ലണ്ടന്‍: തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ പത്ത് സീറ്റുകളില്‍ വിജയിച്ച ഡെമോക്രാറ്റിക് യുണിയനിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തെരേസ മേയുടെ നീക്കത്തിനെതിരെ പ്രതിഷേധം. നൂറുകണക്കിന് ആളുകള്‍ ഇന്നലെ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധവുമായെത്തി. ഡിയുപിക്കും ടോറികള്‍ക്കും എതിരെയുള്ള മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. ലേബര്‍ നേതാവ് ജെറമി കോര്‍ബിന് അനുകൂലമായ മുദ്രാവാക്യങ്ങളും ഇവര്‍ മുഴക്കി.
ഡിയുപിയുടെ പിന്തിരിപ്പന്‍ നയങ്ങളിലുള്ള പ്രതിഷേധമാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്. സ്വവര്‍ഗ വിവാഹത്തിലും ഗര്‍ഭച്ഛിദ്രത്തിലും മറ്റും ഡിയുപി സ്വീകരിച്ചിട്ടുള്ള പ്രഖ്യാപിത പിന്തിരിപ്പന്‍ നിലപാടുകളാണ് ജനങ്ങളെ പ്രകോപിതരാക്കുന്നത്. സ്റ്റാന്‍ഡ് അപ് ടു റേസിസം, സ്റ്റോപ്പ് ദി വാര്‍ കോയാലിഷന്‍ എന്നീ സംഘടനകളുടെ നേതാക്കള്‍ പ്രകടനത്തെ അഭിസംബോധന ചെയ്തു. കോര്‍ബിന്റെ പേര് പരാമര്‍ശിത്തപ്പോളൊക്കെ ജനങ്ങള്‍ ആരവങ്ങള്‍ മുഴക്കുന്നുണ്ടായിരുന്നു.
ഡൗണിംഗ് സ്ട്രീറ്റിനു മുന്നില്‍ പൊലീസ് പ്രകടനക്കാരെ തടഞ്ഞു. ഡിയുപി സഖ്യത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ രണ്ടാം ദിവസമാണ് പ്രകടനം നടന്നത്. സഖ്യത്തിനെതിരെ ആരംഭിച്ച ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒരുദിവസത്തിനുള്ളില്‍ 5 ലക്ഷത്തിലേറെപ്പേരാണ് ഒപ്പു വെച്ചത്.
Leave a Reply