ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡാർട്ട്‌ഫോർഡ് ടണലും ക്വീൻ എലിസബത്ത് II ബ്രിഡ്ജും ഉൾപ്പെടുന്ന ഡാർട്ട്‌ഫോർഡ് ക്രോസിംഗിനായുള്ള ഇലക്ട്രോണിക് പേയ്‌മെൻ്റ് സംവിധാനമാണ് ഡാർട്ട് ചാർജ്. ഇംഗ്ലണ്ടിലെ കെൻ്റിൽ തെംസ് നദിക്ക് കുറുകെയുള്ള ഒരു പ്രധാന പാതയാണ് ഡാർട്ട്ഫോർഡ് ക്രോസിംഗ്. ഇതുവഴി പോകുന്ന വാഹനങ്ങൾക്ക് ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ ചാർജ് ഈടാക്കുകയാണ് ചെയ്യുന്നത്. അതായത് പണം പിരിക്കാനുള്ള ടോൾ ബൂത്തുകൾ ഇവിടെ പ്രവർത്തിക്കുന്നില്ല. അതിനുപകരം ക്യാമറകൾ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മനസ്സിലാക്കുകയും ചാർജുകൾ നിശ്ചയിക്കുകയുമാണ് ചെയ്യുന്നത്. വാഹനത്തിനും സമയത്തിനും അനുസരിച്ച് ചാർജുകൾ വ്യത്യസ്തപ്പെട്ടിരിക്കുന്നു . അനുവദനീയമായ സമയപരിധിക്കുള്ളിൽ പണം അടച്ചില്ലെങ്കിൽ വാഹന ഉടമയ്ക്ക് പെനാൽറ്റി നോട്ടീസ് നേരിടേണ്ടി വരും. ഗതാഗതം സുഗമമാക്കുന്നതിനും ക്രോസിംഗിലെ തിരക്ക് കുറയ്ക്കുന്നതിനുമാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.


എന്നാൽ ഒരിക്കലും ഡാർട്ട്ഫോർഡ് ക്രോസിംഗിൽ കൂടി പോകാത്ത വാഹനങ്ങൾക്കും ഡാർട്ട് ചാർജ് ചുമത്തി കൊണ്ടുള്ള അറിയിപ്പ് ലഭിച്ചതാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. അവിടെനിന്ന് നൂറുകണക്കിന് മൈലുകൾ അകലെയുള്ള ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ബറിയിൽ താമസിക്കുന്ന ആൻമേരിക്ക് ഈ രീതിയിൽ പെനാൽറ്റി നോട്ടീസ് വന്നത് വാർത്തയാക്കിയിരിക്കുകയാണ് ബിബിസി. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഒരിക്കലും അവിടെ പോയിട്ടില്ലെങ്കിലും ഡാർട്ട്‌ഫോർഡ് ക്രോസിംഗിൽ പണമടയ്ക്കാത്തതിന് പിഴ ലഭിച്ചതായി യുകെയിലെമ്പാടുമുള്ള ഡ്രൈവർമാർ പറഞ്ഞു.


സമാന ലൈസൻസ് പ്ലേറ്റുള്ള വാഹനങ്ങളെ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകൾ തെറ്റായി തിരിച്ചറിയുന്നതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. പലർക്കും ഈ രീതിയിൽ ഒന്നിൽ കൂടുതൽ തവണ പിഴ ചുമത്തി കൊണ്ടുള്ള നോട്ടീസ് ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ബറിയിൽ നിന്നുള്ള ഡെപ്യൂട്ടി ഹെഡ് ടീച്ചറായ ആൻ മേരി കെൻയോണിന് രണ്ട് പിഴകളാണ് ലഭിച്ചത്. ആദ്യത്തേത് ഏപ്രിലിലും രണ്ടാമത്തേത് ജൂണിലും. അവർ ഒരിക്കലും ഡാർട്ട്ഫോർഡ് ക്രോസിംഗിൽ കൂടി വാഹനം ഓടിച്ചിട്ടില്ല. പരാതിപ്പെട്ടതിനെ തുടർന്ന് രണ്ട് പിഴയും റദ്ദാക്കപ്പെട്ടിരുന്നു. എന്നാൽ സമാന രീതിയിലുള്ള പിഴ ചുമത്തലുകൾ ഇനിയും ആവർത്തിക്കപ്പെടുമോ എന്ന ആശങ്കയിലാണെണ് ആൻ മേരി. ഡാർട്ട്ഫോർഡ് ക്രോസിംഗിൽ ടോൾ പിരിക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത് കണ്ടിയുവെൻ്റ് പബ്ലിക് സെക്ടർ യുകെ ലിമിറ്റഡിനെയാണ്. 2021ൽ നാഷണൽ ഹൈവേയിൽ നിന്ന് 150 മില്യൺ പൗണ്ടിനാണ്, കണ്ടിയുവെൻ്റ് പബ്ലിക് സെക്ടർ യുകെ ലിമിറ്റഡ് കരാർ നേടിയത്.