മുംബൈ: കോളിളക്കം സൃഷ്ടിച്ച ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരേ തെളിവില്ലെന്ന് എന്‍.സി.ബി.യുടെ കണ്ടെത്തല്‍. അന്താരാഷ്ട്ര ലഹരിമരുന്ന് സംഘവുമായോ ലഹരിമരുന്ന് കടത്തിന്റെ ഗൂഢാലോചനയിലോ ആര്യന്‍ ഖാന് ബന്ധമുണ്ടെന്നതിന് യാതൊരു തെളിവും ഇല്ലെന്നാണ് എന്‍.സി.ബി.യുടെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല, ആഡംബര കപ്പലില്‍ എന്‍.സി.ബി. സംഘം നടത്തിയ റെയ്ഡില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായും ചില ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കപ്പലില്‍നിന്ന് കസ്റ്റഡിയിലെടുക്കുമ്പോള്‍ ആര്യന്‍ ഖാന്റെ കൈവശം ലഹരിമരുന്ന് ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണോ ചാറ്റുകളോ പരിശോധിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. മാത്രമല്ല, ചാറ്റുകളില്‍നിന്ന് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘവുമായുള്ള ബന്ധം കണ്ടെത്താനായിട്ടില്ല. എന്‍.സി.ബി. നടത്തിയ റെയ്ഡിന്റെ വീഡിയോ പകര്‍ത്തിയിട്ടില്ല. ഒട്ടേറെ പ്രതികളില്‍നിന്ന് കണ്ടെടുത്ത ലഹരിമരുന്നെല്ലാം ഒരൊറ്റ തൊണ്ടിമുതലായാണ് കേസില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും എന്‍.സി.ബി.യുടെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ലഹരിപാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉയര്‍ന്നതോടെയാണ് അന്വേഷണം എന്‍.സി.ബി.യുടെ പ്രത്യേകസംഘം ഏറ്റെടുത്തത്. രണ്ടുമാസത്തിനകം കേസിലെ അന്വേഷണം പൂര്‍ത്തിയാക്കി എന്‍.സി.ബി. ഡയറക്ടര്‍ ജനറല്‍ എസ്.എന്‍. പ്രധാന് പ്രത്യേകസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എന്നാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് അന്വേഷണസംഘം നിയമോപദേശം തേടുമെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലഹരിമരുന്ന് കൈവശം വെച്ചിട്ടില്ലെങ്കിലും ലഹരിമരുന്ന് ഉപയോഗിച്ചതിന് ആര്യന്‍ഖാനെതിരേ കുറ്റം ചുമത്താനാകുമോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് നിയമോപദേശം തേടുക.
Leave a Reply