതാക്കള്‍ ബിജെപി നേതൃത്വവുമായും സംസാരിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ പദവി വിട്ടുനല്‍കുമെന്ന് ബിജെപി നേതാക്കള്‍ ഉറപ്പ് നല്‍കാതായതോടെ മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയായിരുന്നു.
Leave a Reply