ബ്രിട്ടനിൽ പ്രധാനമന്ത്രി തെരേസ മേയ് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കൺസർവേറ്റീവ് പാർട്ടിക്കു വ്യക്തമായ ഭൂരിപക്ഷമുള്ള പാർലമെന്റിന്റെ കാലാവധി തീരാൻ മൂന്നുവർഷം ബാക്കിയുള്ളപ്പോഴാണ് അപ്രതീക്ഷിതമായി ഏവരെയും ഞെട്ടിച്ചുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം. ജൂൺ എട്ട്, വ്യാഴാഴ്ച പൊതുതിരഞ്ഞടുപ്പ് നടത്താൻ അനുമതി തേടിക്കൊണ്ടുള്ള പ്രമേയം നാളെ രാവിലെ പ്രധാനമന്ത്രി പാർലമെന്റിൽ അവതരിപ്പിക്കും. കാലാവധി തീരുംമുമ്പ് തിരഞ്ഞെടുപ്പു നടത്താൻ പാർലമെന്റിൽ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ അനിവാര്യമാണ്. സർക്കാർ ഇടക്കാല തിരഞ്ഞെടുപ്പിനു തയാറായാൽ പിന്തുണയ്ക്കുമെന്ന് മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈസാഹചര്യത്തിൽ ബില്ല് പാസാകാൻ തടസമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.

നേരത്തെ തിരഞ്ഞെടുപ്പു നടത്താനുള്ള തീരുമാനം ഇന്നു രാവിലെ 11.15ന് അത്യന്തം നാടകീയമായാണ് പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ചത്. ഔദ്യോഗിക വസതിക്കു പുറത്ത് വാർത്താസമ്മേളനത്തിലായിരുന്നു അപ്രതീക്ഷിതമായ ഈ പ്രഖ്യാപനം.

ബ്രെക്സിറ്റിനായി ജനങ്ങളെടുത്ത തീരുമാനം നടപ്പിലാക്കാൻ രാജ്യത്തിനു കൂടുതൽ രാഷ്ട്രീയ സ്ഥിരതയും ശക്തമായ നേതൃത്വവും ആവശ്യമാണെന്നും പുതിയൊരു തിരഞ്ഞടുപ്പിലൂടെ ഇത് സാധ്യമാക്കാനാണ് തന്റെ സർക്കാർ ഉദ്ദേശിക്കുന്നതെന്നും തെരേസ മേയ് പറഞ്ഞു. നേരത്തെ ഇടക്കാല തിരഞ്ഞടുപ്പിനുള്ള സാധ്യതകൾ തള്ളിക്കളഞ്ഞിരുന്ന പ്രധാനമന്ത്രി മുൻ നിലപാടുകളിൽ മാറ്റം വരുത്തിയാണ് ഇപ്പോൾ തിരഞ്ഞടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ സ്വതന്ത്ര സ്കോട്ട്ലൻഡിനായി സ്കോട്ടിഷ് നാഷണൽ പാർട്ടി (എസ്എൻപി) വീണ്ടും ഹിതപരിശോധന ആവശ്യപ്പെടുന്നതും ചർച്ചകളിൽ ഉരുത്തിരിയുന്ന അവസാന ഉടമ്പടി വ്യവസ്ഥകൾ പാർലമെന്റ് അംഗീകരിക്കാതിരിക്കുമോയെന്ന ആശങ്കയുമാണ് തിരഞ്ഞടുപ്പിന് തെരേസ മേയെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങൾ.

ബ്രെക്സിറ്റ് ചർച്ചകൾ ചൂടുപിടിക്കുന്നതിനു മുമ്പ് തിരഞ്ഞടുപ്പ് നടത്തി കൂടുതൽ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് അവരുടെ ലക്ഷ്യം. മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടി ക്ഷീണിച്ചുനിൽക്കുന്ന ഈ ഘട്ടത്തിൽ തിരഞ്ഞെടുപ്പു നടത്തിയാൽ കൂടുതൽ സീറ്റോടെ അധികാരത്തിൽ തിരിച്ചെത്താനാകുമെന്നാണ് തെരേസയുടെ പ്രതീക്ഷ.