രാജ്യത്തെ എമര്‍ജന്‍സി സര്‍വീസുകളെ ബഹുമാനിക്കാന്‍ പുതിയ ദിവസം പ്രഖ്യാപിച്ച് പ്രധാനമന്ത്രി തെരേസ മേയ്. സെപ്റ്റംബര്‍ മാസം 9 ആണ് എമര്‍ജന്‍സി സര്‍വീസ് ഡേ ആയി പ്രഖ്യാപിച്ചിരിക്കുന്നത്. ഒമ്പതാമത്തെ മാസത്തെ ഒമ്പതാം ദിവസം ഒമ്പതാം മണിക്കൂറിലാണ് പുതിയ എമര്‍ജന്‍സി സര്‍വീസ് ദിവസം ആരംഭിക്കുന്നത്. 999 ഡേ എന്നു കൂടി ഈ ദിനാചരണത്തിന് പേര് നല്‍കിയിട്ടുണ്ട്. ആംഡ് ഫോഴ്‌സസ് ഡേയുടെ വിജയകരമായ ആചരണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ദിവസം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് പൊതുസേവകരുടെ ത്യാഗത്തെയും ധൈര്യത്തെയും സ്മരിക്കുന്നതിനായി ഒരു ദേശീയ സ്മാരകം നിര്‍മിക്കുന്നതിനായി നാഷണല്‍ എമര്‍ജന്‍സി സര്‍വീസസ് മെമ്മോറിയല്‍ എന്ന ചാരിറ്റിക്ക് പ്രധാനമന്ത്രിയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
ഈ ഉദ്യമത്തിനായി ചാരിറ്റി 2 മില്യന്‍ പൗണ്ട് സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ദൗത്യങ്ങള്‍ക്കിടെ ജീവന്‍ നഷ്ടമായ ഏഴായിരത്തിലേറെ എമര്‍ജന്‍സി ജീവനക്കാരെയും ഈ മേഖലയില്‍ ജോലി ചെയ്യുന്ന പത്തു ലക്ഷത്തിലേറെ ജീവനക്കാരെയും ആദരിക്കാനാണ് സ്മാരകം നിര്‍മിക്കുന്നത്. ഈ സ്മാരകം നിര്‍മിക്കാനും ദേശീയ എമര്‍ജന്‍സി സര്‍വീസസ് ദിനം ആചരിക്കാനുമുള്ള പ്രഖ്യാപനം അഭിമാനത്തോടെയാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ അടിയന്തരാവശ്യങ്ങളില്‍ എമര്‍ജന്‍സി സര്‍വീസുകളിലുള്ള സ്ത്രീകളും പുരുഷന്‍മാരും നമുക്കൊപ്പം ഓടിയെത്താറുണ്ട്. ഒരു രാഷ്ട്രമെന്ന നിലയില്‍ ഇവരുടെ ത്യാഗത്തോടും ധൈര്യത്തോടും നാം കടപ്പെട്ടവരാണ്.
ഈ പ്രത്യേക ദിനത്തില്‍ ഇവര്‍ നല്‍കുന്ന അതുല്യമായ സേവനത്തെ നാം ആദരിക്കേണ്ടതാണെന്നും അവര്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 9ന് മാഞ്ചസ്റ്ററിലെ ഹീറ്റണ്‍ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് ദിനാചരണത്തിന് ആരംഭമാകും. സെപ്റ്റംബര്‍ 7ന് മാഞ്ചസ്റ്റര്‍ കത്തീഡ്രലില്‍ നടക്കുന്ന താങ്ക്‌സ് ഗിവിങ് സര്‍വീസില്‍ പോലീസ്, ഫയര്‍, 999 ജീവനക്കാര്‍ എന്നിവരും മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ പോലീസിംഗ് ആന്‍ഡ് ഫയര്‍ സര്‍വീസ് ആയ നിക്ക് ഹെര്‍ഡും പങ്കെടുക്കും.
Leave a Reply