ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം. ബോറിസ് ജോൺസണും ജെറമി ഹണ്ടും തമ്മിലുള്ള പോരാട്ടത്തിൽ മുൻതൂക്കം ജോൺസന് തന്നെയാണ്. സ്ഥാനമൊഴിയുന്ന പ്രധനമന്ത്രി തെരേസ മേ, ബ്രെക്സിറ്റിനെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ പറയുകയുണ്ടായി. ഇനി പ്രധനമന്ത്രി ആവുന്ന ആൾ ബ്രെക്സിറ്റ് കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും പാർലമെന്റിലൂടെ ഒരു കരാർ നടപ്പാക്കാൻ ശ്രമിക്കണമെന്നും മേ അഭിപ്രായപ്പെട്ടു. ബ്രെക്സിറ്റ് വിഷയത്തിൽ ബോറിസ് ജോൺസന്റെ നിലപാടിനെ പ്രതികൂലിച്ച്, മേ ഇപ്രകാരം പറഞ്ഞു. “ബ്രെക്സിറ്റിനെ പറ്റിയുള്ള ബോറിസിന്റെ മനോഭാവം രാജ്യത്തെ എങ്ങും എത്തിക്കില്ല. ബോറിസ് ഭാവിയെ പറ്റി ചിന്തിക്കുന്നില്ല. ”
ഒക്ടോബർ 31കൊണ്ട് തന്നെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുമെന്നാണ് ജോൺസൻ പറയുന്നത്. മേ ഇപ്രകാരം കൂട്ടിച്ചേർത്തു “ഒരു നല്ല കരാർ ലഭിച്ചു. പക്ഷേ അത് നടപ്പിലാക്കാൻ വേണ്ട ഭൂരിപക്ഷം എനിക്ക് ലഭിച്ചില്ല. എന്റെ പിൻഗാമി വേണം ഇനി രാജ്യത്തെ മുന്നോട്ട് നയിക്കാൻ. ” എന്നാൽ പുതിയ പിൻവലിക്കൽ കരാർ നേടുന്നതിലൂടെയാണ് യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാനുള്ള ഏറ്റവും വേഗമേറിയ മാർഗമെന്നും യൂണിയനിൽ നിന്ന് പുറത്തുപോകാൻ ഒരു നിശ്ചിത തീയതി ഉറപ്പ് നൽകുന്നത് ഒരു വ്യാജ ചർച്ചയാണെന്നും ജെറമി ഹണ്ട് പറഞ്ഞു.ബ്രസൽസിൽ നടന്ന ഉച്ചകോടിയിൽ അവസാനമായി തെരേസ മേ ഇപ്രകാരം പറഞ്ഞു “താൻ പ്രധാനമന്ത്രി ആയിരുന്ന കാലഘട്ടങ്ങളിൽ നേടിയതിലൊക്കെ അഭിമാനമുണ്ട്.പ്രത്യേകിച്ച് പാരിസ്ഥിതിക പ്രശ്നത്തിലും സുരക്ഷ ഭീക്ഷണിയിലും എടുത്ത തീരുമാനങ്ങൾ. ബ്രെക്സിറ്റിനെകുറിച്ച് കഠിനവും ദീർഘവുമായ ചർച്ചകൾ ഞങ്ങൾ നടത്തിയിട്ടുണ്ട്.യൂറോപ്യൻ യൂണിയനിൽ നിന്ന് ഞങ്ങൾ പുറത്ത് പോയാലും 27 അംഗരാജ്യങ്ങളുമായുള്ള ഞങ്ങളുടെ ബന്ധം തുടരും. അവർ ഞങ്ങളുടെ ഏറ്റവും അടുത്ത അയൽവാസികളാണ്. അവരുമായി ഒത്തൊരുമിച്ചു തന്നെ പോകും “. മേയുടെ പിൻഗാമി ബ്രെക്സിറ്റിനെ എങ്ങനെ നേരിടുമെന്നാണ് ഇനി കാണേണ്ടത്.
Leave a Reply